അടിസ്ഥാനസൗകര്യമില്ലാത്ത സർവീസ് റോഡിലൂടെ ഇനി ആനവണ്ടികളും
1478792
Wednesday, November 13, 2024 7:02 AM IST
ആദ്യ സർവീസ് 16 മുതൽ
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: പൊതുജനത്തിന്റെ നികുതിപ്പണത്തിൽനിന്നു കോടികൾ മുടക്കി നിർമിച്ച കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ അടിസ്ഥാന സൗകര്യമൊരുക്കാതെ സർവീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. റോഡുനിർമിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിബന്ധനകളിൽ ഒന്നുപോലും പാലിക്കാത്ത നിരത്തിലൂടെ വൃശ്ചികം ഒന്ന് മുതൽ യാത്രക്കാരുമായി സിറ്റി ഫാസ്റ്റ്ബസുകൾ ഓടിത്തുടങ്ങും.
കൊടുംവെയിലിൽ ചുട്ടുപൊള്ളുന്ന റോഡിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാത്തു നിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങളോ സിഗ്നൽ സ്റ്റേഷനുകളോ സ്ഥാപിച്ചിട്ടില്ല. രാത്രികാലങ്ങൾ ലൈറ്റുകളില്ലാതെ കുറ്റാക്കൂരിരുട്ട്. അപകടങ്ങൾ പറ്റിയാൽ സഹായിക്കാൻ വാഹനമില്ല, നിരീക്ഷണ കാമറകളുമില്ല.
വീതിയില്ലാത്തതും അങ്ങിങ്ങ് മുറിഞ്ഞ് പോയതുമായ സർവീസ് റോഡുകളിൽ പലയിടത്തും നടപ്പാതകളുമില്ല. പൂർത്തിയാകാത്ത ഓടകൾ ഏതു സമയത്തും അപകടക്കെണിയാകും. ഇങ്ങനെത്തുടങ്ങി പരാധീനതകളാൽ ദയനീയമായ ബൈപ്പാസിലൂടെയാണ് കെഎസ്ആർടിസി സർവീസ് നടത്താനൊരുങ്ങുന്നത്.
കഴക്കൂട്ടം മുതൽ തമിഴ്നാടിന്റെ അതിർത്തിയായ കാരോടുവരെ നീളുന്ന 43 കിലോമീറ്റർ റോഡിന് രണ്ടു ഘട്ടങ്ങളിലായി 1200 ഓളം കോടി രൂപയാണ് ചെലവ്. അടിസ്ഥാന സൗകര്യങ്ങൾക്കുപരി കോഫിറ്റീരിയ, അപകടങ്ങളിൽപ്പെടുന്നവർക്ക് രക്ഷയേകാൻ ആംബുലസ്, വാഹനങ്ങൾ മാറ്റാൻ ക്രെയിനുകൾ, റിക്കവറി വാഹനങ്ങൾ എന്നിയും ബൈപ്പാസിൽ കണികാണാനില്ല.
നിർമാണം പൂർത്തിയാക്കാതെയും ഉദ്ഘാടനത്തിനുപോലും കാത്തുനിൽക്കാതെയും ഗതഗതത്തിനായി റോഡു തുറന്നുനൽകി തടിതപ്പിയ ദേശീയപാതാ അധികൃതരും പിന്നീട് ഇങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല. കളിയിക്കാവിള മുതൽ വെഞ്ഞാറമൂടുവരെ നീളുന്ന 60 കിലോമീറ്റർ ദൂരം 2.10 മണിക്കൂറുകൊണ്ട് ഓടി ചരിത്രം സൃഷ്ടിക്കാമെന്നാണ് അധികൃതരുടെ വാദം.
കളിയിക്കാവിളയിൽനിന്നു നെയ്യാറ്റിൻകര ദേശീയപാത വഴി പോകുന്നതിനെക്കാൾ മൂന്നു മണിക്കൂറോളം ലാഭത്തിൽ വെഞ്ഞാറമൂട് എത്താൻ പാകത്തിലാണ് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നത്. എന്നാൽ ഏറെ വാഹനത്തിരക്കുള്ളതും ജനത്തിരക്കുള്ളതുമായറോഡിലൂടെ പറയുന്ന വേഗത്തിൽ ഓടാൻ പറ്റുമോ എന്ന സംശയംഡ്രൈവർമാരും പ്രകടിപ്പിക്കുന്നുണ്ട്.
നെയ്യാറ്റിൻകര, പാറശാല, പൂവാർ, വിഴിഞ്ഞം ഡിപ്പോകളിൽനിന്നു രണ്ട് ട്രിപ്പുകൾ വീതം എട്ട് സിറ്റി ഫാസ്റ്റ് ബസുകളാകും പരീക്ഷണാടിസ്ഥാനത്തിൽ ബൈപ്പാസ് വഴി ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.
പുലർച്ചെ 5.30ന് കളിയിക്കാവിളയിൽനിന്ന് ആരംഭിച്ച് പാറശാല, കാരോട്, കീഴമ്മാകം, കൈവൻ വിള, വിഴിഞ്ഞം, കോവളം, തിരുവല്ലം വഴി വെഞ്ഞാറമൂടിൽ എത്തും. 16നു രാവിലെ ആഘോഷപൂർവം ആദ്യ ബസിനെ യാത്രയാക്കും. അശാസ്ത്രീയമായി നിർമിച്ച സർവീസ് റോഡിൽ പ്രവേശിക്കാത്ത ബസുകളുടെ കളക്ഷൻ എത്രയെന്നു കണ്ടറിയണം.