അമിത സംരക്ഷണം ആപത്ത്
Saturday, December 15, 2018 2:48 PM IST
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തുവിന്റെ മാതാപിതാക്കള്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണ്. മുത്തച്ഛനും മുത്തശിയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു സഹോദരിയും അനന്തുവിനുണ്ട്. സന്തോഷം നിറഞ്ഞുനില്‍ക്കുന്ന ഗൃഹാന്തരീക്ഷം. എന്നാല്‍ അടുത്തിടെ അനന്തു വളരെയധികം അസ്വസ്ഥനായി കാണപ്പെട്ടു. ശ്വാസം മുട്ടുന്നതുപോലെയും, തൊണ്ടയില്‍ എന്തോ ഇരിക്കുന്നതുപോലെയും വിറയ്ക്കുന്നതുപോലെയുമൊക്കെ അനന്തുവിന് അനുഭവപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. പേടി തോന്നുന്നുവെന്നും, ഉടന്‍ ഡോക്ടറെ കാണണമെന്നും അവന്‍ ആവശ്യപ്പെട്ടു. എന്റെ മുന്നില്‍ അവന്‍ കാരണം വിശദീകരിച്ചു.
സ്‌കൂളിന് അവധിയാണെന്ന് ആരോ പറഞ്ഞുകേട്ടു. അവന്‍ കൂട്ടുകാരന് ആ വിവരം മെസേജ് അയച്ചു. പക്ഷേ ഗ്രൂപ്പു തെറ്റി സ്‌കൂളിലെ സഹപാഠികളുടെ ഗ്രൂപ്പിലേക്കാണ് സന്ദേശം പോയത്. അവധിയില്ല എന്ന് ടിവിയില്‍ പറയുന്നത് കേള്‍ക്കുകയും ചെയ്തു. അതുകേട്ടതു മുതലാണ് പരിണിതഫലങ്ങളോര്‍ത്ത് അമിത ഭയം തുടങ്ങിയത്. മാതാപിതാക്കള്‍ ക്ഷമാപണ സന്ദേശം അയച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും അനന്തുവിനെ സമാധാനിപ്പിക്കാന്‍ അതിനൊന്നും കഴിഞ്ഞില്ല. കൗണ്‍സലിംഗിന് വന്നിരുന്നപ്പോഴും അനന്തു ഞെട്ടുകയും വിറയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഭയത്തിന്റെ വിവിധതലങ്ങള്‍
കൂടുതല്‍ സംസാരിച്ചപ്പോള്‍ അനന്തുവിന് പലതലങ്ങളിലും വിവിധതരത്തിലുള്ള ഭയങ്ങള്‍ ഉണ്ടെന്ന് മനസിലായി. ബാത്ത്‌റൂമില്‍ പോകുമ്പോള്‍ വാതിലിനടുത്ത് വീട്ടുകാര്‍ ഉണ്ടാകണം. അല്ലെങ്കില്‍ പോകുവാന്‍ ഭയമാണ്. ആരെയെങ്കിലും പുറകെ നടന്ന് വിളിച്ചുകൊണ്ടുവരും. രാത്രിയായാല്‍ പുറത്തേക്ക് ഇറങ്ങുകയില്ല. ഇരുട്ടിലേക്ക് നോക്കാന്‍ വലിയ ഭയമാണ്. എന്താണ് കാരണമെന്ന് ചോദിച്ചാല്‍ വ്യക്തമായി മറുപടിയില്ല. എന്നാല്‍ ഇരുട്ടിലേക്ക് നോക്കുമ്പോള്‍ ശരീരം വിറയ്ക്കാനും തലപെരുക്കാനും തുടങ്ങുമെന്ന് മാത്രം അവന് അറിയാം.
