വര്‍ഷകാലചര്യ
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് ആചാര്യന്മാര്‍ ഋതുചര്യാവിധികളിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. ശിശിരാദി ഹേമന്താന്ത്യമായ ഷഡ്ഋതുക്കളിലും കാലസ്വഭാവമനുസരിച്ച് പ്രത്യേകം ചര്യകള്‍ അനുഷ്ഠിക്കാന്‍ നിര്‍ദേശിക്കുന്നു. കേരളത്തിന് കാലസ്വഭാവമനുസരിച്ച് വര്‍ഷ ഋതു, ഇടവപ്പാതി മുതല്‍ ചിങ്ങമാസം പകുതി വരെയാണ്. ശരത് ഹേമന്ത ഋതുക്കള്‍ അതിന്റെ തനതായ സ്വഭാവം ഇവിടെ പ്രദര്‍ശിപ്പിക്കാറില്ല. ശിശിര ഋതുവും വസന്ത ഋതുവും ഗ്രീഷ്മവും പ്രകടമായി കാണാറുള്ള ഇതര ഋതുക്കളാണ്.

ശക്തമായ ഗ്രീഷ്മ ഋതുവിനുശേഷം ആരംഭിക്കുന്ന വര്‍ഷഋതു ജലാശയങ്ങളെ മലിനമാക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പെരുകുന്ന കൊതുകുകള്‍ മൂലം കൊതുകുജന്യ രോഗങ്ങളും ഉണ്ടാകുന്നു. മലിനജലവിനിയോഗംമൂലം വയറിളക്കം, ഛര്‍ദി, ജ്വരം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകും. കാറ്റ്, ശൈത്യം, മഴ നനയല്‍, മലിനമാക്കപ്പെട്ട ആഹാരവിഹാരങ്ങള്‍ എന്നിവകൊണ്ട് ത്രിദോഷങ്ങള്‍ കോപിച്ച് വിവിധ രോഗങ്ങളും ഉണ്ടാകുന്നു. സ്വതവെ ക്ഷീണിതരായ രോഗികളുടെ കാര്യം പറയാനുമില്ല. അതുകൊണ്ട് ത്രിദോഷ ശമനങ്ങളായ ഔഷധ, ആഹാര വിഹാരങ്ങള്‍ ശീലിക്കേണ്ടതാണ്. പ്രത്യേകിച്ച് അഗ്നി ദീപ്തികരങ്ങളായ ആഹാരങ്ങളും ചര്യകളും അനുഷ്ഠിക്കണം.

ഇവിടെയാണ് കര്‍ക്കടകത്തില്‍ കഴിക്കാറുള്ള ഔഷധ കഞ്ഞിക്കൂട്ടിന്റെ പ്രസക്തി. പാകത്തില്‍ അഗ്നി തുല്യമായ ചിത്രകത്തിന്റെ മൂലമാണ് ഇതിനുവേണ്ടി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇതിന്റെ മാത്രയിലും മറ്റും വ്യത്യാസം വരുന്നത് ദഹനേന്ദ്രിയത്തെ തന്നെ ദഹിപ്പിക്കുമെന്നതിനാല്‍ തുല്യശക്തിയുള്ള ഇതര ഔഷധങ്ങളുടെ ഒരു യോഗമാണ് ഇതിനായി ഇപ്പോള്‍ ഉപയോഗിക്കാറുള്ളത്. ദേശഭേദമനുസരിച്ച് പ്രാചീനര്‍ ഇതില്‍ ചില്ലറ വ്യത്യാസം വരുത്താറുണ്ട്. എങ്കിലും അഗ്നി ദീപ്തികരമായ ഔഷധങ്ങളുടെ ഒരു യഥാശ്രുത യോഗമാണ് നമ്മള്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. പഞ്ചകോലം, ത്രിജാതം, വാതഹരവും ഹൃദ്യവും ത്രിദോഷ ശാമകവുമായ മറ്റു ചില ഔഷധങ്ങളും ഇതില്‍ ചേര്‍ക്കാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം പഞ്ചകോലമാണ്. പ്രാചീന ആചാര്യന്‍മാര്‍ ഉപയോഗിച്ചിരുന്ന ചിത്രകവും ശുദ്ധീകരണ പ്രക്രിയയ്ക്കുശേഷം ഇതിന്റെ ഭാഗമായി വരുന്നുണ്ട്.


