ചീഫ് ഇലക്ടറൽ ഓഫീസർ കൂടത്തായി എൽപി സ്കൂൾ സന്ദർശിച്ചു; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി
1467064
Thursday, November 7, 2024 12:59 AM IST
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന്റെ തിരുവമ്പാടി മണ്ഡലത്തിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കുന്ന കൂടത്തായി സെന്റ് മേരീസ് എല്‍പി സ്കൂളിൽ ചീഫ് ഇലക്ടറൽ ഓഫീസർ പ്രണബ്ജ്യോതി നാഥ് സന്ദർശനം നടത്തി. ഇവിഎം കമ്മീഷനിംഗ് നടപടികൾ നോക്കിക്കണ്ട അദ്ദേഹം വോട്ടെടുപ്പിന് ശേഷം ഇവിഎമ്മുകൾ സൂക്ഷിക്കുന്നതിന് ഇവിടെ സജ്ജമാക്കിയ സ്ട്രോംഗ് റൂം, വോട്ടെണ്ണലിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ എന്നിവയും അദ്ദേഹം വിലയിരുത്തി. സന്ദർശന വേളയിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ശീതൾ ജി. മോഹൻ തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സ്കൂളിലെ സന്ദർശനശേഷം താമരശേരി താലൂക്ക് ഓഫീസിൽ വച്ച് തിരുവമ്പാടി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങളിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ശക്തമായ പോലിസ് സംവിധാനം ഏർപ്പെടുത്തിയതായി കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പറഞ്ഞു. യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ശീതൾ ജി. മോഹൻ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ.എൻ. ബിന്ദു, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.