പകല്‍ നാലുമണി കഴിയുമ്പോള്‍ തന്നെ നേരിയ ഭയം തുടങ്ങുകയും സന്ധ്യയാകുമ്പോള്‍ വലിയ അസ്വസ്ഥതയായി മാറുകയും ചെയ്യുന്നതുകൊണ്ട് എപ്പോഴും മുത്തച്ഛനും മുത്തശിയും അടുത്തുവേണം. സ്‌കൂളില്‍ പോകാനും പഠിക്കാനും നല്ല താല്‍പര്യമുണ്ടെങ്കിലും ഈയിടെയായി മാര്‍ക്ക് കുറയുന്നുണ്ട്.
അനന്തുവിന്റെ മറ്റൊരു പ്രശ്‌നം ഉറങ്ങാന്‍ കിടക്കുമ്പോഴുണ്ടാകുന്ന ഭയമാണ്. ഉറക്കം കണ്ണിലേക്ക് സാവകാശം പടര്‍ന്നു തുടങ്ങുമ്പോള്‍ പെട്ടെന്ന് കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും വലിയ അപകടം വരാന്‍ പോകുന്നെന്നോ അവര്‍ മരിച്ചുപോകുമെന്നോ ഒക്കെയുള്ള തോന്നല്‍ വരും. ഉടന്‍ ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്യും. പിന്നെ എഴുന്നേറ്റ് പോയി അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ട് ഉറപ്പു വരുത്തിയശേഷമേ കിടന്ന് ഉറങ്ങുകയുള്ളു. സാധാരണ പല ദിവസങ്ങളിലും ഈ അനുഭവം ഉണ്ടാകാറുണ്ട്.
മനസില്‍ പതിഞ്ഞ ചിത്രം
മുന്‍കാല അനുഭവങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു സിനിമയില്‍ കാറപകടത്തില്‍പ്പെട്ട് കാറിന് തീപിടിച്ച് ഒരാള്‍ കത്തിക്കരിഞ്ഞു മരിക്കുന്നത് കണ്ട കാര്യം പറഞ്ഞു. ചില ഭീകര സിനിമകളുടെ ഭയപ്പെടുത്തുന്ന ഓര്‍മകളും മനസിലുള്ളതായി അവന്‍ വെളിപ്പെടുത്തി. സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഓരോ സംഭവം വിശദീകരിക്കുമ്പോഴും അവന്‍ ഞെട്ടുന്നുണ്ടായിരുന്നു. എല്ലാം പഠിച്ചു കഴിഞ്ഞാലും പരീക്ഷയെപ്പറ്റി ഓര്‍ക്കുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നു. അന്ന് രാവിലെ പലതവണ ടോയ്‌ലറ്റില്‍ പോകുകയും, വിശപ്പില്ലായ്മയും തൊണ്ടയില്‍ അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്യും.
നിഴലായ് മുത്തച്ഛനും മുത്തശിയും
അനന്തുവിന്റെ പിതാവിന്റെ മാതാപിതാക്കളാണ് കൂടെയുള്ളത്. അവര്‍ കൗണ്‍സലിംഗിന് വന്നപ്പോള്‍ പോലും അനന്തുവിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് വന്നത്. അവര്‍ നിഴല്‍പോലെ കൂടെയുണ്ടെന്നും ഒരുകാര്യവും അനന്തു സ്വയം ചെയ്യാന്‍ അനുവദിക്കാറില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. പുസ്തകം അടുക്കിവയ്ക്കുന്നതും ഷൂലെയ്‌സ് കെട്ടുന്നതും, സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയാലുടനെ ബാഗ് വാങ്ങി വീട്ടിലേക്ക് നയിക്കുന്നതും മുത്തച്ഛനാണ്. തൊടുത്ത കടയില്‍ പോയി സാധനം വാങ്ങാന്‍ അമ്മ പറയുമ്പോള്‍, കുഞ്ഞല്ലേ അവനെ വിടണ്ട എന്നു പറഞ്ഞ് അദ്ദേഹം തന്നെപോയി സാധനം വാങ്ങിക്കൊണ്ടുവരും. കൂട്ടുകാരുടെ വീട്ടില്‍ പോയാലും കൂടെപ്പോകും. ഹോംവര്‍ക്ക് ചെയ്യാന്‍ കൂടെയിരുന്ന് സഹായിക്കും. അവന്‍ ഉറങ്ങുന്നതുവരെ പഠിക്കാന്‍ കൂടെയിരിക്കും.
