ബീന കണ്ണന്‍; ബിസിനസിലെ വിജയഗാഥ
ബിരുദപഠനത്തിനു ശേഷം ഡോക്ടറോ വക്കീലോ ആകാന്‍ കൊതിച്ച മകള്‍. ബിഎല്‍ ബിരുദധാരിയായ അച്ഛനോട് തന്റെ ആഗ്രഹം പങ്കുവച്ചെങ്കിലും ആ അച്ഛന് മകള്‍ ആരുടേയും കീഴില്‍ ജോലി ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നോലോയെന്ന ചോദ്യത്തിന് നീ പ്രഫസര്‍ ആകുന്നുണ്ടോ ഇല്ലെങ്കില്‍ എന്താനാണ് ഒരു സീറ്റ് നഷ്ടപ്പെടുത്തുന്നത് ആ അച്ഛന്‍ പറഞ്ഞു. പക്ഷേ അച്ഛന്‍ പറഞ്ഞതിന്റെ അര്‍ഥം ഇരുപതുകാരിയായ ആ മകള്‍ക്ക് അന്ന് മനസിലായില്ല.

കേരളത്തിലെ സ്ത്രീകളുടെ വസ്ത്രസങ്കല്‍പത്തെ തന്നെ മാറ്റിയെഴുതിയ ശീമാട്ടിയുടെ മാനേജിംഗ് ഡയറക്ടറും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ബീന കണ്ണന്‍ ആയിരുന്നു ആ മകള്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്റെ വാക്കുകളെക്കുറിച്ചു പറയുമ്പോള്‍ ആ മകളുടെ മുഖത്ത് വിജയത്തിളക്കം.

എറണാകുളം എളമക്കരയിലുള്ള എര്‍ത്ത് എന്ന വീട്ടില്‍ അഭിമുഖത്തിനായി എത്തിയപ്പോള്‍ നിറചിരിയോടെ ബീന കണ്ണന്‍ ഞങ്ങളെ സ്വീകരിച്ചു. കേരളത്തിലെ സ്ത്രീകളുടെ മനസില്‍ സാരികളുടെ ഐക്കണായി മാറിയ ബീനയുടെ ഓരോ വാക്കും ഊര്‍ജ്ജസ്വലമായിരുന്നു. പുത്തന്‍ പ്രതീക്ഷകളുടേതായിരുന്നു. ബിസിനസിനെക്കുറിച്ച്, ഫാഷന്‍ സങ്കല്‍പങ്ങളെക്കുറിച്ച്, ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതികളെക്കുറിച്ച് അവര്‍ മനസുതുറന്നു... വായിക്കാം...

ജീവിതം വാഗ്ദാനം ചെയ്യുന്നത് സ്വീകരിക്കാം

ജീവിതത്തില്‍ ഒരു കാര്യവും നമ്മള്‍ തീരുമാനിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ആകില്ല. വിചാരിക്കുന്ന രീതിയില്‍ ജീവിതം സന്തോഷത്തോടെ കൊണ്ടുപോകാന്‍ കഴിയുന്ന അനുഗൃഹീതരായ ചിലര്‍ ഉണ്ടാകാം. അതു ചിലരുടേത് മാത്രമായ കാര്യമാണ്. എന്നാല്‍ ഭൂരിപക്ഷത്തിന്റെയും കാര്യം അങ്ങനെയല്ല. ജീവിതം ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഓഫര്‍ ചെയ്യും. അത് നഷ്ടപ്പെടാതെ നേടിയെടുക്കാന്‍ നമുക്ക് കഴിയണം.

