മലയോര കർഷകരെ കുടിയിറക്കാൻ ആസൂത്രിത നീക്കം: പി.വി. അൻവർ
1575656
Monday, July 14, 2025 5:59 AM IST
നിലമ്പൂർ: മലയോര ജനതയെ കുടിയിറക്കാൻ ആസൂത്രിത നീക്കമുണ്ടെന്നും ഇത് ജനകീയ പിന്തുണയോടെ നേരിടുമെന്നും പി.വി. അൻവർ പറഞ്ഞു. മൂത്തേടത്ത് തൃണമുൽ കോൺഗ്രസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ തമ്പടിക്കുകയാണ്. മനുഷ്യരെ കൊലപ്പെടുത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ പ്രശ്നപരിഹാരം എന്തെന്ന് സർക്കാർ പറയുന്നില്ല. തുറന്നിട്ട മൃഗശാലയായി കേരളം മാറികഴിഞ്ഞു.
ജനസാന്ദ്രമായിരുന്ന മലയോര മേഖലയിൽ നിന്നും പ്രാണരക്ഷാർഥം ജനങ്ങൾ ഇറങ്ങുകയാണ്. വന്യമൃഗ ശല്യംമൂലം ജനങ്ങൾ പ്രാണഭീതിയിൽ കഴിയുമ്പോൾ വനത്തിന്റെ വിസ്തൃതി കൂട്ടാനാണ് സംസ്ഥാന സർക്കാരിന് ജാഗ്രത. നിലമ്പൂരിൽ മാത്രം 161 കർഷകരുടെ ഭൂമി വാങ്ങി വനത്തോട് ചേർത്തുകഴിഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെ നടത്തുന്ന ആസൂത്രിതമായ അജണ്ടയാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പാർട്ടികളിൽ നിന്നും തൃണമൂൽ കോൺഗ്രസിൽ ചേർന്ന 50പേരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും മികച്ച ക്ഷീര കർഷകനെയും ചടങ്ങിൽ ആദരിച്ചു. മുണ്ടോടൻ ഉസ്മാൻ അധ്യക്ഷത വഹിച്ചു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഇ.കെ. സുകു, സാജിത്ത് ബാബു, ഉമ്മർ ഇണ്ടേപ്പാടൻ, ഇസ്മായിൽ മൂത്തേടം, ജോഷി, ഷെരീഫ് എന്നിവർ സംസാരിച്ചു. മൂത്തേടം ടൗണിൽ ശക്തി തെളിയിച്ച് പ്രകടനവും നടത്തി.