ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
Wednesday, November 4, 2020 4:10 PM IST
മനുഷ്യന്‍ തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊടുക്കുന്ന നിശ്ചിത കാലത്തേക്കുള്ള നിയമസംരക്ഷണം ആണ് ബൗദ്ധികസ്വത്തവകാശം. ഇവ പലപ്പോഴും വ്യവസായ, ശാസ്ത്രീയ, കലാ സാഹിത്യ സൃഷ്ടികള്‍ക്ക് ആണ് നല്‍കിവരുന്നത്. ബൗദ്ധിക സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടുന്നതു രജിസ്ട്രേഷനിലൂടെയാണ്.

ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹദാബാദ് എന്നിവിടങ്ങളിലാണ് ഐപി രജിസ്ട്രേഷന്‍ ഓഫീസുകള്‍ ഉള്ളത്. കേരളം ചെന്നൈ ഓഫീസിന്റെ പരിധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍്മെന്റിന്റെ കീഴിലാണ് ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശം പ്രധാനമായും അഞ്ചായി തരം തിരിച്ചിരിക്കുന്നു
1.പേറ്റന്റ്
2.കോപ്പിറൈറ്റ്
3.ട്രേഡ് മാര്‍ക്ക്
4.ഡിസൈന്‍സ്
5.ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്

1.പേറ്റന്റ്

നമ്മള്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും ഓരോ കണ്ടുപിടുത്തത്തിന്റെ ഫലമാണ്. ഒരു കണ്ടുപിടുത്തം നടത്തുന്ന ആളിന് കണ്ടുപിടുത്തത്തിന്മേല്‍ അനുവദിച്ചു കൊടുക്കുന്ന കുത്തകാവകാശം ആണ് പേറ്റന്റ്. പേറ്റന്റ് അനുവദിക്കുന്നതിനു മുമ്പ് അത്തരം ഒരു കണ്ടുപിടുത്തം ഭൂമിയില്‍ ലഭ്യമല്ല എന്ന് ഉറപ്പുവരുത്തുന്നു. ഏറ്റവും നൂതനമായ ഒരു കണ്ടുപിടുത്തത്തിനു മാത്രമേ പേറ്റന്റ് ലഭ്യമാകുകയുള്ളൂ. ഇതില്‍ സ്വന്തം കണ്ടുപിടുത്തം ഉപയോഗിക്കുന്നതിനും മറ്റൊരാള്‍ക്ക് അത് ഉപയോഗിക്കാനുള്ള അവകാശം കൊടുക്കുന്നതിനും സാധിക്കും. 20 വര്‍ഷത്തേക്കു മാത്രമേ ഒരു പേറ്റന്റിനു നിയമപരമായ പരിരക്ഷ ലഭിക്കുകയുള്ളൂ. അതുകഴിഞ്ഞാല്‍ അത് പൊതു സ്വത്തായി മാറുന്നു. ഇന്ത്യയില്‍ പേറ്റന്റിനെക്കുറിച്ചു പ്രതിപാദിക്കുന്നത് ദി പേറ്റന്റ്സ് ആക്ട് 1970 ആണ് .

2. കോപ്പിറൈറ്റ്

ഒരു സ്രഷ്ടാവിനു തന്റെ സൃഷ്ടിയുടെ മേല്‍ ലഭിക്കുന്ന നിയമപരമായ സംരക്ഷണമാണ് കോപ്പിറൈറ്റ്. ഇത് ഒരു നിശ്ചിത കാലത്തേക്കാണു ലഭ്യമാകുന്നത്. സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു സ്രഷ്ടാവില്‍ നിന്നു സൃഷ്ടിയുടെ അവകാശം വാങ്ങിയാല്‍ അതു വാണിജ്യപരമായി ഉപയോഗിക്കുവാന്‍ സാധിക്കും. അച്ചടിയുടെ വരവോടുകൂടിയാണ് കോപ്പിറൈറ്റ് എന്ന ആശയത്തിന്റെ പ്രാധാന്യം കൂടിയത്. ഇന്റര്‍നെറ്റിന്റെ വരവോടുകൂടി അത് ജനകീയമായി തീര്‍ന്നു. തല്‍ഫലമായി വ്യാജ പതിപ്പുകളും ജനകീയമായിത്തീര്‍ന്നു. ഇന്ത്യയില്‍ ഇതു സംബന്ധിച്ച നിയമം ദി കോപ്പി റൈറ്റ് ആക്ട് 1957 ആണ്.


