കര്‍ഷകരുടെ വരുമാനം 19 ഇരട്ടി കൂടിയപ്പോള്‍ ശമ്പളത്തില്‍ 436 ഇരട്ടി വര്‍ധന: പി.എസ്.ശ്രീധരന്‍പിള്ള
1466572
Tuesday, November 5, 2024 1:17 AM IST
കോഴിക്കോട്: ഐക്യകേരളം രൂപപ്പെട്ടശേഷം 55 വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം 19 ഇരട്ടി വര്‍ധിച്ചപ്പോള്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 436 ഇരട്ടി വര്‍ധനവ് ഉണ്ടായതായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഇതുസംബന്ധിച്ച ഒരു ഔദ്യോഗിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിച്ചതിനെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് എല്ലാവരും ഇക്കാര്യം ചിന്തിക്കണമെന്നാണ് പറഞ്ഞത്. വെള്ളരിക്കാപട്ടണം പോെലയാണ് കേരളത്തിന്റെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ ആംബുലന്‍സില്‍ യാത്ര ചെയ്താല്‍ കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണെന്ന് തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപിക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്താന്‍ കൊണ്ടുപോകുന്ന വാഹനമാണ് ആംബുലന്‍സ്. ആംബുലന്‍സില്‍ യാത്രചെയ്ത ആള്‍ക്ക് നടക്കാന്‍ പറ്റുമോ ഇല്ലയോ എന്നൊന്നും നോക്കാതെയാണ് കേസ്. ഭാരതീയ ന്യായസംഹിതയിലെ 279-ാം വകുപ്പനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. വാഹനം അശ്രദ്ധമായോ അല്ലെങ്കില്‍ അപക്വതയോടെയോ ഓടിച്ച് അപകടം വരുത്തുന്നതിനുള്ള കുറ്റമാണിത്. അപ്പോള്‍ ആംബുലന്‍സില്‍ യാത്ര ചെയ്ത ആള്‍ക്കെതിരേ കേസെടുക്കുന്നതു ശരിയാണോ.
നാളെ ബസില്‍ യാത്രചെയ്യവേ ഒരാള്‍ ബസപകടത്തില്പെട്ടാല് ഡ്രൈവര്‍ക്കെതിരേ കേസെടുക്കുന്നതുപോലെ നിരപരാധികളായ യാത്രക്കാര്‍ക്കെതിരേയും കേസെടുക്കുന്ന തലത്തിലേക്ക് വ്യാഖ്യാനം പോയാല്‍ എന്താകും അവസ്ഥ. യാത്രക്കാരനെതിരേ കേസെടുക്കുന്നതു ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ഗോവ. ടൂറിസത്തിന്റെ ഹബായി ഗോവ മാറിക്കഴിഞ്ഞു. കേരളവും ടൂറിസത്തിനു അനന്തമായ സാധ്യതകളുള്ള സംസ്ഥാനമാണ്. ടൂറിസത്തില്‍ അദ്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തിനു കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.