സുഖചികിത്സയുടെ പ്രാധാന്യം
Wednesday, July 10, 2019 2:57 PM IST
മനസിനും ശരീരത്തിനും പുത്തനുണര്‍വു നല്‍കാനുള്ള കാലമാണ് കര്‍ക്കടകം. കര്‍ക്കടകത്തിലെ ഔഷധസേവ ഒരാണ്ടിന്റെ ആരോഗ്യത്തിന് പിന്‍ബലമേകുന്നു. ശരീരത്തിന്റെ വ്യാധിക്ഷമത്വം വര്‍ധിപ്പിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം മഴക്കാല രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധവും ഇതിലൂടെ ലഭിക്കും. ആയുര്‍വേദാചാര്യന്മാര്‍ ഏറ്റവും അനുയോജ്യമായ ചികിത്സാകാലമായാണ് കര്‍ക്കടകത്തെ കാണുന്നത്. കര്‍ക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളാണ് ചികിത്സാ മാസങ്ങളെങ്കിലും പ്രകൃതിക്ക് ഏറ്റവും സമീകൃത സ്വഭാവമുള്ളത് കര്‍ക്കടകത്തിലാണ്. കാലചക്രത്തിന്റെ പുനരുജ്ജീവനമാണ് കര്‍ക്കടകത്തില്‍സംഭവിക്കുന്നത്. വിഭവങ്ങളുടെ ഉല്‍പത്തികാലമാണിത്. സസ്യലതാദികള്‍ പുഞ്ചിരിക്കുന്ന മാസം. തണുത്ത ഭൂമി തന്നിലേക്ക് ജീവന്റെ തളിരുകളെ കുടിയിരുത്തുന്നത് മിഥുനത്തിന്റെ അവസാനമാണ്. ദാശരഥി രാമന്‍ അവതാരമെടുത്ത കര്‍ക്കടക ലഗ്നത്തിന്റെ സ്മരണയില്‍ ഇത് രാമായണമാസമായി. കര്‍ക്കടകം ജീവജാലങ്ങളുടെ ഊര്‍ജസമ്പാദന കാലമാണ്. അങ്ങനെ മനുഷ്യനും ഈ കാലത്താണ് ഊര്‍ജം സമാഹരിക്കേണ്ടത്. രോഗമില്ലാത്തവര്‍ക്ക് രോഗപ്രതിരോധശേഷിക്കും ആയുസും ആരോഗ്യവും വര്‍ധിപ്പിക്കാനും പറ്റിയ നല്ല ചികിത്സാകാലമാണ് കര്‍ക്കടകം. ദഹനപ്രക്രിയ നന്നായി നടക്കുന്നതിനുള്ള ഭക്ഷണക്രമവും ചികിത്സയുമാണ് കര്‍ക്കടകത്തില്‍ അനുവര്‍ത്തിക്കേണ്ടത്.
ആരോഗ്യപുഷ്ടിക്കായി സുഖചികിത്സ
പഞ്ചകര്‍മ്മം, അഭ്യംഗം, ധാര, സ്വേദനം, പിഴിച്ചില്‍ എന്നിവയാണ് കര്‍ക്കടക മാസത്തില്‍ പ്രധാനമായും ചെയ്യുന്ന സുഖചികിത്സ.
പഞ്ചകര്‍മ്മം
ആയുര്‍വേദശാസ്ത്ര പ്രകാരം ചികിത്സയെ ശമനചികിത്സ, ശോധനചികിത്സ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇതില്‍ രണ്ടാമത്തെ വിഭാഗമായ ശോധന ചികിത്സയില്‍ ഉള്‍പ്പെടുന്ന അഞ്ചു കര്‍മ്മങ്ങളായ വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷണം എന്നിവയെയാണ് പഞ്ചകര്‍മ്മം എന്നറിയപ്പെടുന്നത്.
നമ്മുടെ ശരീരത്തിലെ രോഗകാരണങ്ങളായ ബഹുദോഷ അവസ്ഥയെ ഭേദിച്ച് അവയെ ശരീരത്തില്‍ നിന്ന് പുറംതള്ളി, രോഗ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കി ആരോഗ്യം പ്രദാനം ചെയ്യുന്ന ചികിത്സാരീതിയാണ് പഞ്ചകര്‍മ്മം.
