സാങ്കേതിക വൈദഗ്ധ്യ മികവില്‍ ദയാപുരം സ്കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റ്
1467418
Friday, November 8, 2024 5:54 AM IST
ചാത്തമംഗലം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റിന്റെ ഏഴാമത് എഡിഷന് ലോകാരോഗ്യ സംഘടനയുടെ കൊളാബറേറ്റിംഗ് സെന്റർ ഡയറക്ടർ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യയ്ക്കൊപ്പം ഓടിയെത്താന്‍ ഉപഭോക്താവ് എന്ന നിലയില്‍പ്പോലും പ്രയാസമാകുന്ന ഇക്കാലത്ത് അവയുടെ നിർമാതാക്കളായി വിദ്യാർഥികളെ വളർത്തുകയെന്നത് വിപ്ലവകരമായ കാഴ്ചപ്പാടാണെന്ന് ഡോ. സുരേഷ് കുമാർ പറഞ്ഞു.
ടെക്നോളജിയിലേക്കു പിറന്നുവീഴുന്ന പുതിയ തലമുറയ്ക്ക് ഈ രംഗം താരതമ്യേന സ്വാഭാവികമായി മാറിയിട്ടുണ്ടെന്നും ചെറിയ ക്ലാസുകള്‍ മുതലുള്ള ഡിജിറ്റല്‍ പഠനത്തിനും പ്രോജക്ടുകളുടെ പ്രദർശനത്തിനും സർവവിധ സംവിധാനങ്ങളുമായി സ്കൂള്‍ പിന്തുണയ്ക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചു വിഭാഗങ്ങളിലായി 182 പ്രോജക്ടുകള്‍ വിദ്യാർഥികൾ അവതരിപ്പിച്ചു.
ഉദ്ഘാടനസമ്മേളനത്തില്‍ ദയാപുരം ട്രസ്റ്റ് ചെയർമാന് കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പി. ജ്യോതി ആമുഖപ്രഭാഷണം നടത്തി. ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദിൽ വിധികർത്താക്കള്ക്കള്ക്ക് ഉപഹാരം നൽകി ആദരിച്ചു.