എരവിമംഗലം ഹെൽത്ത് സെന്ററിന് വീണ്ടും സംസ്ഥാന കായകൽപ്പ് അവാർഡ്
1575657
Monday, July 14, 2025 5:59 AM IST
പെരിന്തൽമണ്ണ: സംസ്ഥാന കായകൽപ്പ് അവർഡ് നേടി പെരിന്തൽമണ്ണ നഗരസഭ എരവിമംഗലം ഹെൽത്ത് സെന്റർ. നഗര കുടുംബാരോഗ്യകേന്ദ്രം വിഭാഗത്തിൽ 90.8 ശതമാനം മാർക്കോടെയാണ് ഒന്നാം സ്ഥാനം കൈവരിച്ചത്. രണ്ടാം തവണയാണ് കായകൽപ്പ് അവർഡിന് ഹെൽത്ത് സെന്റർ അർഹമാകുന്നത്.
രാജ്യത്തെ മികച്ച ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്ന എൻക്യുഎസ് അവാർഡ് രണ്ട് തവണയും ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കെഎഎസ്എച്ച് അംഗീകാരം, 2023ൽ കായകൽപ്പ് അവാർഡിന്റെ ഭാഗമായുള്ള കമന്റേഷൻ പുരസ്കാരം തുടങ്ങി വിവിധ പുരസ്കാരങ്ങൾ എരവിമംഗലം ഹെൽത്ത് സെന്ററിന് ലഭിച്ചിരുന്നു.
മെഡിക്കൽ ഓഫീസർ, ജനറൽ ഡോക്ടർ, ദന്ത ഡോക്ടർ, കുട്ടികളുടെ ഡോക്ടർ, ഗൈനക് വിഭാഗം രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കാഴ്ച്ച പരിശോധന, ലാബ് സൗകര്യം, മരുന്ന്, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവ നിലവിൽ ഹെൽത്ത് സെന്ററിൽ ലഭ്യമാണ്.
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവർത്തന സമയം. അവർഡിന്റെ ഭാഗമായി രണ്ടുലക്ഷം രൂപയാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.