3.ട്രേഡ് മാര്‍ക്ക്

വ്യക്തികള്‍ക്ക് ഓരോ പേരുകള്‍ ഉള്ളതുപോലെയാണ് സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും ഓരോ പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇതുവഴിയാണ് നമ്മള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും തിരിച്ചറിയുന്നത്. ഇവ ട്രേഡ്മാര്‍ക്ക് അഥവാ വ്യാപാര മുദ്ര എന്നറിയപ്പെടുന്നു. ഒരു ദിവസത്തില്‍ ഒരു മനുഷ്യന്‍ ശരാശരി 1500 ഓളം ട്രേഡ്മാര്‍ക്കുകള്‍ കാണുന്നു എന്നാണ് കരുതപ്പെടുന്നത്. ഉത്പാദകനെ തിരിച്ചറിയുക, ഒരു ഉത്പന്നത്തില്‍ നിന്നു മറ്റൊരു ഉല്‍പ്പന്നത്തെ വേര്‍തിരിച്ചറിയുക എന്നതാണ് ട്രേഡ് മാര്‍ക്കിന്റെ പ്രധാന ഉദ്ദേശം. ഇതിന്റെ കാലാവധി പരമാവധി പത്തു വര്‍ഷമാണ്. കൂടാതെ ഓരോ പത്തു വര്‍ഷം വീതം തുടര്‍ച്ചയായി കാലാവധി നീട്ടാവുന്നതുമാണ്. ഇന്ത്യയില്‍ ഇതു സംബന്ധിച്ച നിയമം ദി ട്രേഡ് മാര്‍ക്ക് ആക്ട് 1999 ആണ്.

4.ഡിസൈന്‍സ്

ഒരു ഉത്പന്നത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയോ രൂപമോ പുതുമയുള്ളതാണെങ്കില്‍ അതിനു ഡിസൈന്‍സ് എന്ന സ്വത്തവകാശ സംരക്ഷണം ലഭിക്കുന്നു. അനുകരണങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാനമായ ലക്ഷ്യം. ഡിസൈന്‍ സംരക്ഷണം ലഭിക്കുന്നതിന് വസ്തുവിന് ഒരു രൂപവും ഡിസൈനും ഉണ്ടായിരിക്കണം. മുമ്പു കണ്ടിട്ടുള്ളതില്‍ നിന്നു വ്യത്യസ്തവും ഉപയോഗപ്രദവും ആയിരിക്കണം ഡിസൈന്‍. ഇന്ത്യയില്‍ ഇതു സംബന്ധിച്ച നിയമം ദി ഡിസൈന്‍സ് ആക്ട് 2000 ആണ് .

5.ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് അഥവാ ഭൗമ സൂചിക

ചില സ്ഥലങ്ങളില്‍ നിന്നു വരുന്ന വസ്തുക്കള്‍ ആ സ്ഥലത്തിന്റെ പേരോടുകൂടി അറിയപ്പെടുന്നു. ഇത്തരം വസ്തുക്കള്‍ക്കു കൊടുക്കുന്ന സംരക്ഷണമാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, വ്യവസായ വാണിജ്യ ആവശ്യത്തിനുള്ള വസ്തുക്കള്‍ ഇവയൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നു. ആറന്‍മുള കണ്ണാടി, പാലക്കാടന്‍ മട്ട, വാഴക്കുളം കൈതച്ചക്ക, നിലമ്പൂര്‍ തേക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ ഇതു സംബന്ധിച്ച നിയമം ദി ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ഓഫ് ഗുഡ്സ് (രജിസ്ടേഷന്‍ ആന്റ് പ്രൊക്ഷന്‍) ആക്ട്, 1999).

എ.വി. വിമല്‍ കുമാര്‍
അഭിഭാഷകന്‍, കേരള ഹൈക്കോടതി, ലെക്‌സ് എക്‌സ്‌പെര്‍ട്‌സ് ഗ്ലോബല്‍
അഡ്വക്കേറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, എറണാകുളം