എനിക്ക് ജീവിതം പലതും വാഗ്ദാനം ചെയ്തു. നല്ലൊരു ഭര്‍ത്താവ്. അന്നത്തെ ആ ഇരുപതുകാരിക്ക് ജീവിതത്തില്‍ പല നിറമുള്ള സ്വപ്‌നങ്ങളും ഉണ്ടായിരുന്നു. വെളുത്ത് സുമുഖനായ ഒരാളെ ഭര്‍ത്താവായി ആഗ്രഹിക്കാനുള്ള മനസു കാണും. സ്വപ്‌നത്തിലേതുപോലുള്ള നല്ല ജീവിതം കാണാന്‍ ആഗ്രഹിക്കാം. പക്ഷേ അദ്ദേഹം നല്ല കറുത്തിുള്ള ആളായിരുന്നു. എന്റെ ഫസ്റ്റ് കസിന്‍. ബാക്കിയെല്ലാം കൊള്ളാം. അങ്ങനെയുള്ള ആളെ കല്യാണം കഴിക്കാന്‍, നിറമുള്ള സ്വപ്‌നങ്ങളുമായി നടക്കുന്ന പെണ്‍കുട്ടിക്ക് വിഷമമുണ്ടാകാം. പക്ഷേ, ഞാന്‍ എന്റെ മനസിനെയല്ല ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ജീവിതം എന്തൊക്കെ തന്നു അത് ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഞാന്‍ തയാറായിരുന്നു. ഭര്‍ത്താവിനെ വളരെയധികം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. പുരുഷന്മാരെ ബഹുമാനിക്കാനാണ് എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചത്. ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് വിളമ്പിക്കൊടുക്കും. നല്ല മൂല്യങ്ങളൊക്കെ പഠിപ്പിച്ചുതന്ന ഒരച്ഛന്റെ മകളാണ് ഞാന്‍. ഇന്നത്തെ കുട്ടി മുതിര്‍ന്നവര്‍ക്ക് അത്തരത്തിലുള്ള ബഹുമാനം കൊടുക്കാനും എടുക്കാനും അറിയില്ല. അതിലൊക്കെ മാറ്റം വരണം.

എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്ന്‌പ്പോള്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ലോകം കണ്ടു. അദ്ദേഹം എനിക്ക് ബിസിനസില്‍ സ്വാതന്ത്ര്യം തന്നു. എന്നെ പിന്തുണച്ചു. പോളിഷ്ഡ് ആയ ഒരു സ്ത്രീയായി മാറാന്‍ എന്നെ സഹായിച്ചു. എം.എ ലിറ്ററേച്ചറായിരുന്നു അദ്ദേഹം. ഷേക്‌സ്പിയറൊക്കെ വായിച്ചു നല്ല പാണ്ഡിത്യം ഉള്ള വ്യക്തി. ലിറ്ററേച്ചറുകാര്‍ക്ക് നല്ല അറിവാണ്. അദ്ദേഹത്തിന് എല്ലാത്തിനെക്കുറിച്ചും നല്ല അറിവായിരുന്നു. അന്നൊക്കെ എനിക്ക് അതു മനസിലാക്കാനായില്ല. അദ്ദേഹം എല്ലാം മനസിലാക്കിത്തന്നു.

പരസ്പര മാത്സര്യം എന്തിന്?

എല്ലാരിലും നന്മ അവശേഷിക്കുന്നുണ്ട്. അണ്ണാറക്കണ്ണന്‍, എലി, പൂച്ച, സിംഹം... ഏതു ജീവിയെയെടുത്താലും അതിലെ നന്മ അത് ചെറുപ്പത്തിലെ മനസിലാക്കിയ സ്ത്രീയാണ് ഞാന്‍. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും കൊടുക്കേണ്ട ബഹുമാനം വേണ്ടപോലെ നല്‍കുന്നുമുണ്ട്. എല്ലാവരോടുമുള്ള നന്മ എന്നിലുണ്ട്. എന്നാല്‍ അവസ്ഥ മൂലം പലപ്പോഴും അത് പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നുവെന്നതാണ് വാസ്തവം. നമ്മള്‍ മനുഷ്യര്‍ പഞ്ചഭൂതങ്ങളാണ്.

ഈ മനുഷ്യന്‍ ഇത്രയേയുള്ളൂ. ഈ ഭൂമിയിലേക്ക് വന്ന നള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. തിരികെ പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല. ഭൂമിയില്‍ നിന്ന് പോകുമ്പോള്‍ നമ്മള്‍ യശസ് കൊണ്ടുപോകുമോ? ഇല്ല. ഇക്കാലമത്രയും നമ്മളെ ആരെങ്കിലും ഓര്‍ക്കുമോ? അടുത്ത തലമുറ പോലും ആരെയും ഓര്‍ക്കുന്നില്ല. എ. എബ്രഹാം ലിങ്കണെ പോലുള്ളവരെ ഓര്‍ത്തുവയ്ക്കും. വെറും നൈമിഷികമാണ് നമ്മുടെ ആയുസ്. ഇവിടെ നമ്മള്‍ എന്താണ് സ്ഥാപിക്കാന്‍ പോകുന്നത്. എന്തിനാണ് തര്‍ക്കിച്ചു വിജയിക്കാന്‍ പോകുന്നത്.

