അപകടാനന്തര ചികിത്സയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കുള്ള സ്ഥാനം
അപകടാനന്തര ചികിത്സയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കുള്ള സ്ഥാനം
Friday, March 12, 2021 4:14 PM IST
റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 2016 ല്‍ മാത്രം ഒന്നര ലക്ഷം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപകടാനന്തരം സംഭവിച്ചിട്ടുള്ള പരുക്കുകളും രോഗാവസ്ഥകളും വൈകല്യങ്ങളും ഇതിലും വലുതാണ്. ഒരു ട്രോമ സെന്‍ററിന് ആന്തരികാവയങ്ങള്‍ക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകള്‍ കൈകാര്യം ചെയ്യുന്നതിനു പുറമേ കൈകാലുകളിലെയും ദേഹത്തേയും കവിളെല്ലിനും മുഖത്തിനും മാംസപേശികള്‍ക്കും പറ്റുന്ന പരുക്കുകളും അവയുടെ പ്രത്യാഘാതങ്ങളേയും വൈകല്യങ്ങളെയും കൈകാര്യം ചെയ്യുന്ന വെല്ലുവിളി കൂടിയുണ്ട്.

പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി

ട്രോമ സര്‍വീസില്‍ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. പ്രധാനമായും അംഗഭംഗം, തല, കഴുത്ത്, കൈകാലുകള്‍, പെരിനിയം എന്നിവിടങ്ങളിലെ പേശി നഷ്ടം എന്നിവ മറ്റു വിഭാഗങ്ങളോടൊപ്പം പുനര്‍ നിര്‍മാണ സര്‍ജറി (Reconstructive Surgery) ചെയ്യുന്നതില്‍ പ്ലാസ്റ്റിക് സര്‍ജന് നിര്‍ണായ പങ്കുണ്ട്. പ്ലാസ്റ്റിക് സര്‍ജന്റെ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഒരു ട്രോമ സെന്ററിന് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും ലോകമെമ്പാടും ഈ പങ്ക് അംഗീകരിച്ചിട്ടില്ല.

അപകടാനന്തരം മുറിവ് തുന്നുന്നതു മുതല്‍ അംഗഭംഗം വന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മാണം ചെയ്യുന്നതുവരെയുള്ള ശസ്ത്രക്രിയകള്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ചികിത്സിക്കാനാകും. ശരീരത്തിന്റെ ചര്‍മം, തലയോട്ടി, മുഖം, കൈകാലുകള്‍, സ്തനങ്ങള്‍, ദേഹം, ജനനേന്ദ്രിയം എന്നിങ്ങനെ പല ഭാഗങ്ങള്‍ക്കുണ്ടാകാവുന്ന മുറിവുകള്‍, അംഗഭംഗം എന്നിവ പുനര്‍നിര്‍മാണ ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാന്‍ സാധിക്കും. യന്ത്രത്താലുണ്ടാകുന്ന പരിക്കുകള്‍, ഗ്ലാസ് മൂലമുണ്ടായിട്ടുള്ള പരിക്കുകള്‍, മറ്റു മൂര്‍ച്ചയില്ലാത്ത ഉപകരണങ്ങളാലുണ്ടായിട്ടുള്ള ചതവുകള്‍, കത്തിക്കൊണ്ടുണ്ടായിുള്ള മുറിവുകള്‍, മൃഗങ്ങളോ മനുഷ്യനോ കടിച്ചുണ്ടായ മുറിവുകള്‍, വീഴ്ചയാലുണ്ടാകാവുന്ന പരിക്കുകള്‍, സ്‌പോര്‍ട്‌സ് പരിക്കുകള്‍, ബോംബ് സ്‌ഫോടന പരിക്കുകള്‍, പൊള്ളലേറ്റ പരിക്കുകള്‍, മുറിഞ്ഞുപോയ ശരീര ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുക എന്നിങ്ങനെ പല കാര്യങ്ങളാലുണ്ടാകുന്ന മുറിവുകളും വൈകല്യങ്ങളും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ചികിത്സിക്കാനാകും.