ഹെലികോപ്റ്റര്‍ പേരന്റിംഗ്
ഇവിടെ പല ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. പൊതുവേ പല കാര്യങ്ങളിലും ഭയവും ആശങ്കയും കുട്ടിക്കുണ്ട്. വര്‍ഷം ചെല്ലുന്തോറും പുതിയ പുതിയ ഭയമേഖലകള്‍ ജനിക്കുന്നതായും കാണാന്‍ കഴിയും. ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിഡോര്‍ഡറിന്റെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും അവന് ടെന്‍ഷനില്ലാത്ത പല തലങ്ങളും ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.
ഒരുതരം ഹെലികോപ്റ്റര്‍ പേരന്റിംഗാണ് മുത്തച്ഛനും മുത്തശിയും നടത്തുന്നത്. അവനെ സ്വതന്ത്രമായി ഒന്നും ചെയ്യാന്‍ സമ്മതിക്കാത്ത അമിത സംരക്ഷണം. ഒരു പരിധിവരെ അവന് വിനയായി ഭവിച്ചു. ഒരുകാര്യവും സ്വന്തമായി ചെയ്യുവാനുള്ള ആഗ്രഹമോ മാത്സര്യ ബുദ്ധിയോ ഇല്ലാതെ അലസനും പൂര്‍ണ ആശ്രിതനുമായി കഴിയുവാന്‍ ഈ സംരക്ഷണം കാരണമായി. എല്ലാ സമയവും കൂടെയുള്ള മാതാപിതാക്കളുടെ സാമീപ്യം രാത്രിയെയും പകലിനെയും പ്രതിസന്ധികളെയും ആവശ്യങ്ങളെയും ഒറ്റയ്ക്ക് നേരിടാനുള്ള അവസരങ്ങള്‍ അവന് നഷ്ടപ്പെടുത്താനാണ് ഉപകരിച്ചത്. ഇതുമൂലമാണ് ഒരുപരിധിവരെ ചില ഭയങ്ങള്‍ ഉടലെടുത്തതെന്ന് പറയാം.
അതിനൊപ്പം ചെറുപ്പത്തിലുണ്ടായ അറിയപ്പെടാത്ത ചില ഭയങ്ങളും സിനിമയില്‍ നിന്നുണ്ടായ ആഘാതവും എല്ലാം കൂടി ചേര്‍ന്ന് വിവിധതലങ്ങളില്‍ ആകാംക്ഷ സൃഷ്ടിച്ചു. എല്ലാ കാര്യങ്ങള്‍ക്കും സംരക്ഷണം ലഭിക്കുമ്പോള്‍ ഒരുകാര്യവും നേരിടാന്‍ അവസരം ലഭിക്കുകയില്ല എന്നതിനാല്‍ കൂടുതല്‍ പ്രതിസന്ധികള്‍ സംജാതമാകും. ഒറ്റയ്ക്ക് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോഴും, മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയാത്ത വ്യക്തിപരമായ പ്രതിസന്ധി സംജാതമാകുമ്പോഴും ഇക്കൂര്‍ നിസഹായരായി തളര്‍ന്നുവീഴും.
മാതാപിതാക്കളോട്
ചെറുപ്പത്തിലേ സ്വതന്ത്രമായി വളരുവാനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അമിത സംരക്ഷണം ആപത്താണ്. അനന്തുവിനെ അവന്റെ വിവിധ പൂര്‍വകാല അനുഭവങ്ങളിലൂടെ മനസുകൊണ്ട് ഒരിക്കല്‍ കൂടി കൊണ്ടുപോയി സൈക്കോതെറാപ്പി വഴി സൗഖ്യവും സന്തുലിതാവസ്ഥയും സൃഷ്ടിച്ചുകൊടുക്കാന്‍ കഴിഞ്ഞു.

ഡോ. പി.എംചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പാള്‍, നിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി