കൊലക്കേസ് പ്രതികള്‍ ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു
1466574
Tuesday, November 5, 2024 1:17 AM IST
കോഴിക്കോട്: കൊലക്കേസ് പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഷാബ ഷെരീഫ് കൊലക്കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി അജ്മല്‍,വണ്ടൂര്‍ പഴയവാണിയമ്പലം സ്വദേശി ഷഫീഖ് എന്നിവരാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ ജര്‍മിയാസ്, പ്രഭീഷ്, അസി. പ്രിസണ്‍ ഓഫിസര്‍ ആനന്ദ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഷാബ ഷരീഫ് കേസില്‍ ഷൈബിന് അഷ്റഫ്, അ്ജമല്‍, ഷമീം, ഷഫീഖ്, നിഷാദ് എന്നിവരാണ് ജില്ല ജയിലിലുള്ളത്. ഞായറാഴ്ച രാവിലെയോടെ അജ്മലും ഷഫീഖും നിഷാദിന്റെ സെല്ലിലെത്തുകയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെ നിഷാദിനെ ഇവര്‍ മര്‍ദിക്കുകയായിരുന്നു. നിഷാദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടിച്ചുമാറ്റിയതോടെ സംഘര്‍ഷം അവസാനിച്ചു.
ജയിലില്‍ സംഘര്‍ഷമുണ്ടാക്കിയതിന് തിങ്കളാഴ്ച രാവിലെ അജ്മലിനെയും ഷഫീഖിനേയും ജയില്‍ സൂപ്രണ്ട് കെ.വി. ബൈജു വിളിപ്പിച്ചു. സൂപ്രണ്ടിനുമുന്നിലേക്ക് പ്രതികളെ എത്തിക്കുമ്പോഴാണ് അജ്മലും ഷഫീഖും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കുടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ച് കീഴടക്കിയത്. ഷഫീഖിനെ പിന്നീട് തവനൂര്‍ ജയിലിലേക്ക് മാറ്റി.
ജയില്‍ അധികൃതരുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കസബ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.