പാലാങ്കര കല്ലന്തോട്മുക്ക് കാരപ്പുറം റോഡ് തകര്‍ന്നു; ജനങ്ങള്‍ ദുരിതത്തില്‍
1575660
Monday, July 14, 2025 5:59 AM IST
എടക്കര: മൂത്തേടം പഞ്ചായത്തിലെ പാലാങ്കര കല്ലന്തോട്മുക്ക് കാരപ്പുറം റോഡ് തകര്‍ന്നതോടെ ജനങ്ങള്‍ ദുരിതത്തില്‍. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ മഴക്കാലം ആരംഭിച്ചതോടെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. ആശുപത്രി ആവശ്യങ്ങള്‍ക്ക് പേലും വാഹനം വിളിച്ചാല്‍ വരാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് റീ ടാറിംഗിനായി മൂന്ന് വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ അനുവദിച്ചിരുന്നു. രണ്ട് തവണ നിര്‍മാണോദ്ഘാടനവും നടത്തി.
എന്നാല്‍ നാളിതുവരെയായി പ്രവൃത്തി ആരംഭിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഈ റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായ സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതരെ പലതവണ വിവരം ധരിപ്പിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിന് പുറമെ പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ ജൽജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്കായി കീറിമുറിച്ചതും നന്നാക്കാന്‍ തയാറായിട്ടില്ല.
പഞ്ചായത്തിന്റെ നിരുത്തരവാദ സമീപനം മുതലെടുത്ത് കരാറുകാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. റോഡില്‍ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെടുകയും വെള്ളം കെട്ടിനിന്ന് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. അധികൃതരുടെ നിസംഗ നിലപാടിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.