ഔട്ടാക്കാം ഈ രോഗങ്ങളെ
Saturday, May 25, 2019 3:59 PM IST
നാല്‍പത്തഞ്ചു വയസുള്ള സുന്ദരിയായ സുഹറ (യഥാര്‍ഥ പേരല്ല) ഒപിയില്‍ വന്നത് തലകറക്കവും ക്ഷീണവുമായിട്ടാണ്. കണ്ടപ്പോള്‍ത്തന്നെ വളരെയധികം വിളര്‍ച്ചയുള്ളതുപോലെ തോന്നി. കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അറിയുന്നത് കുറേ മാസങ്ങളായി സുഹറയ്ക്ക് അമിത രക്തസ്രാവമാണ് എന്ന്. എന്തുകൊണ്ട് ഡോക്ടറെ കാണിച്ചില്ല എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: നില്‍ക്കാറാകുമ്പോള്‍ മെന്‍സസിന് ഇങ്ങനെയൊക്കെ വ്യത്യാസങ്ങള്‍ വരുമെന്നാണ് എന്റെ കൂട്ടുകാര്‍ പറഞ്ഞത് എന്നാണ്. തുടര്‍ന്നുള്ള പരിശോധനയില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മൂന്ന് ഗ്രാം/ഡിഎല്‍ മാത്രമാണെന്നു മനസിലായി. (നോര്‍മല്‍ 12 ഗ്രാം/ ഡിഎല്‍). അള്‍ട്രാ സൗണ്ട് പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയ മുഴയും ഉണ്ടായിരുന്നു. അതായിരുന്നു അമിത രക്തസ്രാവത്തിന്റെ കാരണം. തുടര്‍ന്നുള്ള ചികിത്സയില്‍ സുഹറയ്ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചു.
സ്വന്തം ആരോഗ്യം സംരക്ഷിക്കണം
സ്വന്തം ആരോഗ്യത്തില്‍ അല്പം പോലും ശ്രദ്ധിക്കാതെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ തോളിലേറ്റി ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് ജീവിക്കുന്ന ഇതുപോലുള്ള പല സുഹറമാരും നുടെ സമൂഹത്തിലുണ്ട്. സ്ത്രീയാണ് കുടുംബ വിളക്കെന്നും അവള്‍ക്ക് ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ കുടുംബത്തില്‍ പ്രകാശം പരത്താന്‍ സാധിക്കുകയുള്ളൂ. ആരോഗ്യമുള്ള ഭാവിതലമുറയെ വാര്‍ത്തെടുത്ത് നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള ഒരു വലിയ ഉത്തരവാദിത്വമാണ് തങ്ങളില്‍ നിക്ഷിപ്തിമായിരിക്കുന്നതെന്ന് ഓരോ സ്ത്രീയും തിരിച്ചറിയണം. അതുകൊണ്ട് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കണം.
പരിശോധനകള്‍ നടത്തണം
Life begins at 40 എന്ന ആപ്തവാക്യത്തില്‍ ഒും അതിശയോക്തിയില്ല. കാരണം കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്വങ്ങളില്‍നിന്ന് നാല്‍പതു വയസാകുമ്പോഴേക്കും സ്ത്രീകള്‍ക്ക് അല്പം വിശ്രമം ലഭിക്കുന്നു. പലവിധ അസുഖങ്ങളും വരാന്‍ സാധ്യതയുള്ള ഒരു പ്രായമാണത്. അതുകൊണ്ട് രോഗം വന്നിട്ട് ചികിത്സിക്കാന്‍വേണ്ടി കാത്തിരിക്കാതെ രോഗം വരാതിരിക്കാനുള്ള മാര്‍ഗവും പ്രതിവിധിയും എല്ലാ സ്ത്രീകളും ചെയ്തിരിക്കണം. അതിനുവേണ്ടി ഒരു ഗൈനക്കോളജി പരിശോധനയ്ക്ക് വിധേയമാകണം.
ആര്‍ത്തവസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും രക്തപരിശോധനയും അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴിയും കണ്ടുപിടിക്കാം. അമിത രക്തസ്രാവം ഗര്‍ഭപാത്രത്തിലെ മുഴമൂലമോ കാന്‍സര്‍ മൂലമോ ആണ് സംഭവിക്കുന്നത്. അല്ലാതെ ആര്‍ത്തവവിരാമത്തിനു മുമ്പായി സാധാരണയായി സംഭവിക്കുന്ന ഒരു കാര്യമല്ല എന്ന് എല്ലാവരും മനസിലാക്കണം.
പാപ്‌സ്മിയര്‍ ടെസ്റ്റ്
ഗര്‍ഭപാത്രത്തിലെ കാന്‍സര്‍ നേരത്തേതന്നെ കണ്ടുപിടിക്കാവുന്ന ടെസ്റ്റാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്. കാന്‍സറിന്റെ ആരംഭത്തില്‍ത്തന്നെ അതു കണ്ടുപിടിച്ച് പൂര്‍ണ ചികിത്സ നല്‍കാന്‍ ഈ ടെസ്റ്റ് വഴി സാധിക്കും. ഈ ടെസ്റ്റ് അഞ്ചു വര്‍ഷത്തിലോ ഡോക്ടര്‍ ആവശ്യപ്പെടുന്നതനുസരിച്ചോ ചെയ്യേണ്ടതാണ്.

സ്തനാര്‍ബുദം
സ്ത്രീകളില്‍ ഏറ്റവും കൂടുതലായി ഇപ്പോള്‍ കണ്ടുവരുന്ന കാന്‍സറാണ് സ്തനാര്‍ബുദം. ഇതും നേരത്തേ കണ്ടുപിടിച്ചാല്‍ സുഖപ്പെടുത്താവുന്നതാണ്. അതിനുവേണ്ടി ആര്‍ത്തവം കഴിഞ്ഞുള്ള ആഴ്ചയില്‍ ഒരു സ്വയം പരിശോധന നടത്തേണ്ടതാണ്. സംശയാസ്പദമായ മുഴകള്‍ സ്തനങ്ങളില്‍ കാണുകയോ മുലഞെട്ടില്‍ നിന്ന് ദ്രാവകരൂപത്തില്‍ എന്തെങ്കിലും കാണുകയോ ചെയ്താല്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാകണം. ഒന്നുമില്ലെങ്കില്‍ 40 വയസ് കഴിഞ്ഞ എല്ലാ സ്ത്രീകളും മാമോഗ്രാം എന്ന ടെസ്റ്റ് ഒരിക്കലെങ്കിലും ചെയ്തിരിക്കണം.
ആര്‍ത്തവ വിരാമം
ആര്‍ത്തവവിരാമം 50/55 വയസില്‍ സംഭവിക്കാം. ഈ സമയത്ത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കുറയുന്നതുകൊണ്ട് അമിതമായ വിശപ്പ്, ഉറക്കമില്ലായ്മ, വിഷാദം, മൂത്രാശയ രോഗങ്ങള്‍, യോനിയില്‍ വരള്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.
വ്യായാമത്തിന്റെ പ്രസക്തി
കാല്‍സ്യത്തിന്റെയും വിറ്റാമിന്‍ സിയുടെയും അളവു കുറയുന്നതിനാല്‍ സന്ധിവേദനയും എല്ലുകള്‍ ഒടിയാനുള്ള സാധ്യതയും ഏറെയാണ്. അത് ഓസ്റ്റിയൊ പൊറോസിസ് എന്ന രോഗമുണ്ടാകാം. ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി എല്ലാ സ്ത്രീകളും ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അര മണിക്കൂര്‍ വിവിധതരത്തിലുള്ള വ്യായാമം ചെയ്യേണ്ടതാണ്. ഓരോരുത്തരുടെ സൗകര്യവും ശരീരസുഖവും അനുസരിച്ച് ഡാന്‍സ്, യോഗ, നടപ്പ് മുതലായ ഏതെങ്കിലും വ്യായാമം ചെയ്യണം. ഞാന്‍ വീട്ടില്‍ ധാരാളം ജോലി ചെയ്യുന്നുണ്ട്, പിന്നെ വേറെ വ്യായാമം വേണമോ എന്നു പലരും ചോദിക്കാറുണ്ട്. ഇതു പോരാ, വ്യായാമത്തിനുവേണ്ടി മാത്രം നാം ദിവസം കുറച്ചു സമയം കണ്ടെത്തണം. അതു കുറേ സുഹൃത്തക്കളുമായി ഒന്നിച്ചു ചെയ്താല്‍ മാനസിക ആരോഗ്യത്തിനും നന്ന്. എല്ലാവിധ പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
ഭക്ഷണത്തിലും ശ്രദ്ധിക്കാം
ഭക്ഷണകാര്യത്തിലും ഈ പ്രായത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അധികം കൊഴുപ്പ്, മധുരം എന്നിവ കുറയ്ക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഉല്ലാസയാത്രകള്‍ക്കും ആധ്യാത്മിക കാര്യങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും വേണം. അങ്ങനെ നമുക്ക് Fit at 50, strong at 60 and in-dependent at 70 and 80 ആകാന്‍ ശ്രമിക്കാം.
ഡോ. ഗ്രേസി തോമസ്
ഗൈനക്കോളജിസ്റ്റ്, തഖ്ദീസ് ഹോസ്പിറ്റല്‍, പുക്കാട്ടുപടി