സംഗീതപ്രേമികളെ വിസ്മയിപ്പിച്ച് ഗൊയ്ഥെസെൻട്രമിൽ ജർമൻ ജാസ് ബാൻഡ് പ്രകടനം
1467852
Sunday, November 10, 2024 2:39 AM IST
തിരുവനന്തപുരം: നഗരത്തിലെ ജാസ് സംഗീതാസ്വാദകർക്കു മാസ്മരികത സമ്മാനിച്ച് ജർമൻ ജാസ് ബാൻഡായ വോൾക്മാൻ ജാരറ്റ് ആൻഡ്രെജ്യൂസ്കി ട്രിയോയുടെ പ്രകടനം. ലൂയിസ് വോൾക്മാൻ, പോൾ ജാരറ്റ്, മാക്സ് ആൻഡ്രെജ്യൂസ്കി എന്നിവർ ചേർന്നു രൂപീകരിച്ച ബാൻഡിന്റെ ദക്ഷിണേഷ്യൻ സംഗീത പര്യടനത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തെ ഗൊയ്ഥെസെൻട്രമിൽ സംഗീത വിസ്മയം തീർത്തത്.
കൊളംബോ, ന്യൂഡൽഹി, പൂന, ധാക്ക എന്നീ നഗരങ്ങൾ പിന്നിട്ടാണ് മൂവർ സംഘം ഇവിടെയെത്തിയത്. ജർമനിയിലെ കൊളോണ്‍ സ്വദേശിയായ സാക്സഫോണിസ്റ്റായ ലൂയിസ് വോൾക്മാൻ സമകാലിക പരിവർത്തന സാധ്യതകളുള്ള സോളോകളിലൂടെ ശ്രദ്ധേയയാണ്. യൂറോപ്പിലുടനീളം സംഗീത പര്യടനം നടത്തിയ അവരുടെ ഡെയ് സെയ്റ്റ്, ആർഎൻഡി എന്നിവ 2018ലെയും 2021ലെയും മികച്ച ആൽബങ്ങളായി രണ്ട് പ്രമുഖ ജർമൻ പ്രസിദ്ധീകരണങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്.
പാരീസിൽ ജനിച്ചുവളർന്ന ഗിത്താറിസ്റ്റായ പോൾ ജാരറ്റിൻറെ സമകാലിക, ജാസി നോട്ടുകൾ കണ്‍സേർട്ടുകളെ പ്രകന്പനം കൊള്ളിക്കുന്നവയാണ്. പോപ്പ്, റോക്ക്, നാടോടി, സമകാലിക സംഗീതം എന്നിവയിൽ സ്വതന്ത്ര ശൈലിയിലുള്ള ഗിറ്റാർ നോട്ടുകൾ വായിക്കുന്ന അദ്ദേഹം സംഗീത സംവിധായകൻ കൂടിയാണ്.
ജാസ്, മ്യൂസിക് ഇംപ്രവൈസേഷൻ എന്നിവയിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു. ലളിതമായ നാടോടി ഗാനങ്ങളുടെയും ഇംപ്രവൈസ് ചെയ്ത സംഗീതത്തിൻറെയും അകന്പടിയിൽ മൂവരും ചേർന്ന് ആസ്വാദകരെ ചടുലവും ഒഴുക്കുള്ളതുമായ സംഗീത സപര്യയിൽ അണിചേർക്കുന്നു.