നമ്മള്‍ എല്ലാവരും ഒന്നാണ് എന്നു മനസിലാക്കാനുള്ള മനസ് നമുക്കുണ്ടാകണം. എല്ലാറ്റിന്റെയും ഡിഫറന്റ് എക്‌സ്പ്രഷനാണ് മലയാളിക്കുള്ളത്. പരസ്പര ധാരണ, സന്തോഷം, പ്രോഗ്രസ് ഇതൊന്നും ഇന്ന് മലയാളിക്ക് ഇല്ല. ഒരാള്‍ നന്നായാല്‍ അത് അംഗീകരിക്കാന്‍ ആരും തയാറായല്ല. പൊതുവേയുള്ള കുശുമ്പ്, അസൂയ. ഒരാള്‍ അല്‍പം ഒന്ന് മെച്ചപ്പൊല്‍ മുകളില്‍ നിന്ന് താഴേക്ക് വലിച്ച് എങ്ങനെയിടാമെന്നായിരിക്കും ചിന്ത.

ഞാന്‍ അടുത്തിടെ 17 ദിവസം കാനഡയില്‍ ഉണ്ടായിരുന്നു. അതാണ് രാമരാജ്യം. കള്ളം പറയില്ല. ചതിക്കില്ല. സമയനിഷ്ഠ പാലിക്കും. അവിടത്തെ ഓരോ ആളും അവരുടെ പ്രവൃത്തികളും എന്നെ അദ്ഭുതപ്പെടുത്തി. അവരുടെ സഹായമനോഭാവം കണ്ട് ഞാന്‍ അദ്ഭുതപ്പെട്ടുപോയി. നമ്മള്‍ ആവശ്യപ്പെടാതെ തന്നെ നമ്മളെ സഹായിക്കുന്ന ഒരു സമൂഹം. എത്ര മലയാളി ഉണ്ട് ഇങ്ങനെ, എത്ര ഇന്ത്യാക്കാര്‍ ഉണ്ട് ഇങ്ങനെ.

ഇങ്ങനെയും ലോകമുണ്ട് എന്ന് കാനഡ സന്ദര്‍ശനത്തിനിടെ എനിക്ക് മനസിലായി. നമ്മുടെ ആളുകള്‍ക്കിടയിലും ഇത്തരം നല്ല ഗുണങ്ങള്‍ ഉണ്ടായെങ്കിലെന്ന് ഞാന്‍ ആശിച്ചുപോയി.

നെഗറ്റീവ് വാര്‍ത്തകള്‍ എന്തിന്?

നെഗറ്റീവ് വാര്‍ത്തകളോട് പ്രതിബദ്ധത കാണിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പത്തു വര്‍ഷം മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഉക്രൈന്‍ സ്വദേശിയായ ഒരു മദാമ്മ എന്റെ വീട്ടില്‍ വരും. നാലു മണിക്കൂറൊക്കെ എന്നോടു സംസാരിച്ചിരിക്കും. ഒരു ദിവസം അവര്‍ പറഞ്ഞു, 'ഞാന്‍ പത്രം വായിക്കാറില്ല. നെഗറ്റീവ് ന്യൂസ് കേള്‍ക്കാറില്ല' എന്നൊക്കെ. അന്നാണ് ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. എന്റെ മോളും എന്നോട് പറഞ്ഞിട്ടുണ്ട്. താന്‍ നെഗറ്റീവ് ന്യൂസ് വായിക്കാറില്ലെന്ന്.

നമ്മള്‍ സാധാരണ മഴയെ റെഡ് അലര്‍ട്ടാക്കുന്നു, എന്തിന്? നമ്മള്‍ കാണാത്ത മഴയാണോ ഇത്. എല്ലാറ്റിനും ഒരു നെഗറ്റീവ് കണ്ടുപിടുത്തം നമ്മള്‍ കല്‍പിക്കുന്നു. ഇല്ലാത്ത അസുഖങ്ങളെ കൊണ്ടുവരുന്നു. ഇല്ലാത്ത നിപ്പയെ കൊണ്ടുവരുന്നു. നെഗറ്റീവ് വാര്‍ത്തകള്‍ വേണ്ടെന്ന് സമൂഹം തീരുമാനിച്ചാല്‍ പോസിറ്റീവ് വാര്‍ത്തകള്‍ ഉണ്ടാകും. ലോകത്തില്‍ ഏറ്റവും മനോഹരമായ ഭൂമി ശകലമാണ് കേരളം. എത്ര നല്ല സ്ഥലമാണിത്. അവിടെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു സമൂഹം വളര്‍ന്നുവരുന്നതല്ലേ നല്ലത്.

