അക്ഷയ കേന്ദ്രത്തിനെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന്
1467424
Friday, November 8, 2024 5:54 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അക്ഷയ കേന്ദ്രത്തിനെതിരേ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് അക്ഷയ കേന്ദ്രം മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തിയെന്നും സ്ഥാപനത്തിൽ വരുന്നവരോട് മോശമായി പെരുമാറുന്നുവെന്നുമുള്ള ആരോപണം തെളിയിക്കണമെന്നും അക്ഷയ കേന്ദ്രം അധികൃതർ ആവശ്യപ്പെട്ടു.
അക്ഷയ കേന്ദ്രങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിന് സഹായിക്കുന്ന സ്ഥാപനമാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തീരുമാനമെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പുകളാണ്. സർട്ടിഫിക്കറ്റുകൾ അറ്റാച്ച് ചെയ്ത് നൽകുന്നതുമായി ബന്ധപ്പെട്ട് ഏഴ് ദിവസത്തെ സമയം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി വേഗത്തിൽ പൂർത്തിയാക്കി നൽകാറുണ്ട്. അക്ഷയ കേന്ദ്രത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരേ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നിമിൽ തോമസ്, വി.ജെ. സിബി എന്നിവർ അറിയിച്ചു.