വാട്ടർ ടാങ്കിലെ ചോർച്ച; ദിനംപ്രതി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം
1467850
Sunday, November 10, 2024 2:39 AM IST
പേരൂർക്കട: ജലസംഭരണിയുടെ കാലപ്പഴക്കം മൂലം ദിനംപ്രതി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം. പേരൂർക്കട ലോ അക്കാഡമിക്ക് സമീപം കേരള വാട്ടർ അഥോറിറ്റിയുടെ ജലസംഭരണങ്ങളിൽ ഒന്നിലാണ് മാസങ്ങളായി ചോർച്ചയുള്ളത്. ഭൂമിക്കടിയിലാണ് സംഭരണി സ്ഥാപിച്ചിരിക്കുന്നത്.
അരുവിക്കരയിൽ നിന്നുള്ള വെള്ളം ശേഖരിച്ച് തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന കൂറ്റൻ സംഭരണിയാണ് ഇത്. സംഭരണിയുടെ കാലപ്പഴക്കം മൂലമാണ് ചോർച്ച ഉണ്ടായിരിക്കുന്നത്.
ഇത് സംബന്ധിച്ച് ജനപ്രതിനിധികൾ നിരവധിതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. പേരൂർക്കടയിൽ വാട്ടർ അഥോറിറ്റിയുടെ കോമ്പൗണ്ടിലെ മതിൽ കടന്ന് ഹാർവിപുരം ഒന്നാം ലെയിനിലെ റോഡ് മുറിച്ചു കടന്ന് ഓടയിൽ കൂടിയാണ് ജലം പാഴായിക്കൊണ്ടിരിക്കുന്നത്.
വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് കാരണം സമീപത്തെ റോഡ് ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. മാസങ്ങളായി പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടികൾ സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
ചേർച്ച സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും എത്രയും വേഗം പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടപ്പനക്കുന്ന് മുൻ വാർഡ് കൗൺസിലർ എസ്.
മുരുകൻ പറഞ്ഞു. നിലവിൽ പേരൂർക്കട വാട്ടർ അഥോറിറ്റി സെക്ഷനു കീഴിലുള്ള നിരവധി സ്ഥലങ്ങളിൽ പൈപ്പ്പൊട്ടി ചെറിയ രീതിയിലെങ്കിലും ജലം പാഴാകുന്നുണ്ട്. ഇതിനുപുറമെയാണ് ജലസംഭരണിയിൽ നിന്നുള്ള ജലച്ചോർച്ച.
ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ ജലലഭ്യത കുറയുന്നതിന് കാരണവും ഇതുതന്നെയാണ്. പേരൂർക്കട ജലസംഭരണിയിലെ ചോർച്ചയെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അത് പരിഹരിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും കേരള വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ദീപികയോട് പറഞ്ഞു.