സ്ത്രീ മുന്നേറ്റത്തിന്റെ കാലം

സ്ത്രീ ശാക്തീകരണത്തിന്റെ കാലമാണിത്. സമൂഹത്തെ മാറ്റിയെടുക്കാന്‍ സ്ത്രീക്കാവും. അധികാര സ്ഥാനങ്ങളിലെത്തുന്ന സ്ത്രീക്ക് ഇന്ന് പലതും ചെയ്യാന്‍ കഴിയുന്നുണ്ട്. ഷൈലജ ടീച്ചറുടെ കൈയില്‍ ആരോഗ്യം വളരെയധികം ഭദ്രമാണ്. രമ്യ ഹരിദാസിനെപ്പോലുള്ളവര്‍ സമൂഹത്തിലേക്ക് എത്തുന്നു.

വീടു ഭരിക്കുന്ന സ്ത്രീക്ക് കണ്ടും കേട്ടും പല അറിവുകളും ഉണ്ടാകും. സമൂഹത്തെ ഉദ്ധരിച്ചെടുക്കാന്‍ അവര്‍ക്കാവും. നെഗറ്റീവ് വാര്‍ത്തകള്‍ക്കു പകരം പോസിറ്റീവ് കേട്ടാല്‍ കൈയടിക്കുന്ന ഒരു സമൂഹമാണ് ഉണ്ടാകേണ്ടത്.

ബര്‍ത്ത്‌ഡേ കേക്കില്‍ ദീപം ഊതി കെടുത്തുന്നത് എന്തിനാണ്. ദീപം കൊളുത്തി പ്രകാശമാനമാക്കുകയല്ലേ വേണ്ടത്. എന്നാലെ സമൂഹം കൂടുതല്‍ പ്രകാശമാനമാകൂ.

ഉന്നത വിദ്യാഭ്യാസമില്ലെങ്കിലും നമുക്കോരോരുത്തര്‍ക്കും പലതും ചെയ്യാന്‍ കഴിയും. അഞ്ചാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും കൃഷി ചെയ്‌തോ മറ്റോ വരുമാനമുണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. കൃഷിക്കാരാണെങ്കില്‍ റബറിന് വില കൊടുത്ത് അവരെ സഹായിക്കാം. അവരുടെ കുടുംബം ന്യായമായ രീതിയില്‍ നടത്താനുള്ള അവസരം അവര്‍ക്ക് കിട്ടണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണം എവിടെ നിന്നു കിട്ടുന്നുവെന്നു ചിന്തിക്കണം. പലരുടെയും അധ്വാനത്തിന്റെ ഫലമാണത്. ഇന്ന് നെല്‍കൃഷിയുടെ മഹത്വം പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാനില്ല. പാലക്കാട് ഉള്ള നെല്‍കര്‍ഷകര്‍ പോലും അത് നിര്‍ത്തുന്നുവെന്നാണ് കേട്ടത്.

മത്സ്യത്തൊഴിലാളികളെ മനസിലാക്കാന്‍ നമുക്കൊരു പ്രളയം വേണ്ടിവന്നു. ഇനി കര്‍ഷകരെ ഓര്‍ക്കാന്‍ എന്താണ് വേണ്ടിവരുക. നമ്മള്‍ അഞ്ചു നേരം കഴിക്കുന്ന ഭക്ഷണം പോരെ അവരെ ഓര്‍ക്കാന്‍.

വെളിച്ചം സ്‌നേഹം സന്തോഷം അതാണ് ജീവിതം. എന്നും സ്‌നേഹിക്കുക, ആഘോഷിക്കുക, ചിരിക്കുക അതാവണം ജീവിതം.

? സ്ത്രീയെന്ന നിലയില്‍ ഈ രംഗത്ത് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ

ജീവിതം എന്നും എല്ലാവര്‍ക്കും വെല്ലുവിളിയാണ്. നമ്മള്‍ അതിനെ എങ്ങനെ എടുക്കുന്നുവെന്നത് അനുസരിച്ചായിരിക്കും അത്. ഓരോ ദിവസവും ഓരോ ലക്ഷ്യവും എന്റെ മുന്നിലുണ്ടാകും. മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെ നേരിട്ടെ പറ്റൂ. അതിനെയൊക്കെ ഭയന്ന് എന്തിനു നമ്മള്‍ പുറകോട്ടു പോകണം. എന്റെ ആദ്യനാളുകളിലും വെല്ലുവിളിയുണ്ടായിരുന്നു. അതിനെയെല്ലാം ധൈര്യത്തോടെ നേരിട്ടു. മനസ് ദൈവത്തില്‍ അര്‍പ്പിക്കണം. അതോടെ നമ്മള്‍ കരുത്തുറ്റവരായി മാറും.

