ഓമശേരിയെ സമ്പൂര്‍ണ ഹരിത വിദ്യാലയ പഞ്ചായത്തായി പ്രഖ്യാപിച്ചു
1467063
Thursday, November 7, 2024 12:59 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഹരിതപദവി നല്‍കിക്കൊണ്ട് ഓമശേരിയെ സമ്പൂര്‍ണ ഹരിത വിദ്യാലയ പഞ്ചായത്തായി പ്രഖ്യാപിച്ചു. 'ശുചിത്വ കേരളം സുന്ദര കേരളം' എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനം മുതല്‍ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 വരെ നീളുന്ന ജനകീയ കാമ്പയിന്റെ ഭാഗമായാണ് നടപടി. ശാസ്ത്രീയ ഖര-ദ്രവ മാലിന്യ സംസ്കരണം, മണ്-ജല സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം എന്നിവ പരിശോധിച്ച് മികവ് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പഞ്ചായത്തിലെ 11 ഗവ. എയ്ഡഡ് വിദ്യാലയങ്ങളെയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.
ഓമശേരി വിദ്യാപോഷിണി എല്‍പി സ്കൂള്‍, കെടയത്തൂര് എല്‍പി സ്കൂള്‍, ചാത്ത-വെണ്ണക്കോട് എല്‍പിസ്കൂള്‍, വേനപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെളിമണ്ണ യുപി സ്കൂള്‍, ചാമോറ എല്‍പിസ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് എപ്ലസ് ഗ്രേഡ് സര്‍ട്ടിഫിക്കറ്റും കൂടത്തായി ആസാദ് എല്‍പി സ്കൂള്‍, വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂള്‍, പുത്തൂര്‍ ഗവ.യുപി സ്കൂള്‍, കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍ എന്നിവക്ക് എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയത്. പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഹരിത പദവി നല്‍കുകയും എല്ലാ ടൗണുകളും പൊതു ഇടങ്ങളും ഹരിത സുന്ദരമാക്കുകയും ഒരു പ്രധാനപ്പെട്ട ജംഗ്ഷന് സൗന്ദര്യവല്‍ക്കരണം നടത്തുകയും ചെയ്യുന്ന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഓമശേരി പഞ്ചായത്ത് തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗംഗാധരന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ഫാത്തിമ അബു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കരുണാകരന്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ ടി.എ.അഷ്റഫ്, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ കെ.ലാജുവന്തി എന്നിവര്‍ ക്ലാസെടുത്തു. സീനത്ത് തട്ടാഞ്ചേരി, കെ.ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.