മധുരം നിറച്ച് ഫൗസിയുടെ കേക്ക് വിപണി
മധുരം നിറച്ച് ഫൗസിയുടെ കേക്ക് വിപണി
Saturday, August 17, 2019 3:54 PM IST
മറ്റുള്ളവരുടെ ആഘോഷനിമിഷങ്ങളെ മധുരതരമാക്കി തന്റെ ജീവിതത്തിന് മാധുര്യം കൂട്ടുന്ന ജീവിതരേഖയാണ് ഫൗസി നൈസാം എന്ന യുവസംരംഭക മലയാളികള്‍ക്കു മുന്നില്‍ വരച്ചുകാട്ടുന്നത്. ലക്ഷ്യബോധവും പരിശ്രമവും ചേര്‍ത്തിണക്കിയ ഈ ജീവിതരേഖയുടെ ഗ്രാഫ് താഴാതെ പോകുന്നത് ഗുണനിലവാരത്തിലുള്ള കര്‍ശനതയും സേവനവിശുദ്ധിയുടെ തിളക്കവും കൊണ്ടാണ്. മലയാളികളുടെ ആഘോഷനിമിഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയ കേക്കുകളുടെ നിര്‍മാണ രംഗത്ത് രുചിപെരുമയുടെ ശില്‍പിയായി സ്ഥാനം പിടിച്ച ഫൗസി നൈസാം എന്ന ആലപ്പുഴക്കാരിയെ പരിചയപ്പെടാം...

ക്രിസ്മസിനും പിറന്നാള്‍ ആഘോഷങ്ങള്‍ക്കും മാത്രമായി ഒതുങ്ങിയിരുന്ന കേക്കുകള്‍ ഇന്ന് എല്ലാ ചടങ്ങുകള്‍ക്കും സര്‍വസാധാരണമായി മാറി. കേക്കുകളില്‍ വേറി രുചിയും മനോഹാരിതയും കൂടിയായാല്‍ സന്തോഷ മുഹൂര്‍ത്തങ്ങള്‍ക്ക് ചാരുത കൂടും. അതുകണ്ടറിഞ്ഞ് പുതുമയാര്‍ന്ന കേക്കുകള്‍ ഒരുക്കുകയാണ് ക്യൂട്ടീ പൈയുടെ അമരക്കാരി ഫൗസി നൈസാം.

ക്യൂട്ടി പൈയുടെ പിറവി

കേക്കിനോടുള്ള അമിതമായ ഇഷ്ടവും പാചകത്തിലുള്ള നൈപുണ്യവുമാണ് കേക്കു നിര്‍മാണ രംഗത്തേക്ക് ഫൗസിയെ എത്തിച്ചത്. പ്ലസ്ടുവിനു ശേഷം ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് ഹോംസയന്‍സില്‍ ബിരുദം നേടി. ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നിന്ന് ഫുഡ് സര്‍വീസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം. തുടര്‍ന്ന് ജര്‍മനിയില്‍ കേക്കു നിര്‍മാണത്തില്‍ അഡ്വാന്‍സ് കോഴ്‌സ് ചെയ്തു. ബേക്കറി ബിസിനസുകാരനായ നൈസാമിനെ വിവാഹം ചെയ്തത് വഴിത്തിരിവായി. അറിവുകളെ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവന്ന് അതിനെ അര്‍ഥവത്താക്കാന്‍ എന്തു ചെയ്യാമെന്ന ഇരുവരുടേയും കൂായ ആലോചനയില്‍ ആറു വര്‍ഷം മുമ്പാണ് ക്യൂട്ടി പൈ പിറക്കുന്നത്. ഇന്ന് നാലു ജില്ലകളിലെ നിരവധി ഉപഭോക്താക്കളുമായി ക്യൂട്ടീ പൈ മുന്നേറുന്നു.

ഗുണനിലവാരത്തിന് മുന്‍തൂക്കം

ആലപ്പുഴയുടെ നഗരഹൃദയത്തില്‍ യൂറോപ്യന്‍ ശൈലിയില്‍ തീര്‍ത്ത ഒരു കേക്ക് ഫാക്ടറി. അവിടെ മനസിനിണങ്ങിയ, നാവില്‍ കൊതിയൂറുന്ന വിവിധ തരം കേക്കുകളുടെ ശേഖരം. കേക്കു വാങ്ങാനെത്തുന്നവരുടെ തിരക്ക് ഏതു സമയത്തും കാണാം. വാങ്ങാനെത്തുന്നവരുടെ ഇഷ്ടവും രുചിയും ചോദിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള കേക്കുകളാണ് ഇവിടെ നിര്‍മിച്ചു നല്‍കുന്നത്. കേക്കിന്റെ പ്രീമിക്‌സ് തയാറാക്കുന്നതു മുതല്‍ വില്‍പനയില്‍ വരെ ഫൗസിയുടെ കണ്ണും കൈയും മനസുമെത്തുന്നു. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. 'എന്റെ മുന്നില്‍ കേക്കു വാങ്ങാന്‍ വരുന്നവര്‍ തികഞ്ഞ സന്തോഷത്തോടെയാണ് മടങ്ങുന്നത്. അതു തന്നെയായിരുന്നു ആഗ്രഹവും ലക്ഷ്യവും. എന്റെ കാഴ്ചപ്പാട് എന്നില്‍ ഒതുങ്ങേണ്ടതല്ല. എന്റെ ടീമിലേക്കും ഞാനതു പകരുന്നു. അത് ഉത്പന്നത്തിന്റെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്.' ഫൗസി പറയുന്നു.