ഏതെങ്കിലുമൊരു ഫിസിക്കല്‍ ആക്ടിവിറ്റിയിലൂടെ അന്നത്തെ ദിവസം ആരംഭിക്കണം. നീന്തല്‍, ടേബിള്‍ ടെന്നീസ്, ഡാന്‍സ്, യോഗ തുടങ്ങി മുറ്റം അടിക്കുന്നതുപോലും ആകാം. ഇത്തരത്തിലുള്ള ഫിസിക്കല്‍ ആക്ടിവിറ്റിയിലൂടെ മനസിനും ശരീരത്തിനും ആവശ്യമായ വ്യായാമം ലഭിക്കും. എന്തു പ്രതിസന്ധി വന്നാലും നേരിടാന്‍ മനസ് സജ്ജമാകും. ഫിസിക്കല്‍ ആക്ടിവിറ്റി ചെയ്യാതിരുന്നാല്‍ അന്നത്തെ ദിവസം അത്ര മെച്ചമാകില്ല. എല്ലാവരുടെയും ജീവിതത്തില്‍ വെല്ലുവിളിയുണ്ടാകും. ചിലര്‍ക്ക് പൈസ ഉണ്ടാവില്ല, കിടപ്പാടമുണ്ടാവില്ല. അതൊക്കെ അതിജീവിച്ചേ പറ്റൂ. അതാണ് ജീവിതം.


ഞാന്‍ ഒരു ഫയലും വീട്ടില്‍ കൊണ്ടുപോകില്ല. ഓഫീസില്‍ വച്ചുതന്നെ 90 ശതമാനവും ചെയ്തു തീര്‍ക്കും. നാളേയ്ക്കു ഒന്നും വയ്ക്കാറില്ല. നല്ല ദൈവ ചിന്തയോടെ, ആരേയും ദ്രോഹിക്കാതെ മുന്നോട്ടു പോകുന്നു. എന്തു വെല്ലുവിളി ഉണ്ടായാലും നമ്മള്‍ തന്നെയല്ലേ ഓടിയെത്താനുള്ളത്. അതുകൊണ്ടുതന്നെ ശരീരത്തെ അത്തരത്തില്‍ പാകപ്പെടുത്തി നിറുത്തും.? ഫാഷന്‍ ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രവൈവിധ്യം തേടിയുള്ള യാത്രകളെക്കുറിച്ചു പറയാമോ

തീവ്രമായ ആഗ്രഹം, ദൈവാനുഗ്രഹം, ഭാഗ്യം ഇവയെല്ലാം കലര്‍ന്നതാണ് എന്റെ ഓരോ യാത്രയും. എക്കാലവും ദൈവം കൂടെയുണ്ടായിട്ടുണ്ട്. എന്തൊക്കെ ആഗ്രഹിച്ചാലും അത് എന്റെ മുന്നില്‍ എത്തിയിരിക്കും. ഒരു ചെറിയ ഉദാഹരണം പറയാം. അടുത്തിടെ ബദാം ഹല്‍വ കഴിക്കാന്‍ തോന്നി. ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ചെറിയ പായ്ക്കില്‍ അവിടെ വില്‍പനയ്ക്കു വച്ചിരിക്കുന്നു. ഞാന്‍ അതുവാങ്ങി അച്ഛനും കൊടുത്തു ഞാനും കഴിച്ചു. പിന്നീടൊരിക്കല്‍ ഒരു സുഹൃത്ത് ഇറ്റലിയില്‍ നിന്നു വാങ്ങിയ മേക്കപ്പ് കിറ്റ് കാണിച്ചു. കീകോ എന്ന കമ്പനിയുടെ പായ്ക്ക്, ഇത് വാങ്ങാന്‍ ഞാനെന്ന് ഇറ്റലിയില്‍ പോകാനാണെന്ന് അവരോടു ചോദിച്ചു. പക്ഷേ ഏറെ വൈകാതെ എയര്‍പോര്‍ട്ടിലെ ഒരു ഷോപ്പില്‍ നിന്ന് അതും കിട്ടി. ചെറിയ കാര്യം പോലും കൃത്യമായി തരുന്ന ദൈവം വലിയ കാര്യങ്ങളും തരുന്നുണ്ട്. അതിന് ഓരോ മിനിറ്റും ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. അപ്പോള്‍ അനുഗ്രഹം താനെ വരും. സമ്പന്നരെക്കാളും സന്തോഷവാന്മാരായിരിക്കാന്‍ നമുക്ക് കഴിയും. ആ സന്തോഷം നാം തന്നെ കണ്ടെത്തണം. അതു കണ്ടെത്തി ചെയ്യാന്‍ ശ്രമിക്കണം.

