വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
1466575
Tuesday, November 5, 2024 1:17 AM IST
കൊയിലാണ്ടി: കഴിഞ്ഞ ദിവസം പന്തലായനിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
പന്തലായനി വെളളിലാട്ട് ഉണ്ണികൃഷ്ണന്(53), ഭാര്യ ദീപ(42), മക്കളായ നവനീത്(18), കൃഷ്ണേന്ദു(13) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തി. പ്രദേശവാസിയായ വെളളിലാട്ട് അരുണ്‍, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും ഭാര്യയെയും മക്കളെയും അക്രമിച്ചതെന്ന് ഉണ്ണികൃഷ്ണന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ദീപയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
വീട്ടില്‍ കയറി അക്രമം നടത്തുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാ യിരുന്നു സംഭവം. വീടിന് സമീപത്തെ അടച്ചിട്ട കട വരാന്തയിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് കാരണമെന്നാണ് ഉണ്ണികൃഷ്ണന് പോലീസിനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന് യുവാക്കളും ഉണ്ണികൃഷ്ണനും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനുശേഷമാണ് വീട്ടില്‍ കയറിയുളള അക്രമം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വീടിന്റെ ജനല്‍ച്ചില്ലുകളും കസേരകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. ഉണ്ണികൃഷ്ണനെ അക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റത്.
എന്നാല്‍ ഇവരുടെ വീടിന് സമീപത്ത് കൂടി പോകുകയായിരുന്ന തന്നെ യാതോരു പ്രകോപനവുമില്ലാതെ ഉണ്ണികൃഷ്ണന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വെളളിലാട്ട് അരുണിന്റെ വാദം. പരിക്കേറ്റുവെന്ന് പറഞ്ഞു അരുണും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അതിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത കുടുംബത്തെ വീട് കയറി അക്രമിച്ച സംഭവത്തില്‍ പ്രതികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. ആവശ്യപ്പെട്ടു. നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ബിജെപി ആരോപിച്ചു.
ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്.ജയ്കിഷ്, ജന. സെക്രട്ടറിമാരായ കെ.വി.സുരേഷ്, എ.വി.നിധിന്, ട്രഷറര്‍ ഒ. മാധവന് എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചു.