നറു പുഞ്ചിരി സമ്മാനപ്പൊതിയുമായി ബത്തേരി നഗരസഭ
1226463
Saturday, October 1, 2022 12:29 AM IST
കൽപ്പറ്റ: ബത്തേരി നഗരസഭയുടെ ’ഹാപ്പി ഹാപ്പി ബത്തേരി’ പരിപാടിയുടെ ഭാഗമായി നടക്കുന്ന ’നറു പുഞ്ചിരി’ പദ്ധതിക്ക് പിന്തുണയേറുന്നു. നവജാത ശിശുക്കളെ വരവേൽക്കുന്നതിനായി നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് നറുപുഞ്ചിരി. നഗരസഭയുടെ പരിധിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും മെഡലും സമ്മാനപ്പൊതികളും നൽകിയാണ് വരവേൽക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ പദ്ധതിയിൽ കുഞ്ഞുങ്ങൾക്ക് മെഡലുകളും സമ്മാനപ്പൊതികളും നഗരസഭാ ഭാരവാഹികൾ വീടുകളിൽ എത്തിയാണ് നൽകുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. പദ്ധതിയിലേക്ക് ഗിഫ്റ്റ് ബോക്സുകൾ സന്നദ്ധ സംഘടനകളും നൽകാറുണ്ട്. ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പദ്ധതിയിലേക്കുള്ള ബേബി പാക്കറ്റുകൾ നഗരസഭ ചെയർമാൻ ടി.കെ. രമേശിന് കൈമാറി.
നറു പുഞ്ചിയുടെ പ്രവർത്തനവുമായി സഹകരിച്ച ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെ നഗരസഭ അഭിനന്ദിച്ചു. പദ്ധതിക്കായി മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് നഗരസഭ ചെയർമാർ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാമില ജുനൈസ്, ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മൂഴയിൽ, സെക്രട്ടറി യു.എ. അബ്ദുൾ മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.