പട്ടുസാരികള്‍ തേടിയുള്ള യാത്രകള്‍

തമിഴ് നാട്ടിലെ നൂറുകണക്കിനു വരുന്ന നെയ്ത്തു ഗ്രാമങ്ങളിലെ കുടിലുകളിലാണ് എത്തുന്നത്. ഞാന്‍ സ്വന്തം വീട്ടിലെന്നപോലെ കയറിച്ചെല്ലുന്നയിടങ്ങള്‍. ആ സ്വാതന്ത്ര്യം ഒന്നോ രണ്ടോ വര്‍ഷം കൊണ്ടുണ്ടായതല്ല. 15- 20 വര്‍ഷത്തെ ബന്ധമാണത്. വീണ്ടും വീണ്ടും അവിടേക്കു തന്നെ യാത്രകള്‍... നെയ്ത്തുകാരുടെ കുടിലുകളില്‍ നൂലിഴകളില്‍ പുതിയ വര്‍ണങ്ങള്‍ പതിയുന്നതും നെയ്‌തെടുക്കുമ്പോള്‍ ആ നൂലിഴകളില്‍ പൂക്കള്‍ പുഞ്ചിരിക്കുന്നതും ഐശ്വര്യം നിറയുന്നൊരു വിവാഹസാരിയായി മാറുന്നതും കാണുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. ആ കാഴ്ചകള്‍ക്കുവേണ്ടി മാത്രം ഇനിയും എത്രയോ തവണ അവിടങ്ങളില്‍ പോകാനും ഞാനൊരുക്കമാണ്.

നെയ്ത്തുകാരുടെ സൗകര്യത്തിനനുസരിച്ച് എന്റെ ആവശ്യം പറയും. ഒരിക്കലും ഒരാളോട് എനിക്കു നൂറു സാരി വേണമെന്നോ ആയിരം സാരിവേണമെന്നോ പറയാറില്ല. എനിക്കാവശ്യം ഒന്നോ രണ്ടോ ആണ്. അതിനുവേണ്ടിയാണ് ഈ യാത്രയും പരിശ്രമവും. ഇതു തന്നെയാണ് ഓരോ വസ്ത്രത്തെയും ഇവിടെ സ്‌പെഷല്‍ ആക്കുന്നത്.

? ഇത്രയധികം യാത്രകള്‍. ക്ഷീണവും മടുപ്പും തോന്നി ല്ലേ

നമ്മുടെ യാത്രകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് ആരോഗ്യവും മനസും. ഇതിലേതെങ്കിലുമൊന്നു മടുത്താല്‍ ആ യാത്രയേ ശരിയാകില്ല. തീര്‍ച്ചയായും ഇതിന്റെ പുറകില്‍ ബുദ്ധിമുട്ടാനുള്ള മനസുവേണം. മനസുണ്ടായാല്‍ പോര ആരോഗ്യവും വേണം. എത്ര യാത്രയാണെങ്കിലും ആരോഗ്യത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കൃത്യമായി ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യാറുണ്ട്.

എന്റെ യാത്രയുടെ രീതി പലപ്പോഴും പ്രവചിക്കാന്‍ സാധിക്കില്ല. പത്തുദിവസം സൗത്ത് ഇന്ത്യയിലാണെങ്കില്‍ അടുത്ത പത്തു ദിവസം നോര്‍ത്ത് ഇന്ത്യയിലായിരിക്കും. രണ്ടിടത്തെയും കാലാവസ്ഥയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.

25 വര്‍ഷം മുമ്പ് ടസര്‍ തുണി അന്വേഷിച്ച് ഞാന്‍ തനിയെ പോയിട്ടുണ്ട്. അത് അന്വേഷിച്ച് കണ്ടെത്തി. ഇന്ന് എനിക്കൊരു വലിയൊരു ടീം തന്നെയുണ്ട്. നടക്കാത്ത കാര്യമായാലും അത് നടത്തിയെടുക്കാന്‍ എനിക്കറിയാം. പല നെയ്ത്തുകാരുമായും നല്ല ബന്ധമാണുള്ളത്. അവരെ എന്നിലൊരാളായാണ് ഞാന്‍ കാണുന്നത്. അവരില്‍ എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ ഞാന്‍ ഇിട്ടു പോകില്ല. തീരെ കുറഞ്ഞ രീതിയില്‍ ജോലി ചെയ്യുന്ന ഒരു നെയ്ത്തുകാരനുണ്ട്. അയാളെ പതിനഞ്ചുവര്‍ഷമായിട്ടും ഞാന്‍ നിലനിര്‍ത്തുന്നുണ്ട്. അതിന്റെ നന്മ എനിക്ക് കിട്ടുന്നുണ്ട്.

