പൈപ്പ് ലൈന്‍ മാറ്റല്‍: വെല്‍ഡിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയായി
1467688
Saturday, November 9, 2024 6:25 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: വേങ്ങേരി അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയെ തുടര്‍ന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഇന്ന് പരിഹാരമാകും. ഇന്ന് വൈകുന്നേരത്തോടെ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാല് ദിവസങ്ങളിലായി നിലച്ച കുടിവെള്ള വിതരണം ഇന്നലെ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെല്‍ഡിംഗ് പ്രവൃത്തിയിലെ കാലതാമസം മൂലം നീണ്ടുപോകുകയായിരുന്നു.
വേദവ്യാസക്ക് മുന്പിലെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ ഏറെ പാലിക്കേണ്ടതിനാലാണ് വെല്‍ഡിംഗ് പ്രവൃത്തിക്ക് സമയമെടുത്തത്. വെല്‍ഡിംഗ് പൂര്‍ത്തിയാക്കി ഈ ഭാഗം കോണ്‍ ക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇനി ഇവിടെ വെള്ളം പമ്പ് ചെയ്ത് മര്‍ദം പരിശോധന നടത്തിയശേഷമേ കുടിവെള്ള വിതരണം ആരംഭിക്കൂ. വേങ്ങേരി ബൈപാസ് ജംഗ്ഷന്, തടമ്പാട്ടുതാഴം അടിപ്പാതക്ക് സമീപം, ഫ്ലോറിക്കൻ റോഡ്, വേദവ്യാസ ജംഗ്ഷന് പരിസരം എന്നിവിടങ്ങളിലാണ് ഒന്നര മീറ്ററോളം വ്യാസമുള്ള പഴയ പൈപ്പിൽ പുതിയത് കൂട്ടിയോജിപ്പിക്കുന്നത്. മുറിക്കൽ, യോജിപ്പിക്കൽ, വെൽഡിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പ്രവൃത്തി നടന്നത്.
ആവശ്യത്തിനുള്ള ജലം കിട്ടാതായതോടെ കൂള്‍ബാറുകളും ഹോട്ടലുകളുമെല്ലാം പലയിടങ്ങളിലും അടച്ചു പൂട്ടുകയായിരുന്നു. തീരദേശ മേഖലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ശുദ്ധജലം ലഭിക്കാത്ത മേഖലകളില്‍ കോര്പറേഷന് രാത്രിയിലും ടാങ്കര്‍ ലോറികളില്‍ വിതരണം തുടരുന്നുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലും നഗരത്തിലെ ഫ്ലാറ്റുകളിലും വെള്ളമെത്തിക്കുന്നുണ്ട്. 2000, 3000 ലിറ്റര്‍ ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നത്. കോര്പറേഷന് നിലവിലുള്ള നാല് വാഹനങ്ങള്‍ക്കുപുറമേ നാല് ടാങ്കറുകളില്ക്കൂടിയാണ് ജലവിതരണം നടത്തുന്നത്. രാവിലെ ഏഴുമുതല്‍ 5000, 2000 ലിറ്ററുകളുടെ രണ്ടുവീതം അധികടാങ്കറുകളാണ് ജലവിതരണം നടത്തുന്നത്.