ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005
ഗാര്‍ഹിക അന്തരീക്ഷത്തില്‍ അതിക്രമം കൂടാതെ ജീവിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ മുന്‍ നിര്‍ത്തി നിര്‍മിക്കപ്പെതാണ് ഈ നിയമം. സമത്വം, സ്വാതന്ത്രം, സമാധാനം, നീതി എന്നിവ ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ന് വര്‍ധിച്ചു വരികയാണ്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് സ്വന്തം വീടുകളില്‍ തന്നെയാണ്. അതിക്രമങ്ങള്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിലവില്‍ വന്നതാണ് ഈ നിയമം. കുടുബാന്തരീക്ഷത്തില്‍ ജീവിക്കാനുള്ള സ്ത്രീയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഗാര്‍ഹിക ബന്ധം എന്നാല്‍ ഗൃഹത്തില്‍ താമസിക്കുന്നത് വഴിയുള്ള ബന്ധം എന്നാണിവിടെ അര്‍ഥമാക്കുന്നത്. ഇതില്‍ രക്തബന്ധം, വൈവാഹിക ബന്ധം, വിവാഹേതര ബന്ധം (ലിവിംഗ് ടുഗദര്‍) എന്നിവ ഉള്‍പ്പെടുന്നു. സ്വന്തം വീടുകളില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക.

ഗാര്‍ഹിക അതിക്രമങ്ങള്‍ എന്നാല്‍ എന്താണ്?

ഗാര്‍ഹിക അതിക്രമം അഥവാ പീഡനം എന്നത് സ്വന്തം വീട്ടുകാര്‍, പങ്കാളി, ഭര്‍തൃവീട്ടുകാര്‍ എന്നിവരില്‍ നിന്നുള്ള അതിക്രമങ്ങളാണ്.

ഗാര്‍ഹിക അതിക്രമങ്ങള്‍ നാലു തരം

1 . ശാരീരിക അതിക്രമം
ഒരു സ്ത്രീയുടെ ശരീരത്തില്‍ അപകടമോ വേദനയോ ഉളവാക്കാവുന്നതായ എല്ലാത്തരം ശാരീരിക ഉപദ്രവങ്ങളും ഇതില്‍പ്പെടുന്നു.

2. മാനസികമായ അതിക്രമം
പരിഹസിക്കല്‍, കുറ്റപ്പെടുത്തല്‍, വാക്കാലുള്ള അവഹേളനം, അപകീര്‍ത്തിപ്പെടുത്തല്‍, മാനസിക പീഡനം ഇവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ കുട്ടികള്‍ ഉണ്ടാകാത്തതിനോ ആണ്‍കുട്ടികള്‍ ഉണ്ടാകാത്തതിനോ സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകരമാണ്.

3. ലൈംഗികാതിക്രമം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക പ്രവൃത്തികള്‍, ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കല്‍ ഇതെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. കൂടാതെ വിവാഹബന്ധത്തില്‍ നടക്കുന്ന ബലാല്‍സംഗങ്ങള്‍ അതായത് ഭാര്യയുടെ സമ്മതമില്ലാതെ അവരുമായി ബലമായുള്ള ലൈംഗികബന്ധം, അശ്ലീല ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിക്കല്‍, ബാല ലൈംഗിക പീഡനങ്ങള്‍ മുതലായവ ലൈംഗികാതിക്രമങ്ങളാണ്.

4. സാമ്പത്തിക അതിക്രമം
ഭാര്യയ്ക്കും കുട്ടിയ്ക്കും ചെലവിന് കൊടുക്കാതിരിക്കുക, അവരെ സംരക്ഷിക്കാതിരിയ്ക്കുക, അവരെ ഉപേക്ഷിച്ചു പോവുക, വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വര്‍ണ്ണം, പണം എന്നിവയും ഭാര്യയുടെ പേരിലുള്ള സ്വത്ത് വകകളും അവരുടെ സമ്മതം ഇല്ലാതെ വിനിയോഗിക്കുക, ഭാര്യയുടെ ശമ്പളം പിടിച്ചുവാങ്ങുക, അവരെ ജോലി ചെയ്യുന്നതിന് അനുവദിക്കാതിരിക്കുക എന്നതെല്ലാം സാമ്പത്തിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.


എവിടെ പരാതി നല്‍കാം
ഗാര്‍ഹിക പീഡനത്തിന് ഇരയാവുകയോ അല്ലെങ്കില്‍ നടക്കാന്‍ ഇടയുണ്ടെന്ന് വിശ്വസിക്കാന്‍ തക്കതായ കാരണം ഉണ്ടെങ്കിലോ ഏതൊരു സ്ത്രീയ്ക്കും അല്ലെങ്കില്‍ ഇതിനെപ്പറ്റി അറിവുള്ള ഏതൊരാള്‍ക്കും പരാതി നല്‍കുവാന്‍ സാധിക്കും.


