കൈതപ്രവുമായി സംവദിച്ച് പരിയാപുരം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍
1575653
Monday, July 14, 2025 5:59 AM IST
പരിയാപുരം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകര്‍ വായനയുടെയും എഴുത്തിന്റെയും പൊരുള്‍ തേടി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കൊപ്പം ഒരു ദിനം ചെലവഴിച്ചു.
തന്റെ എല്ലാ രചനകളും വായനയുടെ ഉത്പന്നങ്ങളാണെന്ന് കൈതപ്രം പറഞ്ഞു. വായന ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഇന്ധനമാണ്. സത്യത്തില്‍ നമുക്കു പോകാന്‍ ഒരു വഴിയേ ഉള്ളു, നന്മയുടെ-സ്നേഹത്തിന്റെ വഴി. അതു നിങ്ങള്‍ തിരിച്ചറിയണം. ഇല വീഴുന്നതും പുഴ ഒഴുകുന്നതും പാഠമാണെന്ന് ഓര്‍ക്കണമെന്നും കൈതപ്രം കുട്ടികളോടു പറഞ്ഞു.
കൈതപ്രത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികളായ കെ.പി.അബിന്‍ കൃഷ്ണ, പി.സ്വാതി മഹേഷ്, കെ.പി.ആര്യ, കെ.നന്ദിക പ്രഭാത്കുമാര്‍ എന്നിവര്‍ "ഗാനമാല' സമര്‍പ്പിച്ചു. ചിത്രകാരി ജുവാന ജയിന് അദ്ദേഹത്തിന്റെ ചിത്രം വരച്ച് സമ്മാനമായി നല്കി.
കോഴിക്കോട് പുതിയറയിലുള്ള എസ്.കെ.പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിലെത്തി എസ്.കെ.യുടെ മകള്‍ സുമിത്ര ജയപ്രകാശുമായും കുട്ടികള്‍ കൂടിക്കാഴ്ച നടത്തി. "അച്ഛന് കണ്ടതും അനുഭവിച്ചതുമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി മാറിയത്.
പല കഥാപാത്രങ്ങളെയും ഞാനും കണ്ടിട്ടുണ്ട്. എവിടെ ചെന്നാലും സാധാരണക്കാരുമായി അച്ഛന് ആത്മബന്ധം സ്ഥാപിക്കും. അവരെല്ലാം കഥാപാത്രങ്ങളായി കൃതികളില്‍ നിറയും. സത്യത്തെ ദൈവമായി കണ്ട ആളായിരുന്നു അച്ഛന്. എഴുത്തിലും അതു കാണാം' എസ്.കെയുടെ മകള്‍ സുമിത്ര ജയപ്രകാശ് ഓര്‍മകള്‍ പങ്കുവച്ചു.
ദേവനന്ദ ആര്. ലക്ഷ്മി, ജിസ് മരിയ ജെയിംസ്, സി.ടി.അദ്നാന്, എസ്.ശ്രീകാര്ത്തിക, എ. ഐറിന് സഫീര്‍, ആല്‍ബിന എലിസബത്ത് ചാക്കോ, അന്ന ഫ്രാന്‍സിസ്, അക്ഷയ് സനീഷ്, സന മെറിന്, ആല്‍ഫിയ ബിജു എന്നിവര്‍ സുമിത്രയുമായി സംവദിച്ചു. കെ.വൈഗ പ്രസാദ്, വി.ഫാത്തിമ ഷെന്‍സ എന്നിവര്‍ വരച്ച എസ്.കെയുടെ ചിത്രങ്ങള്‍ സുമിത്ര ജയപ്രകാശ് ഏറ്റുവാങ്ങി.
വിദ്യാരംഗം കോ ഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, അധ്യാപകരായ പി.ജി.ജോസഫ്, കെ.എന്‍.വിജില, എം.അഹമദ് മിഖ്ദാദ്, വി.അജയ് എന്നിവര്‍ നേതൃത്വം നല്കി.