വട്ടമല പൊൻപാറ വളവിൽ വീണ്ടും വാഹനാപകടം; ഒരാൾക്ക് പരിക്ക്
1564976
Thursday, June 5, 2025 5:54 AM IST
കരുവാരകുണ്ട്: വട്ടമല പൊൻപാറ വളവിൽ വീണ്ടും വാഹനാപകടം. ഒരാൾക്ക് പരിക്ക്. നാല് ദിവസങ്ങൾക്കു മുന്പ് വാഹനാപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞ വട്ടമലയിലാണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്. കരുവാരകുണ്ടിൽ നിന്ന് പൊൻപാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
സാരമായി പരിക്കേറ്റ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് മഞ്ഞൾപാറ ബഷീറിനെ (50) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാരകുണ്ട് ഭാഗത്തുനിന്ന് എടത്തനാട്ടുകര ഭാഗത്തേക്ക് തടി കയറ്റി പോയ ലോറിയാണ് വട്ടമല വെള്ളച്ചാട്ടത്തിനടുത്ത് തല കീഴായി മറിഞ്ഞത്.
കയറ്റവും വളവുമുള്ള ഭാഗത്ത് ലോറിക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ വന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ലോറി കയറു കെട്ടിയും മറ്റും വലിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്. ഇതുവഴി വന്ന കാർ യാത്രക്കാരനായ ബഷീർ സഹായിക്കുന്നതിന് വേണ്ടിയാണ് ലോറിക്കരികിലെത്തിയത്.
ലോറി മറിഞ്ഞപ്പോഴാണ് ബഷീറിന് പരിക്കേറ്റത്. ലോറിയിലുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും പരിക്കേറ്റിട്ടില്ല.