കുറുമ്പലങ്ങോട് വില്ലേജ് ഓഫീസ് കെട്ടിടം ജീർണാവസ്ഥയിൽ
1575658
Monday, July 14, 2025 5:59 AM IST
നിലമ്പൂർ: കുറുമ്പലങ്ങോട് വില്ലേജ് ഓഫീസ് ജീർണാവസ്ഥയിൽ. ഓഫീസ് പ്രവർത്തിക്കുന്നത് 43 വർഷം പഴക്കമുള്ള പൊളിഞ്ഞ കെട്ടിടത്തിലാണ്. നിലവിൽ ചുറ്റുമതിൽ തകർന്നുവീണതോടെ കെട്ടിടം ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ മാസം ഉണ്ടായ കനത്ത മഴയിൽ സംരക്ഷണ ഭിത്തിയും ചുറ്റുമതിലും തകർന്നിരുന്നു. ദിവസവും നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെയത്തുന്നത്. ഓഫീസിന്റെ പല ഭാഗങ്ങളിലുമുള്ള ചുമരുകൾ അടർന്ന് വീഴാറായ നിലയിലാണ്.
1982 ലാണ് കുറുമ്പലങ്ങോട് വില്ലേജ് ഓഫീസ് കെട്ടിടവും ചുറ്റുമതിലും നിർമിച്ചത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ഓഫീസ് പ്രവർത്തനങ്ങളെയും പൊതുജനങ്ങളുടെ സുരക്ഷയെയും സാരമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.