പഠന മികവിന് സ്കൂളുകൾക്ക് ഗ്രാന്റ് നൽകണമെന്ന്
1565510
Saturday, June 7, 2025 5:33 AM IST
കോടഞ്ചേരി: സംസ്ഥാനത്തെ സ്കൂളുകളുടെ പഠന നിലവാരത്തിനനുസരിച്ച് എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിൽ ഗ്രേഡിംഗ് നടത്തി ഗ്രാന്റ് അനുവദിക്കണമെന്ന് കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ ആവശ്യപ്പെട്ടു.
കെഎസ്സി -എം സംസ്ഥാന വ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്ക് നൽകി വരുന്ന പഠനോപകരണ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുറമ്പാത്തി ഗവ. എൽപി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗം ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, കെഎസ്സി-എം സംസ്ഥാന ജനറൽ സെക്രട്ടറി അനേക് തോണിപ്പാറ,എം.പി. സിന്ധു, പിടിഎ പ്രസിഡന്റ് അൻവർ പാണക്കോട്ടിൽ, എസ്എംസി ചെയർമാൻ സുധീർ തച്ചംപറമ്പിൽ,
ജോൺസൺ പാലയ്ക്കാപ്രായിൽ, അബ്ദുറഹ്മാൻ, കെഎസ്സി -എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനിൽ മാവേലിൽ, ജേക്കബ് ഷൈൻ, കെ.ജെ. ലിയോ, സ്റ്റീവ് സെബാസ്റ്റ്യൻസ് തുടങ്ങിയവർ പ്രസംഗിച്ചു.