കേടാകാതിരിക്കാന്‍ പ്രത്യേകം ചേരുവകള്‍ ഒന്നും ചേര്‍ക്കാത്തതുകൊണ്ടു തന്നെ രണ്ടു ദിവസം മാത്രം കാലാവധി നിശ്ചയിച്ചിട്ടുള്ള കേക്കുകള്‍ രണ്ടു ദിവസത്തിനു ശേഷം ചവറ്റുകൂനയില്‍ ഇടുന്ന നിശ്ചയദാര്‍ഢ്യം ഫൗസിക്കു സാനിക്കുന്നത് നഷ്ടമല്ല, മറിച്ച് ലാഭം തന്നെയാണ്. സദാ ഫ്രഷ് കേക്കുകളുടെ സൗരഭ്യം ഷോപ്പിലും ഒപ്പം ജീവിതത്തിലും പരത്തുന്നത് ഇതു മൂലമാണ്. ഏതൊരു സംരംഭത്തേയും പോലെ തുടക്കത്തില്‍ കല്ലും മുള്ളും നിറഞ്ഞ വഴിയായിരുന്നു ഇവര്‍ക്കു മുന്നിലും. കേക്കില്‍ ഉണ്ടാകുന്ന ചെറിയ പോറല്‍ പോലും സന്തോഷ മുഹൂര്‍ത്തങ്ങള്‍ക്ക് മങ്ങല്‍ വരുത്തുമെന്ന തിരിച്ചറിവ്, കൃത്യതയുടെ പാഠം ഫൗസിക്ക് നല്‍കി. തന്റെ കേക്കു നുണഞ്ഞ നാവുകളിലൂടെ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ ഗുണനിലവാരം തന്നെയാണ് ഏറ്റവും നല്ല പരസ്യമെന്ന പാഠവും ഫൗസി പഠിച്ചു.

കഠിനാധ്വാനം സമ്മാനിച്ച വിജയം

വിവിധങ്ങളായ ആഘോഷങ്ങള്‍ക്ക് കേക്ക് വാങ്ങാന്‍ കേരളത്തിലെ പലയിടത്തു നിന്നും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ഒരു ദിവസം നാല് കേക്ക് ഉണ്ടാക്കി തുടങ്ങിയ സ്ഥാപനം ഇന്ന് ആയിരക്കണക്കിന് കേക്കുകള്‍ ഉണ്ടാക്കുന്ന ഒന്നായി വളര്‍ന്നതിന് പിന്നില്‍ ഫൗസിയുടെ ആഗ്രഹവും ആശയവും കഠിനാധ്വാനവും മാത്രമാണ്. ചങ്ങനാശേരി, തിരുവല്ല, കോട്ടയം, പാലാ, ഏറ്റുമാനൂര്‍, എന്നിവിടങ്ങളില്‍ ഔട്‌ലെറ്റുകള്‍ ഉണ്ട്. തൊടുപുഴയില്‍ പുതിയ ഔട്‌ലെറ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കൊടുക്കുന്ന പണത്തിന് രുചിയുള്ള, ക്വാളിറ്റിയുള്ള കേക്ക്... അതാണ് ക്യൂട്ടി പൈയുടെ മുഖമുദ്ര.

ഭര്‍ത്താവ് നൈസാമിന്റെ പിന്തുണ ഫൗസിക്ക് പിന്‍ബലമാകുന്നു. നാലാം ക്ലാസുകാരനായ മകന്‍ ഫര്‍ഹാനും ഉമ്മയുടെ പാതയിലേക്ക് എത്തിത്തുടങ്ങി.

മറ്റൊരു മോഹം കൂടി

കേക്കു പോലെ തന്നെ സ്വന്തം കൈപ്പെരുമയില്‍ യൂറോപ്യന്‍ സാങ്കേതിക വിദ്യയില്‍ ഒരു ഉത്പന്നം. അതാണ് ഫൗസിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള പണിപ്പുരയിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കണം.

മാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ക്ക് അനുഗുണമായി കേക്ക് വിപണിയില്‍ എങ്ങനെ വിജയം കൊയ്യാം എന്നു മാത്രമല്ല ഫൗസി നമുക്കു കാണിച്ചു തരുന്നത്; സ്വയം പര്യാപ്തതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ഥാനമുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള അനുഭവവീഥി കൂടിയാണ്.

റെജി കലവൂര്‍
ഫോട്ടോ: പി. മോഹനന്‍