കരുതാം കുടുംബ ഭദ്രതയ്ക്കായി 6 കാര്യങ്ങള്‍
Thursday, January 16, 2020 3:45 PM IST
ഭാരതത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ വളരെയധികം വില കല്പിക്കപ്പെടുന്ന ഒന്നാണ് കുടുംബം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുടുംബജീവിത വ്യവസ്ഥയില്‍ പല മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും കുടുംബം എന്ന സങ്കല്പം ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കുടുംബാന്തരീക്ഷം എത്ര മികച്ചതാണോ അത്രയും നന്നാവും ആ കുടുംബത്തിലെ വ്യക്തികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ മാനസികാരോഗ്യവും. എന്നാല്‍, ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ കുടുംബത്തെ താളം തെറ്റിച്ചെന്നു വരാം. അത്തരത്തില്‍ മിക്ക കുടുംബങ്ങളിലും വില്ലനായേക്കാവുന്ന ചില പ്രശ്‌നങ്ങളെ എങ്ങനെ ഒഴിവാക്കാം അല്ലെങ്കില്‍ നേരിടാം എന്ന് നോക്കാം.
ആശയവിനിമയം ഇല്ലായ്മ
കുടുംബത്തിലെ ആളുകള്‍ തമ്മിലുള്ള ആശയവിനിമയം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അതുപോലെതന്നെ പരിഹരിക്കുകയും ചെയ്യും. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ശരിയായ ആശയ കൈമാറ്റങ്ങള്‍ ആ കുടുംബത്തിന്റെ അടിസ്ഥാന ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പലപ്പോഴും മറ്റൊരാള്‍ക്ക് കേള്‍ക്കുമ്പോള്‍ എന്ത് തോന്നും എന്ന ഭയത്താല്‍ പുറത്തു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍, അത്തരത്തില്‍ കാര്യങ്ങള്‍ ഉള്ളിലൊതുക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലതാനും. മനസില്‍ തോന്നുന്ന സംശയങ്ങള്‍, ആശങ്കകള്‍, പങ്കാളിയില്‍നിന്നുമുള്ള വേദന ഉളവാക്കുന്ന കാര്യങ്ങള്‍, മക്കളോടുള്ള സമയോചിതമായ ശാസന എന്നിവയെല്ലാം പലപ്പോഴും പറയേണ്ടുന്ന സമയത്ത് പറയാതിരിക്കുമ്പോള്‍ മറ്റു പല പ്രശ്‌നങ്ങളിലേക്കും അത് നയിച്ചേക്കാം. പരസ്പരം വേദനിപ്പിക്കാതെ കാര്യങ്ങള്‍ സംയമനത്തോടെ തുറന്നു സംസാരിക്കുന്ന രീതി എല്ലാ കുടുംബത്തിലും ഉണ്ടാവണം. മക്കള്‍ക്ക് പേടികൂടാതെ അച്ഛനോടും അമ്മയോടും ഒരുപോലെ സമീപിക്കാന്‍ കഴിയണം. ഒരു പ്രായമെത്തുമ്പോള്‍ മക്കളോട് സംസാരിക്കേണ്ടതായ പല അനിവാര്യ വിഷയങ്ങളും ഉണ്ടാകും. അപ്പോള്‍ മാതാപിതാക്കള്‍ക്കും തടസമില്ലാതെ കാര്യങ്ങള്‍ തുറന്നവരോട് സംസാരിക്കാന്‍ കഴിയണം. അതിനു വളരെ നേരത്തെതന്നെ അവരോടു സംസാരരീതികള്‍ അവലംബിക്കുന്നത് നന്നായിരിക്കും. സൗഹാര്‍ദപൂര്‍വമായ കുടുംബസ്ഥിരതയ്ക്ക് അതിലുള്ള എല്ലാവരുടെയും സഹകരണം ആവശ്യമാണ്. തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടുന്നതു പോലെതന്നെ പ്രധാനമാണ് അഭിനന്ദനത്തില്‍ പിശുക്ക് കാണിക്കാതിരിക്കുക എന്നത്. ശരിയായ രീതികള്‍ അവലംബിക്കുവാന്‍ ഈ അഭിനന്ദനങ്ങള്‍ വേണം. അതുകൊണ്ട് നല്ലതു ചെയ്താല്‍ കുടുംബത്തിലെ ആരാണെങ്കിലും തുറന്നു അഭിനന്ദിക്കുന്നത് കുടുംബവ്യവസ്ഥിതിയേയും വ്യക്തിബന്ധങ്ങളെയും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും.