കഫവര്‍ധനമാകയാല്‍ പകലുറക്കം ഒഴിവാക്കണം. മഞ്ഞ്, നദീജലം (അത് പുണ്യനദിയില്‍നിന്നു തന്നെയായാലും) വ്യായാമം, വെയില്‍ കൊള്ളല്‍, മൈഥുനം എന്നിവ വര്‍ഷകാലത്ത് വര്‍ജിക്കപ്പെടേണ്ടതാണ്. വര്‍ഷ ഋതുവില്‍ കാറ്റും മഴയും കാരണം വിശേഷിച്ച് തണുപ്പു കൂടുതല്‍ ഉള്ള ദിവസം വാതശമനത്തിനായി ഉപ്പും നെയ്യും ചേര്‍ത്ത് ആഹാരം കഴിക്കണം. അഷ്ടചൂര്‍ണ്ണം ഇവിടെ പ്രസക്തമാണ്. മേല്‍ തിരുമ്മല്‍, തേപ്പ്, ഔഷധ സംസ്‌കൃത തൈലസ്‌നാനം, പിഴിച്ചില്‍ എന്നിവയ്ക്ക് അനുയോജ്യമാണ്.

ഔഷധസംസ്‌കൃതമായ കഞ്ഞിക്കൂട്ടിന്റെ വിധാനത്തിലും ദേശമനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്. എങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ട വിധാനമാണ് ഈ പറയപ്പെടുന്നത്. നവരയരി 30 ഗ്രാം (കഴിവതും തവിടു കളയാതെ) 750 മില്ലി തിളച്ച വെള്ളത്തില്‍ (ഏകദേശം 5 ഗ്ലാസ്) ഇട്ട് വേവിച്ച് അതില്‍ കഞ്ഞിക്കൂട്ട് മരുന്നു 10 ഗ്രാം (രണ്ടു ടീസ്പൂണ്‍) ചേര്‍ത്ത് തിളച്ചശേഷം അര ഗ്ലാസ് തേങ്ങാപ്പാല്‍ ചേര്‍ത്ത് പതഞ്ഞാല്‍ വാങ്ങി വയ്ക്കുക. രുചിക്ക് അഞ്ചു ഗ്രാം ചുവന്നുള്ളി ചെറുതായി അരിഞ്ഞ് രണ്ടു ടീസ്പൂണ്‍ നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കാം. ഒരു നുള്ള് ഇന്തുപ്പ് വറുത്ത് പൊടിച്ചതും ചേര്‍ക്കാവുന്നതാണ്. ഈ കഞ്ഞി ചെറുചൂടോടെ അത്താഴ സമയത്ത് ഏഴു ദിവസം കഴിക്കുക. കഞ്ഞി കഴിച്ചതിനുശേഷം മറ്റൊന്നും കഴിക്കരുത്.

എന്നാല്‍ ഉപ്പും, കൊഴുപ്പും നിഷേധിക്കപ്പെിട്ടുള്ളവ പാലു ചേര്‍ത്ത് പാല്‍ക്കഞ്ഞിയായി ഉപയോഗിക്കാം. ഈൗ ഔഷധസേവകൊണ്ട് രക്താതിമര്‍ദം, അമിത കൊളസ്റ്ററോള്‍ ലെവല്‍ എന്നിവ ഉണ്ടാകില്ല.
ഡോ.ഡി.രാമനാഥന്‍
സീതാറാം ആയുര്‍വേദ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, വെളിയന്നൂര്‍, തൃശൂര്‍.