കാലിത്തീറ്റ വിലക്കയറ്റവും ചെലവും; കര്‍ഷകര്‍ ക്ഷീരമേഖല വിടുന്നു
1466573
Tuesday, November 5, 2024 1:17 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കാലിത്തീറ്റ വില വര്‍ധനവും കന്നുകാലി വളര്‍ത്തല്‍ ലാഭകരമല്ലാത്തതും കാരണം ക്ഷീര കര്‍ഷകര്‍ കാര്‍ഷിക രംഗം വിടുന്നു. കടുത്ത പ്രതിസന്ധിയാണ് ക്ഷീരമേഖലയില്‍. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്താന്‍ നടപടികളൊന്നും ഉണ്ടാകുന്നില്ല.
ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാലിത്തീറ്റകള്‍ക്കാണ് വില കൂടിയത്. 50 കിലോയുടെ ഒരു ചാക്ക് മില്‍മ കാലിത്തീറ്റയ്ക്ക് 1550 രൂപയാണ് വില. കേരള ഫീഡ്സിന് 1515 രൂപയുമാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം 500 രൂപയാണ് വര്‍ധിച്ചത്. ഒരു മാസം 1500 ചാക്ക് വിറ്റിരുന്ന കച്ചവടക്കാര്‍ക്ക് 600 ചാക്ക് പോലും വില്പന ഇപ്പോള്‍ ഇല്ല. ക്ഷീര കര്‍ഷകര്‍ രംഗം വിടുന്നതു കാരണം കാലീത്തിറ്റ വില്പന കുറയുകയാണ്. ഇതിനൊപ്പം വൈക്കോലിന്റെ വിലയും കുത്തനെ ഉയര്‍ന്നു.ഒരു കെട്ട് വൈക്കോലിന് 300 രൂപയാണ് വില. 190 രൂപയില്‍ നിന്ന് മാസങ്ങള്‍ക്കുള്ളിലാണ് 300 രൂപയിലെത്തിയത്. ഇതോടെ ഉല്പാദന ചെലവു താങ്ങാനാകാത്ത അവസ്ഥയിലാണ് പല ക്ഷീര കര്‍ഷകരും. പിടിച്ചുനില്‍ക്കാനാവാതെ പലരും പശുക്കളുടെ എണ്ണം കുറച്ചു. കാലിത്തീറ്റ വില കുത്തനെ കൂടിവന്നതോടെ പലയിടങ്ങളിലും മിശ്രിതങ്ങള്‍ വാങ്ങി കര്‍ഷകര്‍ തന്നെ കാലിത്തീറ്റയാക്കി പശുക്കള്‍ക്ക് നല്കുന്ന അവസ്ഥയാണുള്ളത്.
കാലഹരണപ്പെട്ട ചാര്‍ട്ട് ഉപയോഗിച്ചാണ് കര്‍ഷകരുടെ പാല്‍വില മില്‍മ നിശ്ചയിക്കുതെന്ന് കര്‍ഷകര്‍ പറയുന്നു. പാലിന്റെ കൊഴുപ്പും മറ്റു ഘടകങ്ങളും േനാക്കിയാണ് വില നിശ്ചയിക്കുന്നത്. പുതിയ കാലത്തിനനുസരിച്ച് ചാര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടില്ല. പുറത്തേക്ക് ലിറ്ററിന് 58 രൂപയ്ക്ക് മില്‍മ വില്‍ക്കുന്ന പാലിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് പരമാവധി 45 രൂപ വരെയാണ്. പാല് കൂടുതലുള്ള പശുക്കള്‍ക്ക് പാലില്‍ കൊഴുപ്പ് കുറവായിരിക്കും. മുന്തിയ ഇനം പശുക്കളുടെ പാലിന് ശരാശരി 40 രൂപയേ കിട്ടുന്നുള്ളു.
മലയോര മേഖലിലെ ഒരു ക്ഷീരകര്‍ഷക സഹകരണ സംഘത്തില്‍ പ്രതിദിനം 3000 ലിറ്റര്‍ പാല് അളന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരം ലിറ്ററില്‍ താഴെയായി കുറഞ്ഞു. അധ്വാനത്തിനനസുരിച്ച് വരുമാനമില്ലാത്തതാണ് ഇതിനു കാരണം. പശുക്കളെ വാങ്ങുന്നതിന് മാത്രമാണ് സര്‍ക്കാരിന്റെ സഹായമുള്ളത്. എന്നാല്‍ അവയുടെ ഭക്ഷ്യ ഉത്്പന്നങ്ങള്ക്കും പരിപാലനത്തിനും ചെലവേറെയാണ്. സബ്സിഡി നിരക്കില്‍ കാലിത്തീറ്റ ലഭ്യമാക്കുന്നുണ്ടെങ്കിലും പഴയ നിരക്കില്‍ നിന്നു ഒരു മാറ്റവുമില്ല.
കാലാവസ്ഥാ വ്യതിയാനമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തുടര്‍ച്ചയായുണ്ടായ മഴയെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് വൈക്കോല്‍ സംഭരിക്കാന്‍ കഴിയുന്നില്ല. പശുപരിപാലന മേഖലയില്‍ കര്‍ഷകരെ പിടിച്ച് നിര്‍ത്താന്‍ കാലിത്തീറ്റയുടെ വില കുറയ്ക്കുകയും ഉത്പാദന ചെലവിനനുസരിച്ച് പാല് വില വര്‍ധിപ്പിക്കുകയും വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പശുക്കള്‍ക്ക് കുത്തിവയ്ക്കാന്‍ ഗുണമേന്മയുള്ള ബീജം കെഎല്‍ഡി ബോര്‍ഡ് മുഖേന ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പല വിധത്തിലുള്ള കാലിത്തീറ്റയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനുപകരം ഗുണമേന്മയുള്ള ഒരൊറ്റിനം കാലിത്തറ്റ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് മരഞ്ചാട്ടിയിലെ ക്ഷീരകര്‍ഷകയായ സോളിജോസഫ് പറഞ്ഞു. കാലിത്തീറ്റയ്ക്ക് സബ്സിഡി നല്‍കണ്ടേത് തദ്ദേശ സ്ഥാപനങ്ങളാണ്. ഫണ്ടില്ലാത്തിനാല്‍ 12 മാസവും സബ്സിഡി നല്കാന് തദ്ദേശസഥാപനങ്ങള്ക്കു കഴിയുന്നില്ല. കൃത്യസമയത്ത് ചികിത്സയ്ക്ക് ഡോക്ടര്‍മാരെ കിട്ടാത്ത പ്രശ്നവും മലയോര മേഖലയില്‍ നേരിടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.