കക്കയത്തിന്റെ യശസ് ഉയർത്തിയ ഷിൽജിക്കും കീർത്തിക്കും ജന്മനാട്ടിൽ സ്വീകരണം
1477948
Sunday, November 10, 2024 6:15 AM IST
കൂരാച്ചുണ്ട്: സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ സീനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീമിന്റെ ക്യാപ്റ്റനും ടീമംഗവുമായ കൂരാച്ചുണ്ട് കക്കയം സ്വദേശിനികളായ ഷിൽജി ഷാജി, കീർത്തി സുരേഷ് എന്നിവർക്ക് ജന്മനാടായ കക്കയത്ത് സ്വീകരണം.
ഇരുവരും കാൽപന്ത് കളിക്ക് തുടക്കമിട്ട കക്കയം പഞ്ചവടിയിലെ മൈതാനത്ത് വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കുന്ന താരങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. ഇരുവരും പരസ്പരം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
ദേശീയ മത്സരങ്ങളിൽ പോലും ഫുട്ബോളിൽ മാസ്മരികത തീർക്കുന്ന താരമാണ് ഷിൽജി ഷാജി. സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ നാലു മത്സരങ്ങളിലായി പതിനഞ്ച് ഗോളുകളാണ് ഷിൽജിയുടെ ബൂട്ടിൽ നിന്നും ഉതിർത്തത്.