വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്
1467697
Saturday, November 9, 2024 6:25 AM IST
കോഴിക്കോട്: മുക്കം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സമാപനവേദി കൂട്ടത്തല്ലിന്റെ വേദിയായി. കലോത്സവമായിരുന്നുവെങ്കിലും കായികശേഷി തെളിയിക്കലായിരുന്നു ഏറ്റവും ഒടുവിലത്തെ ഇനം. വ്യാഴാഴ്ചരാത്രി വൈകിയായിരുന്നു സംഭവം. കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ വിധി നിര്‍ണ്ണയത്തില്‍ പരാതികളേറെ ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പങ്കുവെച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നീലേശ്വരം ഗവ. ഹയർസെക്കന്‍ഡറി സ്കൂളും ആതിഥേയരായ കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളുമാണ് ട്രോഫി പ
ങ്കിട്ടത്.
എന്നാല്‍, തങ്ങളാണ് യഥാര്‍ഥ ചാമ്പ്യന്മാരെന്നും പിടിഎം അനധികൃതമായി മത്സരാര്‍ഥികളെ തിരുകി കയറ്റിയും വിധി നിര്‍ണ്ണയത്തില്‍ കൃത്രിമ കാണിച്ചുമാണ് ട്രോഫിക്ക് അര്‍ഹത നേടിയതെന്നും ആരോപിച്ചു നീലേശ്വരം സ്കൂള്‍ അധികൃതര്‍ ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചത്തോടെയാണ് പ്രശ്നങ്ങള്‍ ആരംഭി
ച്ചത്.
വാക്കുതര്‍ക്കം കയ്യാങ്കളിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളി അധ്യാപകരും ഏറ്റെടുത്തതോടെ കൂട്ട അടിയിലാണ് കലാശിച്ചത്. ഒടുവില്‍ മറ്റ് അധ്യാപകരും വോളണ്ടിയര്‍മാരും ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവു വരുത്തിയത്. വിധിനിര്‍ണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അടിയന്തരപ്രമേയം പാസാക്കിയിട്ടുണ്ട്. നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം ഒഴിവാക്കി ഇന്നലെ നിരാഹാരസമരമിരുന്നു.