ശ്രദ്ധേയമായി മെഗാ എക്സിബിഷന്
1478797
Wednesday, November 13, 2024 7:02 AM IST
തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിളിച്ചോതുന്ന മെഗാ എക്സിബിഷന് തൈക്കാട് മോഡല്‍ സ്കൂളില്‍ തുടക്കമായി. ഇന്നലെ രാവിലെ പത്തിന് ശാസ്ത്രപ്രഭാഷകന് ഡോ. വൈശാഖന് തമ്പി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങളായ എസ്എല്‍വി-മൂന്ന്, പിഎസ്എല്‍വി തുടങ്ങിയവയുടെ മോഡലുകളും സൗണ്ടിംഗ് റോക്കറ്റിന്റെ മാതൃകയും ക്രയോജനിക് എന്ജിന്, വികാസ് എന്ജിന് തുടങ്ങിയുടെ മാതൃകയും പ്രദര്‍ശനത്തിലുണ്ട്. ഇതിനുപുറമെ സാറ്റൈലറ്റ് മോഡലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. റോക്കറ്റ്, സാറ്റലൈറ്റ് സാങ്കേതികവിദ്യ, പ്രവര്‍ത്തനം, പ്രയോജനങ്ങള്‍ എന്നിവ അടുത്തറിയുന്നതിനു പ്രദര്‍ശനം സഹായകരമാണ്.
ചന്ദ്രയാന്‍-മൂന്നിന്റെ മോഡല്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരവും എക്സിബിഷനില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നുദിവസമായി നടക്കുന്ന പ്രദര്‍ശനത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികൾ, പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. പ്രവേശനം സൗജന്യമാണ്. രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലു വരെയാണ് പ്രദര്‍ശന സമയം. പ്രദര്‍ശനം നാളെ സമാപിക്കും.
രാവിലെ മോഡല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ആര്. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിഎസ്എസ്സി ഗ്രൂപ്പ് ഡയറക്ടര്‍ (ഡോക്യുമെന്റേഷന്) ആര്. ഹരികൃഷ്ണന് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ കെ.വി. പ്രമോദ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ജെ.എം ഫ്രീഡാ മേരി നന്ദിയും പറഞ്ഞു.