അഭ്യംഗം
ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന തേച്ചുകുളിയാണ് അഭ്യംഗം എന്നറിയപ്പെടുന്നത്. ശരീരപുഷ്ടിക്കു വേണ്ടിയാണ് അഭ്യംഗം ചെയ്യുന്നത്. നെറുകയിലും ചെവിയിലും കാലിനടിയിലും എണ്ണ തേച്ചുപിടിപ്പിച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിക്കും. അഭ്യംഗം പാലിച്ചാല്‍ യുവത്വം നിലനിര്‍ത്താമെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു.
സ്വേദനം
ഔഷധമൂലികകള്‍ നിറഞ്ഞ മരുന്നുകളി വെള്ളം തിളപ്പിച്ച് അതില്‍നിന്ന് വരുന്ന ആവികൊണ്ട് ശരീരത്തെ വിയര്‍പ്പിക്കും. ശേഷം ഇളംചൂടുവെള്ളത്തില്‍ കുളിപ്പിക്കും. അമിതവണ്ണത്തെ കുറച്ച് ശരീരം ഊര്‍ജസ്വലമാക്കാന്‍ സ്വേദനം സഹായിക്കുന്നു.
ധാര
ആളെ കിടത്തിയതിനുശേഷം നെറ്റിക്ക് മുകളിലൂടെ ഔഷധഎണ്ണ തലയിലേക്ക് ഏകദേശം അരമണിക്കൂര്‍ തുടര്‍ച്ചയായി ഒഴിക്കുന്നു. ധാര ചെയ്യുന്നത് ടെന്‍ഷനും തലവേദനയും അകറ്റാനും ഓര്‍മ്മ ശക്തി കൂട്ടുവാനും നല്ലതാണ്.
പിഴിച്ചില്‍
സുഖചികിത്സയുടെ രണ്ടാം ഘട്ടമാണിത്. ദേഹം മുഴുവന്‍ തൈലം പുരട്ടി ആളെ പാത്തിയില്‍ അഥവാ മരത്തോണിയില്‍ കിടത്തി രണ്ടുപേര്‍ അരയ്ക്ക് താഴെയും, രണ്ടുപേര്‍ അരയ്ക്ക് മുകളിലും തൈലമിട്ട് ഉഴിയും. തൈലം ചെറുചൂടോടെ തുണിക്കിഴിയില്‍ എടുത്ത് ഒരു കൈകൊണ്ട് ഉഴിച്ചിലുകാര്‍ ശരീരത്തില്‍ ഒഴിച്ചുകൊണ്ടിരിക്കും, അതേസമയം മറ്റേ കൈ കൊണ്ട് ഉഴിച്ചിലും നടത്തും. ഹൃദയത്തിലേക്കും ഞരമ്പുകളിലേക്കുമുള്ള രക്തപ്രവാഹം വേഗത്തിലാക്കാനും ദേഹത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ പുറത്തേക്ക് പോകാനും ഉഴിച്ചില്‍ അഥവാ പിഴിച്ചിലിലൂടെ സാധിക്കുന്നു.

ശരീരപ്രകൃതി മൂന്നു തരത്തില്‍
കാലാവസ്ഥ ഉഷ്ണത്തില്‍നിന്ന് പെെട്ടന്ന് തണുപ്പിലേക്ക് മാറുന്നത് ശരീരത്തിലെ വാത, പിത്ത, കഫാദികളെ പ്രകോപ്പിപ്പിക്കും. ഇവ സസൂക്ഷ്മം മനസിലാക്കിക്കൊണ്ടുള്ള ചികിത്സാവിധികള്‍ക്കും ഔഷധങ്ങള്‍ക്കും മാത്രമേ യഥാര്‍ത്ഥ ഫലപ്രാപ്തി നല്‍കാന്‍ കഴിയുകയുള്ളു. ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിയിലൂടെ ശരീരത്തെ സശ്രദ്ധം മനസിലാക്കുന്നതാണ് ചികിത്സയുടെ ആദ്യഘം.
വാതപ്രകൃതി
വരണ്ടതും കട്ടികുറഞ്ഞതുമായ ചര്‍മത്തോടുകൂടിയ പ്രകൃതം
പിത്തപ്രകൃതി
മൃദുവുമായ ചര്‍മത്തോടുകൂടിയ പ്രകൃതം
കഫപ്രകൃതി
കട്ടിയും എണ്ണമയവുമുള്ള ചര്‍മത്തോടുകൂടിയ പ്രകൃതം.
തുടര്‍ന്ന് ഇവയ്ക്ക് അനുസൃതമായി ഡോക്ടര്‍മാര്‍ ആഹാരം, വിഹാരം, ക്രിയ, ഔഷധം എന്നിവ നിര്‍ദേശിക്കുന്നു. ഈ നാലു ഘട്ടങ്ങളുടെയും സംയോജിതമായ പ്രവര്‍ത്തനത്തിലൂടെ രോഗിയുടെ പ്രകൃതി സന്തുലിതമാകുകയും ഔഷധങ്ങളുടെ ശക്തമായ പ്രവര്‍ത്തനം സാധ്യമാവുകയും ചെയ്യുന്നു. വാത, പിത്ത, കഫാദികള്‍ നമ്മെ പലവിധത്തില്‍ രോഗബാധിതരാക്കും. പഞ്ചകര്‍മ്മ ചികിത്സാവിധി അനുഷ്ഠിക്കുകയെന്നതാണ് ആയുര്‍വേദത്തിലെ പ്രതിവിധി. യഥാര്‍ഥ ഫലപ്രാപ്തി ലഭിക്കുമെന്നു മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യവും ലഭ്യമാക്കുന്നു. ഓരോ വ്യക്തിയുടെയും പ്രകൃതിയനുസരിച്ച് 7, 14, 21 ദിവസങ്ങള്‍വരെ നീളുന്നതാണ് കര്‍ക്കടക ചികിത്സ. എത്ര ദിവസം സുഖചികിത്സ ചെയ്യുന്നുവോ അത്ര ദിവസവും നല്ല പഥ്യം വേണം. പഥ്യം പ്രധാനം വിശ്രമം തന്നെ. ചികിത്സയുടെ ഗുണഫലം സ്വാംശീകരിക്കുന്നത് ആ സമയത്താണ്.
ശരീരമാറ്റങ്ങള്‍ കര്‍ക്കടകത്തില്‍
ഉഷ്ണത്തില്‍ നിന്ന് പൊടുന്നനെ തണുപ്പിലേക്കുള്ള മാറ്റം ശരീരത്തെ ബലഹീനമാക്കുന്നു. ഗ്രീഷ്മകാലത്ത് കൂടിയ വേനലിന്റെ ശക്തിമൂലം ശാന്തനായിരുന്ന മഴ ഇടയ്ക്കിടെ ഉണ്ടാകും. വാതത്തിന്റെ പ്രകോപം വാതരോഗമുള്ള ആളുകളില്‍ മഴക്കാലത്ത് പ്രകടമായി കാണാം. വര്‍ഷഋതു പിറന്നാല്‍ പിത്തംകൂടും. പിത്തം അഗ്നിയാണ്. കടുത്ത വേനലിന്റെ ശക്തികൊണ്ട് മറഞ്ഞിരുന്നത് അതിശക്തമായി പുറത്തുവരും. ഇതുമൂലം വിശപ്പും സ്വാംശീകരണവും കൂടും. ചുരുക്കത്തില്‍ ചയാപചയപ്രവര്‍ത്തനം കൂടും. ദുര്‍ബലമായ അവസ്ഥയെ അതിജീവിക്കാന്‍ മനുഷ്യനെ തയാറാക്കുന്ന കര്‍മ്മ പദ്ധതിയാണ് ശോധനചികിത്സ അഥവാ പഞ്ചകര്‍മ്മ ചികിത്സ. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ ഈ ശോധന ക്രിയകളിലൂടെ പുറത്തുകളഞ്ഞ് പഥ്യക്രമത്തിലൂടെയുള്ള ഔഷധസേവ ചെയ്താല്‍ ശരീരത്തിലെ ജീവനകലകള്‍ പുനര്‍ജനിക്കും. ജരാനരകള്‍ കടന്നുവരാന്‍ മടിക്കും. ബുദ്ധിയും മനസും ഇന്ദ്രിയങ്ങളും ഉണര്‍ന്നുവരും.
സുഖചികിത്സയില്‍ പാലിക്കേണ്ട ചിട്ടകള്‍
സുഖചികിത്സയെടുക്കുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാറ്റിലും മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ആഹാരം മുതല്‍ ചിന്തകളില്‍ വരെ മിതത്വം പാലിക്കണം. ശരീരം അധികം ഇളകരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പകലുറക്കവും രാത്രി ഉറക്കമിളക്കലും വര്‍ജിക്കണം. മദ്യപാനം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
ഡോ.സജികുമാര്‍
ചീഫ് ഫിസിഷന്‍, ധാത്രി ആയുര്‍വേദ ഹോസ്പിറ്റല്‍, എറണാകുളം