പരാതിക്കാരിയുടെ നിര്‍ദ്ദേശാനുസരണം മറ്റൊരു വ്യക്തിക്കോ, വനിതാസംരക്ഷണ ഉദ്യോഗസ്ഥയ്‌ക്കോ അല്ലെങ്കില്‍ സേവനദാതാക്കള്‍ക്കോ പരാതിക്കാരിക്കുവേണ്ടി കേസ് ഫയല്‍ ചെയ്യുവാന്‍ അധികാരമുണ്ട്. ഓരോ ജില്ലയിലും സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ ഒരു വനിതാ സംരക്ഷണ ഉദ്യോസ്ഥയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗാര്‍ഹിക പീഡന പരാതികള്‍ക്കായി എല്ലാ ജില്ലകളിലും സാമൂഹിക ക്ഷേമ വകുപ്പിന്റെ തന്നെ സേവനദാതാക്കളും അതാത് സന്നദ്ധ സംഘടനകളും (എന്‍ജിഒ) പ്രവര്‍ത്തിച്ച് വരുന്നു. ഇവരുടെ സേവനം തികച്ചും സൗജന്യമാണ്. സംസ്ഥാന, ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി മുഖേനയും സൗജന്യ നിയമ സഹായം തേടാം. സ്വന്തം അഭിഭാഷകന്‍ മുഖേനയും സ്ത്രീക്ക് പരാതി നല്‍കാം.

മജിസ്േ്രടറ്റ് കോടതിയിലാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യേണ്ടത്. പരാതിക്കാരി താമസിക്കുന്നതോ ജോലിചെയ്യുന്നതോ ആയ സ്ഥലത്തെ മജിസ്േ്രടറ്റ് കോടതി, എതിര്‍കക്ഷി താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്ഥലത്തെ മജിസ്‌ടേറ്റ് കോടതി, പരാതിക്കടിസ്ഥാനമായ സംഭവം നടന്ന സ്ഥലത്തെമജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ കേസ് ഫയല്‍ ചെയ്യാം. സാധാരണഗതിയില്‍ പരാതി ലഭിച്ചു കഴിഞ്ഞാല്‍ അറുപത് ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.

കോടതി നല്‍കുന്ന ഉത്തരവുകള്‍

ആരാണോ അക്രമം നടത്തുന്നത് അയാളോട് അത് നിറുത്തുവാന്‍ കല്‍പ്പിക്കുന്ന സംരക്ഷണ ഉത്തരവുകള്‍ നല്‍കുവാന്‍ കോടതിയ്ക്ക് അധികാരം ഉണ്ട്. കൂടാതെ ചികില്‍സയ്ക്ക് ആവശ്യമായ ചെലവുകളും തൊഴില്‍ എടുക്കുവാന്‍ പറ്റാതായ കാലത്തേയ്ക്കുള്ള നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിടാന്‍ കോടതിക്ക് അധികാരമുണ്ട്. ഭര്‍ത്താവിന്റെയോ, മാതാപിതാക്കളുടെയോ പേരിലുള്ള വീടാണെങ്കിലും ഭാര്യയ്ക്ക് ആ വീട്ടില്‍ താമസിക്കുവാനുള്ള ഉത്തരവ് കോടതിക്ക് നല്‍കാം. വീട് ആരുടെ പേരില്‍ ഉള്ളതാണെങ്കിലും അതിക്രമം നടത്തുന്ന വ്യക്തി പുരുഷാനാണെങ്കില്‍ അയാളോട് ആ വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ കോടതിയ്ക്ക് ഉത്തരവ് നല്‍കാവുന്നതാണ്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച താല്‍ക്കാലിക ഉത്തരവ് നല്‍കുന്നതിനും പരാതിക്കാരിക്കും കുട്ടികള്‍ക്കും ദൈന്യംദിന ചിലവുകള്‍ക്കുള്ള ഉത്തരവ് നല്‍കുവാനും കോടതിക്ക് കഴിയും. ശാരീരിക മാനസിക പീഡനങ്ങള്‍ക്കുള്ള നഷ്ടപരിഹാര ഉത്തരവ് നല്‍കുവാനും സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് തടയുവാനും അപഹരിച്ച സ്വത്തുക്കള്‍ തിരിച്ചു കൊടുപ്പിക്കുന്നതിനും കോടതിക്ക് ഉത്തരവ് നല്‍കാം.

പരാതിക്കാരിക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ നിന്ന് മാറി താമസിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച അഭയ മന്ദിരങ്ങള്‍ ലഭിക്കും. സൗജന്യ ചികില്‍സയ്ക്കുള്ള സഹായവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ പരാതിക്കാരിയുടെ കുടുബാംഗങ്ങള്‍ക്കും സൗജന്യ കൗണ്‍സലിംഗ് സേവനദാതാക്കള്‍ വഴി ലഭ്യമാക്കും.

സ്വഗൃഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനും പരാതി നല്‍കാനും സ്ത്രീകള്‍ തന്നെ തയാറാവേണ്ടത് ആവശ്യമാണ്. അതിക്രമങ്ങള്‍ ഇല്ലാത്ത ഗാര്‍ഹിക അന്തരീക്ഷം സ്ത്രീയുടെ ഔദാര്യമല്ല മറിച്ച് അവകാശമാണ്..

വിമല്‍ കുമാര്‍ എ.വി.
അഭിഭാഷകന്‍,കേരള ഹൈക്കോടതി, ലെക്‌സ് എക്‌സ്‌പെര്‍ട്ട്‌സ് ഗ്ലോബല്‍
അഡ്വക്കേറ്റ്‌സ് ആന്‍ഡ് അറ്റോര്‍ണീസ്, എറണാകുളം