ക്ഷാമമുള്ള പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ നടപടിയില്ല
1467069
Thursday, November 7, 2024 12:59 AM IST
കോഴിക്കോട്: വേങ്ങേരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റുന്നതിനു വേണ്ടി കോഴിക്കോട് കോര്‍പറേഷനിലും ജില്ലയിലെ 13 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും കുടിവെള്ള വിതരണം നിറുത്തിവച്ചിട്ട് ഇന്നു മൂന്നു ദിവസമാകുമ്പോള്‍, കുടിവെള്ളക്ഷാമം രൂക്ഷമായ കൂടുതല്‍ പ്രദേശങ്ങളില്‍ താല്‍ക്കാലികമായിപോലും വെള്ളം വിതരണം നടപടി സ്വീകരിക്കാതെ വാട്ടര്‍ അഥോറിറ്റിയും കോഴിക്കോട് കോര്‍പറേഷനും.
സ്വന്തമായി ടാങ്കറുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളം വിതരണം ചെയ്യാന്‍ മൂന്നു ടാങ്കറുകള്‍ വിട്ടു നല്‍കാമെന്ന് കോര്പറേഷന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ടാങ്കര്‍ വിട്ടുനല്‍കിയില്ലെന്നും അധികൃതര്‍ പറഞ്ഞു.
വാട്ടര്‍ അഥോറിറ്റിയുടെ ഒരു ടാങ്കര്‍ ഉപയോഗിച്ച് ഇന്നലെ കോഴിക്കോട് കളക്ടറേറ്റില്‍ മൂന്നു ടാങ്കര്‍ വെള്ളം എത്തിച്ചു നല്കി. ഇന്നും കളക്ടറേറ്റില്‍ വെള്ളം നല്‍കും. പക്ഷേ കുടിവെള്ള ക്ഷാമമുള്ള മറ്റു പ്രദേശങ്ങളില്‍ വെള്ളം നല്കാന് വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. കച്ചവട സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ കുടിവെള്ള ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ ഇന്ന് വൈകീട്ടോടെ പൈപ്പ് മാറ്റല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാപ് അടക്കുന്ന വെല്‍ഡിംഗ് ജോലിയാണിനി അവശേഷിക്കുന്നത്. അത് ഇന്നു വൈകീട്ടോടെ പൂര്‍ത്തിയായേക്കും. ഉദേശിച്ച വിധം ഇന്നു പ്രവൃത്തി പൂര്‍ത്തിയായാലും പൈപ്പുകള്‍ ചാര്‍ജ് ചെയ്ത് നാളെയെ കുടിവെള്ള വിതരണം പുനരാരംഭിക്കാന്‍ കഴിയുകയുള്ളു.
ചൊവ്വാഴ്ചയാണ് കുടിവെള്ള വിതരണം നിറുത്തിവച്ചത്. വെള്ളം ശേഖരിച്ചുവയ്ക്കാന്‍ ആഴ്ചകള്‍ക്കു മുന്‍പേ വാട്ടര്‍ അഥോറിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അഞ്ചു ദിവസത്തേക്കുള്ള വെള്ളം സമാഹരിച്ചുവയ്ക്കാന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഓഫീസുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങളില്ലാത്തതാണ് കുടിവെള്ള ക്ഷാമത്തിനു വഴിതെളിച്ചിരിക്കുന്നത്.