പരസ്പര ബഹുമാനം ഇല്ലായ്മ
ആശയവിനിമയം പോലെതന്നെ മറ്റൊരു പ്രസക്തമായ കാര്യമാണ് കുടുംബജീവിതത്തിലെ പരസ്പര ബഹുമാനം. ബഹുമാനം ആര്‍ക്കും കൊടുക്കാനോ ചോദിച്ചു വാങ്ങാനോ കഴിയുന്ന ഒന്നല്ല. അത് ഒരാളുടെ വ്യക്തിത്വം, പ്രവൃത്തി എന്നിവയിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്. ഒരു കുടുംബത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ സമ്പാദിക്കുന്ന ആള്‍ കൂടുതല്‍ ബഹുമാനത്തിന് അര്‍ഹന്‍ എന്നു പറയാന്‍ വയ്യ. കുടുംബത്തിന്റെ അഭിപ്രായങ്ങളും നേട്ടങ്ങളും ചെറുതാണെങ്കിലും വലുതാണെങ്കിലും അവയെ പരസ്പരം ബഹുമാനിക്കുക. കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കും തങ്ങള്‍ ബഹുമാനിക്കപ്പെടുന്നു അല്ലെങ്കില്‍ വില കല്പിക്കപ്പെടുന്നുവെന്നൊരു വികാരം ഉണ്ടാവണം. ആ വികാരമാണ് പലപ്പോഴും നമ്മളെ സമൂഹത്തില്‍ മുന്നേറാനും സ്വന്തം ആവശ്യങ്ങള്‍ തുറന്നു പറയാനും പ്രാപ്തനാക്കുന്നത്.
കുടുംബത്തിലെ എല്ലാവരോടുമൊപ്പം സമയം ചെലവഴിക്കുക, അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുക, ഒരു തീരുമാനമെടുക്കുമ്പോള്‍ പരസ്പരം അഭിപ്രായം ആരായുക ഇവയെല്ലാം ബഹുമാനത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. ബഹുമാനത്തില്‍ ലിംഗഭേദം വേണ്ട. അച്ഛന്‍ അമ്മയ്ക്കും അമ്മ അച്ഛനും ബഹുമാനം കൊടുക്കുന്നത് കണ്ടുതന്നെ നമ്മുടെ തലമുറകള്‍ വളരട്ടെ. ലിംഗഭേദത്തിന് അതീതമാണ് വ്യക്തിത്വവും ബഹുമാനവും എന്നു കുട്ടികള്‍ മനസിലാക്കട്ടെ. ഇത് കൂടാതെ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ ഒരുപോലെ കാണാനും വില കല്പിക്കാനും കുഞ്ഞുങ്ങള്‍ പഠിക്കട്ടെ.
