കോർപറേറ്റുകളുടെ 16 ലക്ഷം കോടി എഴുതിത്തള്ളിയപ്പോൾ കർഷകർക്ക് ലഭിച്ചത് ജപ്തി നോട്ടീസ്: പ്രിയങ്ക ഗാന്ധി
1466569
Tuesday, November 5, 2024 1:16 AM IST
മുള്ളൻകൊല്ലി: കോർപറേറ്റുക ളുടെ 16 ലക്ഷം കോടി എഴുതി തള്ളുന്പോൾ മുള്ളൻകൊല്ലിയിലെ കർഷകർക്ക് ലഭിക്കുന്നത് ജപ്തി നോട്ടീസാണെന്ന് പ്രിയങ്ക ഗാന്ധി. മുള്ളൻകൊല്ലിയിൽ നടന്ന കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
മുള്ളൻകൊല്ലിയിൽ കാർഷിക വായ്പ തിരിച്ചടയ്ക്കാത്തത് മൂലം രണ്ടായിരത്തോളം കർഷകർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. അടുത്തകാലത്തായി 60 ഓളം കന്നുകാലികളെയാണ് ഇവിടെ വന്യജീവികൾ അക്രമിച്ചു കൊന്നത്. ജലക്ഷാമം വയനാട്ടുകാർ നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഇവിടെ മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ ആവശ്യമാണ്. ക്ഷീരമേഖലയെ ശക്തിപ്പെടുത്തണം.
മനുഷ്യർക്കിടയിൽ ഭരണകൂടം ഭയവും വിദ്വേഷവും വളർത്തുകയാണ്. വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. മെച്ചപ്പെട്ട സംവിധാനങ്ങളുള്ള ആശുപത്രിയിൽ എത്താൻ കഴിയാതെ ആളുകൾ മരണപ്പെടുക എന്നത് ഇന്നത്തെ കാലത്ത് വലിയ ദുരന്തമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വിപണനം ചെയ്താൽ വയനാട്ടിലെ ടൂറിസം മേഖലയെ ഉയരത്തിലെത്തിക്കാൻ കഴിയും.
വയനാട്ടിൽ ആത്മീയ ടൂറിസം, എക്കോ ടൂറിസം എന്നിവയ്ക്ക് വലിയ സാധ്യതയുണ്ട്. ആയുർവേദമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വയനാട്ടിൽ ആദിവാസികൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കഷ്ടപ്പെടുകയാണ്. ആരോഗ്യ സംവിധാനങ്ങൾ, കുടിവെള്ളം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം തുടങ്ങി നിരവധി വിഷയങ്ങളാണ് അവർ നേരിടുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കണ്‍വീനർ എ.പി. അനിൽകുമാർ എംഎൽഎ, കോഓഡിനേറ്റർമാരായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ടി സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, ഡി.പി. രാജശേഖരൻ, വർഗീസ് മുരിയങ്കാവിൽ, അബ്ദുള്ള മാടാക്കര, പി.ഡി. സജി, ബീന ജോസ്, കെ.ഇ. വിനയൻ, ഷിനോ കടുപ്പിൽ, ഗിരിജ കൃഷ്ണൻ, പി.കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രിയങ്ക ഗാന്ധി
ഇന്ന് തിരുവമ്പാടിയിലും ഏറനാട്ടും
തിരുവമ്പാടി: യുഡിഎഫ് വയനാട് മണ്ഡലം സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് തിരുവമ്പാടി, ഏറനാട് നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തും.
രാവിലെ 9.30ന് കോടഞ്ചേരിയിലും 11ന് കൂടരഞ്ഞിയിലും ഒന്നരയ്ക്ക് പന്നിക്കോടും കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഏറനാട് നിയോജക മണ്ഡലത്തില്‍ കിഴിശേരിയിലാണ് അവസാനത്തെ പരിപാടി.