ഇരട്ടത്താപ്പ് തുടർന്നാൽ പോലീസ് മറുപടി പറയേണ്ടി വരും: അഡ്വ. കെ. പ്രവീൺ കുമാർ
1467066
Thursday, November 7, 2024 12:59 AM IST
കൊയിലാണ്ടി: പന്തലായനിയിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തെരച്ചിൽ നടത്താൻ മടി കാണിക്കുന്ന പോലീസ് മറുപടി പറയേണ്ടി വരുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. പന്തലായനി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ പുലർച്ചെ തന്റെ കാർ മൂന്നിടങ്ങളിൽ തടഞ്ഞ് നിർത്തി പരിശോധിച്ചു. പിണറായി വിജയന്റെ ഉത്തരവിനോട് ഇത്രയേറെ അടിമത്വം കാണിക്കുന്ന പോലീസ് ഒരു കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത പ്രതികളെ പിടികൂടാൻ ഒരു സൈക്കിൾ പോലും പരിശോധിക്കുന്നില്ല. ഡിവൈഎഫ്ഐ പ്രവർത്തകരായതുകൊണ്ടാണ് പ്രതികളെ പിടികൂടാൻ പോലീസ് മടികാണിക്കുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ സമാധാന സത്യഗ്രഹത്തിന്റെ രൂപവും ഭാവവും മാറുമെന്നും പ്രവീൺ കുമാർ പറഞ്ഞു. സത്യാഗ്രഹ സമരത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം രാമചന്ദ്രൻ, രത്നവല്ലി, നാണു, ഡിസിസി സെക്രട്ടറിമാരായ അഡ്വ. കെ. വിജയൻ, വി.പി. ഭാസ്കരൻ, ഇ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.