കാടുകയറി നശിച്ച് എകെജി നഗർ കട്ടയ്ക്കാൽ കുളം
1478821
Wednesday, November 13, 2024 7:14 AM IST
പേരൂർക്കട: കുടപ്പനക്കുന്ന് വാർഡിൽ എകെജി നഗറിൽ ഉൾപ്പെടുന്ന പരുത്തിച്ചിറ കട്ടയ്ക്കാൽ കുളം കാടുകയറിയ നിലയിൽ. 2012ൽ 10ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം നടത്തിയ കുളത്തിനാണീ ദുർഗതി. സോളാർ വിളക്കുകൾ സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും നടപ്പാതകൾ ഉണ്ടാക്കുകയും ചെയ്ത കുളമാണ് കാടുമുടി ശോച്യാവസ്ഥയിൽ കിടക്കുന്നത്.
വഴയില മുതൽ കുടപ്പനക്കുന്ന് ദർശൻ നഗർ വരെയുള്ള ജനങ്ങൾ വസ്ത്രങ്ങൾ അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന കുളമാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ ഏകദേശം 30 സെന്റ് വരുന്ന കുളം ഇപ്പോൾ തിരിച്ചറിയാനാകാത്ത വിധം കാടുമുടി കിടക്കുകയാണ്.
പ്രദേശത്തെ സോളാർ വിളക്കുകൾ നശിക്കുകയും ഇരിപ്പിടങ്ങൾ തകരുകയും ചെയ്തു.
ഇന്റർലോക്ക് നടപ്പാതയുടെ ഒരു ഭാഗം മുഴുവൻ കാടുകയറിയതിനാൽ വഴിയില്ലാത്ത അവസ്ഥയുമാണ്. തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിലുള്ള കുളമാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്.
കുളവും പരിസരപ്രദേശങ്ങളും പായലുകളും കാടും മൂടിയതോടുകൂടി ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയെന്നും നാട്ടുകാർ ആരോപിക്കുന്നു. കാടുപിടിച്ച സ്ഥലത്ത് എത്രയൊക്കെ മാലിന്യം വലിച്ചെറിഞ്ഞാലും തിരിച്ചറിയാൻ ആകാത്ത അവസ്ഥയുണ്ട്.
ഇതോടെ പ്രദേശത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
അധികൃതർ ഇടപെട്ട് അടിയന്തരമായി കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.