പാളത്തില്‍ കയറി നിന്ന ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ചു മരിച്ചു
1466832
Tuesday, November 5, 2024 10:27 PM IST
കോഴിക്കോട്: കണ്ണൂര്‍ - ഷൊര്‍ണ്ണൂര്‍ സ്പെഷല്‍ ട്രെയിനിന്റെ മുന്പില് പാളത്തില്‍ കയറി നിന്ന ഇതര സംസ്ഥാന തൊഴിലാളി മരണമടഞ്ഞു. രാജസ്ഥാന് സ്വദേശി നീരജ് (20)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
ട്രെയിനിന്റെ എന്‍ജിന്റെ മുന്നില്‍ കുടുങ്ങി കിടന്ന നിലയില്‍ ഫറോക്കില്‍ വച്ചാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. കല്ലായി റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ച് ഒരാള്‍ പാളത്തില്‍ കയറി നിന്നുവെന്ന് ലോക്കോ പൈലറ്റ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
മൃതദേഹത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലായിരുന്നു. മരിച്ച ആളെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പഴ്സില്‍ നിന്നും ലഭിച്ച ഐഡി കാര്‍ഡില്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കോഴിക്കോട് പുളിക്കല്‍ ഭാഗത്തും നീരജും ബന്ധുക്കളും വാടക റൂമില്‍ താമസിച്ച് മാര്‍ബിള്‍ ജോലി ചെയ്തു വരുകയായിരുന്നു. അവധിയാണെന്നു പറഞ്ഞു നീരജ് ഇന്നലെ ജോലിക്കു പോയിരുന്നില്ല.
ബന്ധുക്കള്‍ മെഡിക്കല്‍ കോളജിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ അല്പനേരം ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. നീരജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.