കക്കയത്തെ സർവകക്ഷിയോഗ തീരുമാനം: ഡിഎഫ്ഒയുമായി ചർച്ച നടത്തി
1467065
Thursday, November 7, 2024 12:59 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതും വന്യജീവി ശല്യം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കയെ തുടർന്ന് കഴിഞ്ഞ മാസം 22-ന് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം കോഴിക്കോട് ഡിഎഫ്ഒ ആഷിക് അലിയുമായി ചർച്ച നടത്തി.
കക്കയത്ത് കാട്ടുപോത്ത് ആക്രമണമുണ്ടായ ഭാഗത്തെ ഫെൻസിംഗ് സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും കക്കയം വനസംരക്ഷണസമിതി പുനഃസംഘടിപ്പിച്ച് ജനകീയ കമ്മിറ്റി രൂപീകരിക്കണം, കക്കയത്തെ ഫോറസ്റ്റ് പ്രവേശന കൗണ്ടർ മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, ഉരക്കുഴി തൂക്കുപാലം നവീകരിച്ച് ഉപയോഗപ്രദമാക്കണം, കൂടാതെ വിനോദ സഞ്ചാരികൾക്കായി ഉരക്കുഴി ഭാഗത്തേക്ക് വാഹനസൗകര്യം ഏർപ്പെടുത്തണമെന്നും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണം തുടങ്ങിയ സർവകക്ഷി തീരുമാനങ്ങളാണ് ഡിഎഫ്ഒ യുമായി ചർച്ച ചെയ്തത്.
ഈ കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കുമെന്നും ടിക്കറ്റ് കൗണ്ടർ മാറ്റി സ്ഥാപിക്കില്ലെന്നും ഡിഎഫ്ഒ ഉറപ്പുനൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഡാർളി ഏബ്രഹാം, ജെസി ജോസഫ്, സർവകക്ഷി പ്രതിനിധി ബേബി തേക്കാനത്ത് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.