കൈകളിലുണ്ടാകുന്ന പരിക്കുകള്‍

കൈകളിലാണ് ഏറ്റവുമധികം ശസ്ത്രക്രിയകള്‍ നടക്കുന്ന ശരീരഭാഗം. അപകടങ്ങളാണ് കൈകളിലുണ്ടാകുന്ന പരിക്കുകള്‍ക്കുള്ള മുഖ്യ കാരണം. ടെന്‍ഡണ്‍, നാഡി, ധമനികളുടെ ശസ്ത്രക്രിയകളാണ് കൂടുതലും നടക്കുക. അതുപോലെ തന്നെ ഒടിവുകള്‍ പരിഹരിക്കുക, പൂര്‍ണമായും മുറിഞ്ഞു പോയ വിരലുകള്‍, ഹസ്തങ്ങള്‍ എന്നിവ മൈക്രോവാസ്‌കുലാര്‍ സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കുക, ചെറുതും വലുതുമായ വൈകല്യങ്ങള്‍, സ്‌കിന്‍ ഗ്രാഫ്റ്റ് അല്ലെങ്കില്‍ പേശികളുടെ ഫ്‌ളാപ്പുകള്‍ ഉപയോഗിച്ച് നികത്തുക എന്നിങ്ങനെയുള്ള ശസ്ത്രക്രിയകളും പ്ലാസ്റ്റിക് സര്‍ജന്‍ ചെയ്യുന്നു.

വിരലുകളിലെ പരിക്കുകള്‍ വളരെ സാധാരണയായി കാഷ്വാലിറ്റികളില്‍ വരുന്നതാണ്. അതു മിക്കതും മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കാരണമോ ചതവോ (വാതില്‍ കെണി പരിക്ക്), മിക്‌സര്‍ ഗ്രൈന്‍ഡര്‍ പരിക്ക്, ബൈക്ക് ചെയ്ന്‍ പരിക്ക് അല്ലെങ്കില്‍ ജോലി സ്ഥലങ്ങളിലെ യന്ത്രങ്ങളാലുണ്ടാകുന്ന മുറിവുകള്‍ എന്നിവയാണ്. വിരലുകള്‍ക്കുണ്ടാകുന്ന മുറിവ് വളരെ ചെറുതും വളരെ സാരമേറിയതുമാകും. അതിനാല്‍ ചിലപ്പോള്‍ പൂര്‍ണമായി മുറിഞ്ഞു മാറിയിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ മൈക്രോ വാസ്‌കുലാര്‍ ശസ്ത്രക്രിയയിലൂടെ, ഇങ്ങനെ മുറിഞ്ഞ വിരലുകള്‍ തിരിച്ചു തുന്നിച്ചേര്‍ക്കുകയും വീണ്ടും അവ പ്രവര്‍ത്തനക്ഷമമാക്കാനും സാധിക്കും. അതിനാല്‍ അങ്ങനെ പൂര്‍ണമായും മുറിഞ്ഞ വിരലുകളോ ശരീരഭാഗങ്ങളോ ഒരു നനഞ്ഞ തുണിയില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച് അത് ഐസ് ക്യൂബുകള്‍ നിറച്ച ബാഗിലോ പാത്രത്തിലോ വച്ചുകൊണ്ട് എത്രയും വേഗം ആശുപത്രിയിലേക്ക് എത്തിക്കണം.

മറ്റുതരത്തിലുള്ള പരിക്കുകള്‍

തല, കഴുത്ത് എന്നീ ഭാഗങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ചെറിയ ഉരച്ചിലുകള്‍, മുറിവുകള്‍, പേശി നഷ്ടം, മുഖത്തിലെ അസ്ഥിയുടെ ഒടിവുകള്‍ എന്നിവയ്ക്ക് കാരണമാകാം. സൗന്ദര്യാമായി ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മുഖം എന്നതിനാല്‍ സര്‍ജറികള്‍ കൂടുതലായി മുഖത്തു നടക്കുന്നു. ഇവ പ്രധാനമായും മുറിവുകള്‍ വന്നയുടനെ തുന്നുന്നതോ അല്ലെങ്കില്‍ അപകടാനന്തരമുണ്ടായ വടുക്കളോ വൈകല്യങ്ങള്‍ക്കോ വേണ്ടിയുള്ള തിരുത്തല്‍ ശസ്ത്രക്രിയകളോ ആണ്.


