മാഹി കനാലിലൂടെ ബോട്ട് സർവീസ്; കടമ്പകൾ നീങ്ങുന്നു
1467061
Thursday, November 7, 2024 12:58 AM IST
നാദാപുരം: നിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന മാഹി കനാലിലൂടെയുള്ള ഗതാഗതത്തിന് കടമ്പകൾ നീങ്ങുന്നു. എടച്ചേരിയിലെ കളിയാംവെള്ളിയിൽ മാഹി കനാലിന് കുറുകെ പാലം പുനർനിർമിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ ഇൻലാന്റ് നാവിഗേഷൻ വകുപ്പ് 32.86 കോടി രൂപ അനുവദിച്ചു.
നേരത്തെ കിഫ്ബി ഫണ്ടിലെ 42 കോടി രൂപ ഉപയോഗിച്ച് നാദാപുരം മുതൽ മുട്ടുങ്ങൽ വരെയുള്ള റോഡ് 12 മീറ്റർ വീതിയിൽ ആധുനിക രീതിയിൽ നവീകരിച്ചിരുന്നു. എന്നാൽ, ഈ റോഡിലുള്ള ബലക്ഷയം നേരിടുന്ന നിലവിലുള്ള പാലം പുനർനിർമിച്ചിരുന്നില്ല. ഈ പഴയ പാലം പുതുക്കി നിർമിക്കുകയെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
കനാലിലൂടെയുള്ള ഗതാഗതത്തിന് നിലവിൽ നാദാപുരം മുട്ടുങ്ങൽ റോഡിൽ നിലവിലുള്ള പാലം പൊളിച്ചു മാറ്റിയാണ് പുതിയ ആർച്ച് പാലം നിർമിക്കുന്നത്. മാഹി കനാലിലൂടെ ബോട്ടുകൾക്ക് കടന്ന് പോകണമെങ്കിൽ പാലം പുതുക്കി പണിയേണ്ടത് അനിവാര്യമായിരുന്നു. പാലം പുനർ നിർമിക്കുന്നതോടെ റോഡ് ഗതാഗതത്തിനും ബോട്ട് സർവീസിനും അനുഗ്രഹമാകും. പുതുതായി നിർമിക്കുന്ന പാലത്തിന് 11.30 മീറ്റർ വീതിയും അപ്രോച്ച് റോഡ് ഉൾപ്പെടെ 53 മീറ്റർ നീളവും ഉണ്ടാകും. ടെന്റർ നടപടികൾ പൂർത്തിയാക്കി അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തി ആരംഭിക്കുമെന്ന് ഇ.കെ. വിജയൻ എംഎൽഎ അറിയിച്ചു.