മലയോര ഹൈവേ : ‘ജില്ലയിലെ രണ്ട് റീച്ചുകൾ രണ്ട് മാസത്തിനകം പൂർത്തിയാകും’
1536059
Monday, March 24, 2025 5:55 AM IST
പൂക്കോട്ടുംപാടം: മലയോര നിവാസികളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ മലപ്പുറം ജില്ലയിലെ ആദ്യ റീച്ച് പണി പൂർത്തിയായതായും രണ്ടാം റീച്ച് രണ്ട് മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 8.7 കിലോമീറ്റർ നീളമുള്ള കാളികാവ്-കരുവാരകുണ്ട് റീച്ചാണ് പണി പൂർത്തിയായത്.
10.9 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം-മൈലാടി റീച്ച് രണ്ട് മാസത്തിനകവും 12.31 കിലോമീറ്റർ നീളമുള്ള പൂക്കോട്ടുംപാടം-കാളികാവ് റീച്ച് ഈ വർഷാവസാനത്തോടെയും പൂർത്തിയാക്കും.
ജില്ലയിലെ ആകെ 69.05 കിലോമീറ്റർ മലയോര ഹൈവേയിൽ ബാക്കിയുള്ള മൂന്ന് റീച്ചുകൾ ടെൻഡർ, എസ്റ്റിമേറ്റ് നടപടികളിലാണെന്നും മന്ത്രി പറഞ്ഞു.നിലന്പൂർ നിയോജക മണ്ഡലത്തിൽ മലയോര ഹൈവേയുടെ നിലവാരത്തിൽ വികസിപ്പിക്കുന്ന പൂക്കോട്ടുംപാടം-തന്പുരാട്ടിക്കല്ല് റോഡിന്റെ ആദ്യറീച്ച് പൂക്കോട്ടുംപാടം-കാറ്റാടികടവ് വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള റോഡ് ഫണ്ട് ബോർഡ് 63.40 കോടി രൂപ ചെലവിലാണ് 15 കിലോമീറ്റർ ദൂരമുള്ള പൂക്കോട്ടുംപാടം-കാറ്റാടിക്കടവ് റീച്ച് ഒന്ന് പൂർത്തീകരിച്ചത്. രണ്ട് വശങ്ങളിലും ഓടയും യൂട്ടിലിറ്റി സ്പേസും ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് വികസനം. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം പൂർത്തീകരിച്ചത്.
ആകെ 34.4 കിലോമീറ്റർ നീളമുള്ള തന്പുരാട്ടിക്കല്ല് വരെയുള്ള റോഡിന്റെ അനുബന്ധ റീച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്. മൈലന്പാറ ടൗണ് നവീകരണത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത് മന്ത്രി നിർവഹിച്ചു. മൈലന്പാറ നഗരത്തിൽ ഒരു കിലോമീറ്റർ നീളത്തിൽ 2.30 കോടി ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.
നിലന്പൂരിൽ 500 കോടിയുടെ പൊതുമരാമത്ത് വികസന പദ്ധതികളാണ് കഴിഞ്ഞ ഒന്പത് വർഷത്തിനിടെ നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 208 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 182 കിലോമീറ്ററും ബിഎം ബിസി നിലവാരത്തിലായി. 126 കോടി ചെലവഴിച്ച് ഏഴ് റോഡുകളുടെ നവീകരണം വിവിധ ഘട്ടങ്ങളിലാണ്. മൂന്ന് പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു.
പൂക്കോട്ടുംപാടം ഗുഡ്വിൽ സ്കൂളിൽ നടന്ന ചടങ്ങിൽ അമരന്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. അനിതാരാജൻ, കാളികാവ് ബ്ലോക്ക് അംഗങ്ങളായ പി.എം. ബിജു,
കെ. രാജൻ, ഗ്രാമപഞ്ചായത്ത് അംഗം നിഷാദ്, സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ കെ.എ. ജയ, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എൻജിനിയർ സി.എച്ച്. അബ്ദുൾഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.