താരതമ്യങ്ങള്‍ ഒഴിവാക്കാം
തങ്ങളോട് വളരെ ചേര്‍ന്ന് നില്‍ക്കുന്ന ആളുകളെ ചില ഗുണങ്ങളുടെ പ്രത്യക്ഷോദാഹരണങ്ങളായ ആളുകളുമായി താരതമ്യം ചെയ്യുക എന്നത് ചിലരെങ്കിലും ചെയ്തു വരാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് അനാരോഗ്യകരമാണെന്ന് തിരിച്ചറിവുണ്ടായിട്ടും പലരും ഇത് തുടരാറുമുണ്ട്. താരതമ്യം ചെയ്യുന്നത് മറ്റൊരാളെയും പങ്കാളിയേയും ആകാം. മറ്റ് കുട്ടകളെയും സ്വന്തം മക്കളെയുമാകാം. കുട്ടികള്‍ കുറേക്കൂടി പഠനത്തിലും പഠനേതര വിഷയങ്ങളിലും ശ്രദ്ധാലുക്കളാകുമെന്ന് കരുതുന്നു. എന്നാല്‍, ഗുണത്തെക്കാളേറെ ദോഷമാണ് ഇത് ചെയ്യുക എന്ന് പലരും തിരിച്ചറിയാറില്ല. അനാവശ്യമായി മനസിടിക്കാനും സ്വന്തം മൂല്യത്തെപ്പറ്റി ശങ്കിക്കുവാനും മാത്രമേ ഇത്തരം താരതമ്യങ്ങള്‍ സഹായിക്കുകയുള്ളു. താരതമ്യം ചെയ്യുന്ന വ്യക്തിയോട് മാനസികമായി അകലുവാനും അയാളുമായുള്ള വ്യക്തിബന്ധത്തില്‍ കയ്പ് ഉളവാക്കുവാനും ഇത് ഇടയാക്കും. കുടുംബഭദ്രതയ്ക്ക് ഈ ഒരു പ്രവണത ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
സാമ്പത്തിക ഭദ്രത
വീട്ടിലെ വരുമാനം എത്ര തന്നെയായാലും അത് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നിടത്താണ് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത നിലകൊള്ളുന്നത്. പങ്കാളിയുടെതായാലും കുട്ടികളുടേതായാലും പണം ചെലവഴിക്കുന്ന രീതി സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം. വരവില്‍ക്കവിഞ്ഞുള്ള ചെലവുകള്‍ കണക്കുകൂട്ടലുകളെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കും. ഇത് പലപ്പോഴും വീട്ടില്‍ കുറ്റാരോപണങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും വഴിയൊരുക്കും. സാമ്പത്തിക അച്ചടക്കത്തെപ്പറ്റിയും വിവേകപൂര്‍ണമായ സാമ്പത്തിക തീരുമാനങ്ങളെപ്പറ്റിയും കുടുംബാംഗങ്ങള്‍ക്കിടയില്‍ ഒരവബോധം ഉണ്ടാവുന്നത് വീട്ടില്‍ മാതൃകാപരമായ ഒരന്തരീക്ഷം സൃഷ്ടിക്കും.

സ്‌നേഹപ്രകടനം ഇല്ലാതെ
കുടുംബജീവിതത്തിലെ മറ്റൊരു അടിസ്ഥാന ഘടകമാണ് സ്‌നേഹപ്രകടനം. സ്‌നേഹപ്രകടനത്തിന്റെ ഒരു തലമാണ് ലൈംഗികതയും. ബാഹ്യമായ മാനസിക അടുപ്പവും മനസ് തുറക്കലും വേണമെങ്കില്‍ കുടുംബത്തില്‍ അടിസ്ഥാനപരമായി സ്‌നേഹം ഉണ്ടാകണം. സ്‌നേഹം ഉണ്ടെന്നുള്ളത് സ്‌നേഹപ്രകടനത്തിലൂടെ മാത്രമേ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും സാധിക്കുകയുള്ളൂ. ഭാര്യാഭര്‍തൃബന്ധത്തിലും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലും ആണിക്കല്ലായി നിലകൊള്ളുന്നത് സ്‌നേഹം തന്നെയാണ്. സ്‌നേഹപ്രകടനങ്ങള്‍ക്കും അതിന്റെ സ്വാഭാവിക പരിണാമമായ ലൈംഗിക ബന്ധത്തിനും വലിയ പങ്കുണ്ട്.
സൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുമ്പോഴാണ് നമുക്ക് നമ്മുടെ പങ്കാളിയെ പൂര്‍ണമായും സ്‌നേഹിക്കാന്‍ കഴിയുക. എന്താണ് തനിക്ക് വേണ്ടതെന്നു പലപ്പോഴും പങ്കാളികള്‍ തിരിച്ചറിയാതെയും അഥവാ അറിഞ്ഞാല്‍ തന്നെ അവ പ്രകടിപ്പിക്കാതെയും പോകുന്ന അവസരങ്ങളുണ്ട്. ഇവിടെ നമ്മള്‍ ആദ്യം ചര്‍ച്ച ചെയ്ത ആശയവിനിമയത്തിന് വളരെ പ്രാധാന്യമുണ്ട്. ദമ്പതികള്‍ തമ്മിലുള്ള ഊഷ്മളത നിലനിര്‍ത്തുന്നതില്‍ അച്ഛനമ്മമാരുടെ ഇടയിലുള്ള ആരോഗ്യകരവും പ്രത്യക്ഷവുമായ സ്‌നേഹപ്രകടനങ്ങള്‍ മക്കളുടെ മാനസിക വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു. തങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിതരായി മക്കള്‍ ഓടിവരുമ്പോള്‍ അവരെ അരികില്‍ ചേര്‍ത്തുനിര്‍ത്തി വാക്കുകള്‍ കൊണ്ടെന്നപോലെ ശരീരം കൊണ്ടും സ്‌നേഹം പ്രകടിപ്പിക്കുക. അവരുടെ മനസ് മുറിയുമ്പോഴും അവരെ ചേര്‍ത്തു നിര്‍ത്താന്‍ മടിക്കേണ്ട. ജീവിതസംഘര്‍ഷങ്ങളെ മറികടക്കാന്‍ ഈ സ്‌നേഹപ്രകടനങ്ങള്‍ കുട്ടികളെ സഹായിക്കും.
ഒരുമിച്ചെടുക്കാം തീരുമാനങ്ങള്‍
ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍, അല്ലെങ്കില്‍ ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ ഏകപക്ഷീയമായി അതിനെ കൈകാര്യം ചെയ്യാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായോഗികതലത്തില്‍ ചിന്തിച്ചാല്‍ ഒന്നില്‍ കൂടുതല്‍ ആശയങ്ങള്‍ എപ്പോഴും നല്ല പരിണതഫലം തരുന്നതായി കാണാം. വൈകാരികമായ ഒരു തലത്തില്‍ നിന്ന് നോക്കുമ്പോള്‍ 'ഉള്‍പ്പെടുത്തുന്നു' 'ഞാനും ഇതിന്റെ ഭാഗം', 'എന്റെ അഭിപ്രായത്തിനും വിലയുണ്ട്' എന്നീ തോന്നലുകള്‍ കുടുംബബന്ധത്തെ ശക്തിപ്പെടുത്തും. പങ്കാളിയെയാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ 'നാമൊരുമിച്ച്', 'നമ്മള്‍ ഒരൊറ്റ യൂണിറ്റ്' എന്ന ചിന്ത ദമ്പതികള്‍ക്കിടയില്‍ ഊഷ്മളത വര്‍ധിപ്പിക്കുന്നു. കുട്ടികളെയാണെങ്കില്‍ പ്രത്യേകിച്ച് കൗമാരക്കാരെയാണ് ഉള്‍പ്പെടുത്തുന്നതെങ്കില്‍ അത് മാതാപിതാക്കളുമായിട്ടുള്ള തുറന്ന ആശയവിനിമയത്തെ സഹായിക്കുകയും സ്വാഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യും. കുട്ടി തീരുമാനങ്ങളെടുക്കുന്നതിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയും അവനവനെ മൂല്യത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു.
ഡോ.സന്ധ്യ ചെര്‍ക്കില്‍
ന്യൂറോ സൈക്കോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം