പോലീസ് പിടികൂടിയത് ഏഴ് കിലോ കഞ്ചാവ്
1478429
Tuesday, November 12, 2024 6:22 AM IST
കോഴിക്കോട് : കഴിഞ്ഞ ദിവസം രാമാനാട്ടുകര മേൽപാലത്തിന് താഴെ വച്ച് കഞ്ചാവുമായി പിടികൂടിയ പ്രതിയുടെ താമസസ്ഥലത്തു നിന്നും വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് കിലോ കഞ്ചാവുമായി കാസർകോഡ് ബദിയടുക്ക കോബ്രാജ ഹൗസിൽ ജി.സി ശ്രീജിത്തി(30) നെ കഴിഞ്ഞ ദിവസം പിടി കൂടിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് ശ്രീജിത്തിനെ ഫറോക്ക് പോലീസും ഡാൻസാഫ് ടീമും കുറ്റികാട്ടൂരിൽ എത്തിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞ് വച്ച നിലയിൽ ഏഴ് കിലോ മൂന്നൂറ്റി പതിനഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്. കാസർകോട്
ഭാഗത്തുനിന്നും വലിയ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് ജില്ലയിലെ പല ഭാഗങ്ങളിലും വാടകയ്ക്ക് റൂം എടുത്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. അതിഥി തൊഴിലാളികൾ ഏറെയുള്ള കുറ്റിക്കാട്ടൂർ ഇതിനു വേണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. പ്രതി വിൽപനക്കായി കൊണ്ടുവന്ന ആകെ ഒൻപത് കിലോ മൂന്നൂറ്റി പതിനഞ്ച് ഗ്രാം കഞ്ചാവ് ഇതിനകം പോലീസ് കണ്ടെടുത്തു .
പിടി കൂടിയ കഞ്ചാവിന് വിപണിയിൽ മൂന്നര ലക്ഷം രൂപ വിലവരും. കഞ്ചാവുമായി പിടികൂടിയ ശ്രീജിത്ത് 12 വർഷം മുമ്പ് കോഴിക്കോട് ജില്ലയിലേക്ക് ഹോട്ടൽ ജോലിക്ക് വന്നതാണ്. പിന്നീട് പാളയം ഭാഗത്തുനിന്നും കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപന നടത്തിയ ഇയാൾ ഇന്ന് കിലോ കണക്കിന് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ്. കാറ്ററിംഗ് നടത്തിപ്പുകാരനാണെന്ന് പറഞ്ഞാണ് ജില്ലയിലെ പല ഭാഗങ്ങളിലും ഇയാൾ റൂം എടുക്കുന്നത്. റൂം എടുത്ത ശേഷം കഞ്ചാവ് അവിടെ സ്റ്റോക്ക് ചെയ്ത് വിതരണം ചെയ്യുന്ന രീതിയാണ്. ആർഭാടജീവിതം നയിക്കാൻ പണം കണ്ടെത്താനാണ് ഇയാൾ ലഹരി കച്ചവടം തുടങ്ങിയത്.