പുലര്‍ച്ചെ നാലു മണിക്ക് എണീറ്റ് യാത്ര തുടങ്ങും. ആറുമണിക്ക് നെയ്ത്തുകാരന്റെ വീടിനു മുന്നില്‍ എത്തിയിട്ടുണ്ടാകും. ഒരു ദിവസം പോലും ലീവില്ല. പനിക്കു പോലും ലീവില്ല. ദേഹം നോക്കും, ഭക്ഷണം കഴിക്കും. വണ്ടിയിലിരുന്ന് ഉറങ്ങും. ഒരിടത്തും ടെന്‍ഷന്‍ ഉണ്ടാക്കാത്ത രീതിയിലായിരിക്കും യാത്ര അറേഞ്ച് ചെയ്യുക.
ഇപ്പോഴത്തെ സൗകര്യങ്ങളൊന്നും അന്നില്ലായിരുന്നു. കരിക്ക് കുടിച്ചും അഴുക്കു ചാലിന് മുകളില്‍ നിന്ന് പാവ്ബജി കഴിച്ചുമൊക്കെ യാത്ര ചെയ്തിട്ടുണ്ട്. കുഗ്രാമത്തിലൂടെയും അഴുക്കുചാല്‍ നീന്തിയുമൊക്കെ യാത്ര ചെയ്യും. ഇന്നലെയും ഞാന്‍ അഴുക്കു ചാലിലൂടെ നടന്നാണ് ഒരു നെയ്ത്തുകാരന്റെ വീില്‍ എത്തിയത്.

എന്റെ യാത്രകള്‍ എന്റെ ജീവിതമാണ്. ബാക്കിയുള്ളവര്‍ പടം കാണിക്കും. ഞാന്‍ കാണിക്കുന്നത് ജീവിതമാണ്. പത്തുകൊല്ലം തനിയെയും, ഇപ്പോള്‍ പത്തു കൊല്ലം ടീമിനൊപ്പവും നടക്കുന്നു. മടുപ്പില്ല. സന്തോഷമേയുള്ളൂ.

? വിവാഹപട്ടുസാരികളുടെ ലോകത്ത് സൗത്ത് ഇന്ത്യയില്‍ കടുത്ത മത്സരമുണ്ട്. ധാരാളം പുരുഷന്മാരും ഈ രംഗത്തുണ്ട്.എങ്ങനെയാണ് മുന്‍നിരയില്‍ എത്താന്‍ കഴിയുന്നത്.

കസ്റ്റമറുടെ പള്‍സ് അറിഞ്ഞാണ് പട്ടുസാരികള്‍ നല്‍കുന്നത്. ഒരു സ്ത്രീയെ സംബന്ധിച്ച് വിവാഹം അവളുടെ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ നിമിഷമാണ്. എല്ലാവരുടെയും ആകര്‍ഷണം അവളിലേക്ക് എത്തുന്ന നിമിഷം. അവളുടെ അമ്മയെ പോലെ, അവളെ വിവാഹപന്തലിലേക്ക് സുന്ദരിയാക്കി ഇറക്കുകയെന്നത് എന്റെയും കൂടി കടമയായി കരുതുന്നു.

എയ്‌സ് ക്രിയേഷനാണ് ഞങ്ങള്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ കോപ്പിയിംഗ് ആണ്. കസ്റ്റമര്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. മനസില്‍ നിന്നാണ് അത് വരുന്നത്. മനസുകൊണ്ടു ചെയ്യുന്ന പണിയാണിത്. കസ്റ്റമറുടെ മനസ് അറിഞ്ഞ് ചെയ്യുന്നത്.

? തനിച്ചുള്ള യാത്രകള്‍ ചെയ്യുമ്പോള്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ
കേരളത്തിനകത്തു വച്ച് ഇന്നേവരെ ഒരു മോശം പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഒരിക്കല്‍ ആന്ധ്രയില്‍ വച്ച് വണ്ടി കംപ്ലയിന്റ് ആയി. ബംഗളൂരുവില്‍ നിന്ന് വണ്ടി അയച്ചു. ആ മൂന്നു മണിക്കൂര്‍ ഞാന്‍ ഡിസൈനിംഗിനായി ഉപയോഗിച്ചു.