കാലുകള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ മിക്കതും റോഡപകടങ്ങള്‍ കാരണമായാണ് കാണാറുള്ളത്. ഇങ്ങനെയുള്ള പരിക്കുകള്‍ അസ്ഥിവിഭാഗത്തോ ടൊപ്പമാണ് പ്ലാസ്റ്റിക് സര്‍ജന്‍ ചികിത്സിക്കുക. പരിക്കുകളുടെ ഭാഗമായി് ഉണ്ടായിട്ടുള്ള എല്ലിന്റെ പൊലുകള്‍ ഉറപ്പിക്കുന്നതോടൊപ്പം പ്രാരംഭത്തില്‍ തന്നെ, ഉണ്ടായിുള്ള മാംസപേശികളിലെ വിടവോ നഷ്ടങ്ങളോ വിലയിരുത്തുന്നു. പിന്നീട് മുറിവുകള്‍ നികത്തുന്നതിനും ഉണങ്ങുന്നതിന് ആക്കം കൂട്ടുന്നതിനും വേണ്ടി, ചര്‍മം കൊണ്ടോ പേശികള്‍ കൊണ്ടോ പുനര്‍ നിര്‍മാണ ശസ്ത്രക്രിയ നടത്തുന്നു. നാഡിക്കോ ധമനികള്‍ക്കോ പരിക്കേറ്റിട്ടുണ്ടെങ്കില്‍ അടിയന്തിരമായി അതു തുന്നിപ്പിടിപ്പിച്ചതിനുശേഷം പിന്നീടു പേശികള്‍ക്കുള്ള വിടവു നികര്‍ത്തല്‍ പ്ലാസ്റ്റിക് സര്‍ജന്‍ ചെയ്യുന്നു.

മൈക്രോ വാസ്‌കുലാര്‍ സര്‍ജറി

ചര്‍മത്തിലോ പേശികളിലോ എല്ലിലോ ഉള്ള വിടവുകളും ടിഷ്യു നഷ്ടവും മറ്റു ശരീരഭാഗങ്ങളില്‍ നിന്നും ടിഷ്യു എടുത്തു മൈക്രോ വാസ്‌കുലാര്‍ സര്‍ജറി വഴി നികത്താം. മൈക്രോ വാസ്‌കുലാര്‍ സര്‍ജറി എന്നാല്‍ വളരെ ചെറിയ ശരീരഭാഗങ്ങള്‍ മൈക്രോ സ്‌കോപ്പിന്റെ സഹായത്തോടെ വലുതായി കാണുകയും അവ കൈകാര്യം ചെയ്യുന്നതിനും തുന്നുന്നതിനും വളരെ സൂക്ഷ്മതയേറിയ ഉപകരണങ്ങളുടെ സഹായത്തോടെ പേശികളിലേക്കുള്ള ചെറിയ ധമനികളെ ആവശ്യമുള്ള ഭാഗത്തിനടുത്തുള്ള രക്തക്കുഴലുകളുമായി ബന്ധിപ്പിക്കുന്നതുവഴി, ജീവനുള്ള ടിഷ്യു ഉപയോഗിച്ച് തുറവ് പരിഹരിക്കുന്നതിനോടൊപ്പം മുറിവ് വേഗം ഉണങ്ങുന്നതിനു സഹായിക്കുകയും ചെയ്യുന്നു. ഈ തത്വമുപയോഗിച്ചു തന്നെയാണ് നാഡികള്‍ക്കു സംഭവിക്കുന്ന അപകടാനന്തരമുള്ള മുറിവുകളും പരിഹരിക്കുന്നത്. ഉദാഹരണത്തിന് അപകടാനന്തരം സംഭവിക്കുന്ന നാഡിസംബന്ധമായ മുറിവുകള്‍ മൈക്രോവാസ്‌കുലാര്‍ ശസ്ത്രക്രിയയിലൂടെ പുനര്‍നിര്‍മാണം ചെയ്യുകയും വൈകല്യം കുറയ്ക്കാനും സാധിക്കും. അതേ സമയം അത്ര ആഴത്തിലുള്ളത് അല്ലാത്ത മുറിവുകള്‍ക്ക് മറ്റു ശരീരഭാഗങ്ങളില്‍ നിന്നു ചര്‍മം മാത്രം ഉപയോഗിച്ചു മുറിവ് മൂടുന്നു. ഈ പ്രക്രിയയാണ് സ്‌കിന്‍ ഗ്രാഫ്റ്റിംഗ്.

പ്രാരംഭത്തില്‍ പരിഹരിക്കാന്‍ സാധിക്കാത്ത നാഡികള്‍ക്കുള്ള പരിക്കുകളാലുള്ള വൈകല്യങ്ങള്‍ക്കുവേണ്ടി ടെന്‍ഡണ്‍ മാറ്റിവയ്ക്കല്‍ (Tendon Transfer) അല്ലെങ്കില്‍ പേശി മാറ്റിവയ്ക്കല്‍ (Muscle Transfer) ചെയ്യുന്നതിലൂടെ പ്രവര്‍ത്തനപരമായ പുനര്‍നിര്‍മാണം സാധിക്കും.

പൊള്ളലിന്

അപകടാനന്തരം സംഭവിക്കാവുന്ന മറ്റൊരു ഗുരുതരമായ പരിക്കാണ് പൊള്ളല്‍. പ്രാഥമിക പരിചരണവും തുടര്‍ പരിചരണവും ശരിയായി ലഭിക്കുകയാണെങ്കില്‍ തീവ്രമായ പൊള്ളലുകളും ഒരു പരിധിവരെ രക്ഷിക്കാനാവും. പഴയ ചികിത്സാരീതിയെ അപേക്ഷിച്ച് ഇന്നു വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പൊള്ളലേറ്റ ഭാഗം നിരന്തരം വൃത്തിയാക്കി ഡ്രസ് ചെയ്യുക, തുടര്‍ന്ന് ആരോഗ്യമുള്ള ചര്‍മം കൊണ്ട് മറയ്ക്കുക, ചര്‍മം ലഭ്യമല്ലെങ്കില്‍ ചര്‍മത്തിനു പകരമായിട്ടുള്ളവ വച്ചു മറയ്ക്കുക എന്നിവ ഒരു പ്ലാസ്റ്റിക് സര്‍ജന് ചെയ്യാന്‍ സാധിക്കും. പൊള്ളലിനെ തുടര്‍ന്ന് വളരെയധികം വികൃതമായ വടുക്കള്‍ ഉണ്ടാകാനും ചര്‍മം വടുക്കളാല്‍ ചുരുങ്ങി ഒുന്നതിനാല്‍ വൈകല്യങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇതെല്ലാം ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമമാക്കാനും പ്ലാസ്റ്റിക് സര്‍ജന് സാധിക്കും.

അതിനാല്‍ പ്രാഥമിക അടിയന്തര സേവനങ്ങളില്‍ പ്ലാസ്‌ററിക് സര്‍ജന് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. അതുപോലെ തന്നെ അപകടാനന്തരം ഉണ്ടായേക്കാവുന്ന വൈകല്യങ്ങളും മുറിവുകളും തുടര്‍ ചികിത്സ ചെയ്യുന്നതിനും പുനര്‍നിര്‍മാണ തിരുത്തല്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നതുവഴി രൂപം മാത്രമല്ല അവയവങ്ങളുടെ നഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കാനും സാധിക്കും. ഇതുവഴി അപകടങ്ങളെ അതിജീവിക്കാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യാനും അപകടത്തില്‍പ്പെയാളെ പ്രാപ്തനാക്കാനും സാധിക്കും.

ഡോ.ആശിഷ് ശശിധരന്‍
കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക്, കോസ്‌മെറ്റിക് ആന്‍ഡ് മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍
മാര്‍സ്ലീവാ മെഡിസിറ്റി, പാലാ, ചേര്‍പ്പുങ്കല്‍