വയനാട്ടില്‍ പ്രിയങ്ക വിജയിച്ചാല്‍ അത് ജനങ്ങളുടെ പരാജയമാകും: അനില്‍ ആന്റണി
1466570
Tuesday, November 5, 2024 1:17 AM IST
നിലമ്പൂര്‍: വയനാട്ടില്‍ പ്രിയങ്കാഗാന്ധി വിജയിച്ചാല്‍ അത് ജനങ്ങളുടെ പരാജയമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി പറഞ്ഞു. വയനാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അനില്‍ ആന്റണി വടപുറം ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ വൈദികരെ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വയനാട്ടില്‍ ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയുടെ സംഭാവനയാണ്. രാഹുല്ഗാസി നടപ്പാക്കിയ വികസനങ്ങള്‍ തുടരാനാണ് പ്രിയങ്കാ ഗാന്ധി വോട്ട് ചോദിക്കുന്നത്. അതിനാല്‍ തന്നെ ഒന്നും നടക്കില്ലെന്ന് ഉറപ്പാണ്. കാരണം രാഹുല്‍ ഗാന്ധി മണ്ഡലത്തിനായി കഴിഞ്ഞ അഞ്ചുവര്‍ഷം ഒന്നും ചെയ്തില്ലെന്നും അനില്‍ ആന്റണി പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യഹരിദാസ് വിജയിച്ചാല്‍ വയനാട് മണ്ഡലത്തിന് ഒരു ജനപ്രിയ എംപിയെ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും കഴിയും. 2019 ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് വയനാട്ടില്‍ മത്സരിച്ചത്. 2024 ല്‍ വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് റായ്ബറേലിയില്‍ മത്സരിച്ചത്. ശരിക്കും ഇതിലൂടെ വയനാട് ജനതയെ വഞ്ചിക്കുകയാണ് രാഹുല്‍ഗാന്ധി ചെയ്തതെന്നും അനില്‍ ആന്റണി പറഞ്ഞു.
വയനാട്ടില്‍ വന്യമ്യഗങ്ങള്‍ ഇറങ്ങിയ അത്ര ദിവസങ്ങള്‍ പോലും രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ എത്തിയില്ലെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. ചേലക്കരയിലും വയനാട്ടിലും പാലക്കാട്ടും ബിജെപി മുന്നേറ്റം ഉണ്ടാക്കും. പാര്‍ട്ടി ഓരോ ദിവസവും വളര്‍ന്ന് കൊണ്ടിരിക്കുകയാണ.് 10 കോടിയിലേറെ പേര്‍ക്ക് ബിജെപി അംഗത്വമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ശേഭാസുരേന്ദ്രന്റെ മാധ്യമ വിലക്ക് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ താന്‍ ആ വാര്‍ത്താ സമ്മേളനം കണ്ടില്ലെന്നായിരുന്നു മറുപടി. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളതെന്നും അനില്‍ ആന്റണി പറഞ്ഞു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉള്‍പ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.