താങ്കളുടെ വിവാഹ സാരി

അച്ഛനും ഞാനും ഒന്നിച്ചു ഡിസൈന്‍ ചെയ്ത ആയിരം കണ്‍പേട്ട് സാരിയായിരുന്നു എന്റെ വിവാഹത്തിന് ഞാന്‍ ഉടുത്തത്. ബോഡി ഇലപച്ചയായിരുന്നു. മെറൂണ്‍ ബ്ലൗസ്.

നൃത്തപഠനം

കുട്ടിക്കാലത്ത് നൃത്തം പഠിച്ചിട്ടുണ്ട്. ആറാം വയസില്‍. അന്നെനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതു മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നെ എന്റെ 35ാം വയസിലാണ് നൃത്ത പഠനം വീണ്ടും തുടങ്ങിയത്. അരങ്ങേറ്റവും നടത്തി. എറണാകുളം ടൗണ്‍ഹാള്‍, കോട്ടയം മാമന്‍മാപ്പിള ഹാള്‍, എന്നിവിടങ്ങളില്‍ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് നര്‍ത്തകര്‍ നന്നായി പ്രാക്ടീസ് ചെയ്യുന്നവരാണ്. ഞാന്‍ ജോലിക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ട് പ്രാക്ടീസ് നല്ല രീതിയില്‍ നടത്താന്‍ കഴിയാറില്ല. എങ്കിലും നൃത്തം എനിക്ക് സംതൃപ്തി നല്‍കുന്ന ഒന്നാണ്.

ഇഷ്ട നിറം

എല്ലാ നിറങ്ങളും ഇഷ്ടമാണ്. ബ്ലാക്ക്, യെല്ലോ..

? ഓരോ സീസണിനും പറ്റുന്ന നിറങ്ങള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്
കസ്റ്റമറുടെ അഭിരുചിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇന്റര്‍നാഷണല്‍ കളര്‍ അനൗണ്‍സ്‌മെന്റുകള്‍ നോക്കും. രണ്ടും കൂടിയുള്ള സമന്വയത്തിനാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്.

? വിവാഹ സാരികളിലെ പുതുമ എങ്ങനെയാണ്
വസ്ത്രലോകത്ത് പ്രതിദി്യൂമാണ് ഡിസൈനും നിറമൊക്കെ മാറി വരുന്നത്. മുമ്പ് മൂന്നു മാസത്തിലൊരിക്കല്‍ ഡിസൈന്‍ ചെയ്തിരുന്നത് ഇന്ന് ദിവസവും ചെയ്യേണ്ടിവരുന്നു.

? ഏതുതരം വസ്ത്രത്തോടാണ് കൂടുതല്‍ താല്‍പര്യം
എല്ലാ വസ്ത്രങ്ങളും എനിക്കിഷ്ടമാണ്. ഡിസൈന്‍ ഫ്രീക്കാണ് ഞാന്‍.

? എപ്പോഴും കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഇതിനു പിന്നിലെ രഹസ്യം
ബീന കണ്ണന്‍ (ചിരിക്കുന്നു). എന്നെ പറ്റുന്ന രീതിയില്‍ ഞാന്‍ നന്നായി നോക്കും.

? ശീമാട്ടിയെ കൂടുതല്‍ കസ്റ്റമറിലേക്ക് അടുപ്പിക്കുന്നത്
ശീമാട്ടി അവരുടെ ഇടമാണെന്ന് കസ്റ്റമര്‍ അംഗീകരിക്കുന്നു. നവജാത ശിശുമുതല്‍ പ്രായമായവര്‍ വരെ എല്ലാ കാറ്റഗറിയിലുമുള്ളവര്‍ക്കുള്ള വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. കസ്റ്റമറുടെ മനമറിഞ്ഞാണ് ഞങ്ങള്‍ വസ്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതും. ഏതു റേഞ്ചിലുമുള്ള വസ്ത്രങ്ങള്‍ വാങ്ങാം. കല്യാണസാരിയില്‍ നമ്പര്‍ ടൂ എന്ന് പറയാന്‍ ഒന്നില്ല.

പുതുസംരംഭകരോട്
ആസ്വദിച്ച് ജോലി ചെയ്യുക, വിജയം നിങ്ങളെ തേടിവരും.

സീമ മോഹന്‍ലാല്‍