ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വര്‍ഷത്തിലേക്ക്
ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വര്‍ഷത്തിലേക്ക്
Monday, April 5, 2021 5:01 PM IST
വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ കഴിയുന്ന സംരംഭമെന്ന നിലയിലാണ് മിനി ജോളിച്ചന്‍ ആട് വളര്‍ത്താമെന്ന് ആലോചിച്ചു തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിനു ചെറിയ മുതല്‍ മുടക്കില്‍ ചെയ്യാന്‍ കഴിയുന്നതാണ് ആട് വളര്‍ത്തല്‍ എന്നതും മിനിയെ ആട് വളര്‍ത്തലിനു പ്രേരിപ്പിച്ചു. 2003 മുതല്‍ 2021 വരെ 18 വര്‍ഷം നീണ്ട ആട് വളര്‍ത്തല്‍. കാലം ഏറെ പഠിപ്പിച്ചു. കഠിനാധ്വാനം വിജയം നല്‍കി. കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ പഞ്ചായത്തിലെ കോക്കടവിലെ നെല്ലുവേലില്‍ മിനി ജോളിച്ചന്‍റെ വിജയവഴികള്‍ ഇങ്ങനെ.

തുടക്കം 1500 രൂപയുടെ ഒരാടില്‍ നിന്നും

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1500 രൂപ കൊടുത്തു വാങ്ങിയ ഒരാടില്‍ നിന്നുമാണ് 2021 ലെത്തുമ്പോള്‍ ഒരു വര്‍ഷം 2000 ആടുകളെ വില്പന നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാമിലേയ്ക്കുള്ള മിനി ജോളിച്ചന്റെ വളര്‍ച്ച. ഇന്ന് ആട് കൃഷിയെക്കുറിച്ചും ആട് ഫാമിനെക്കുറിച്ചും ഇവര്‍ക്കറിയാത്തതൊന്നുമില്ല. ഇപ്പോള്‍ 50 ലക്ഷത്തോളമാണ് ഇവരുടെ ആസ്തി. ലോണുകളോ മറ്റ് വായ്പകളോ ഒന്നുമില്ല. കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ വിജയം നമ്മെ തേടിയെത്തുമെന്നാണ് മിനി പറയുന്നത്. ഭര്‍ത്താവ് ജോളിച്ചനും മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് മിനിക്കൊപ്പം സഹായത്തിനെത്തിയതും ഏറെ സഹായകമായി.

ചെലവ് ചുരുക്കുക പ്രധാനം

എല്ലാ കാര്യങ്ങളും തുടക്കത്തില്‍ ചെറിയ രീതിയിലും ചെലവു കുറച്ചും ചെയ്യണമെന്നാണ് ഇവര്‍ പറയുന്നത്. വലിയ മുതല്‍ മുടക്കില്‍ കൂടുതല്‍ ആടുകളെ വാങ്ങി വലിയ ഫാമായി തുടങ്ങുന്നതിലും നല്ലത് ഒന്നോ രണ്ടോ ആടുകളുമായി തുടങ്ങുന്നതാണ്. ഏതു സംരംഭവുമായി നാമിറങ്ങുമ്പോഴും അതേക്കുറിച്ച് നമുക്ക് നല്ല അറിവുണ്ടാകണം. അതേക്കുറിച്ച് പഠിച്ചിരിക്കണം. എങ്കില്‍ മാത്രമേ പ്രതിസന്ധികളുണ്ടായാല്‍ അതിജീവിക്കാന്‍ കഴിയൂ. ആട് കൃഷിയിലും ഇതാണ് വേണ്ടത്. കൂട്, തീറ്റ, ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളുണ്ട് മനസിലാക്കാന്‍. അതിനാണ് ആദ്യം ചെറിയ രീതിയില്‍ തുടങ്ങുന്നത്. കാര്യങ്ങള്‍ മനസിലാക്കി ക്കഴിഞ്ഞാല്‍ ആടുകളുടെ എണ്ണം കൂട്ടാം. ഫാം വലുതാക്കാം. ഇതേ രീതിയില്‍ ചുവടുവച്ചാണ് മിനി ജോളിച്ചന്‍ ഇവിടെയെത്തി നില്‍ക്കുന്നത്.

ആടുകളെ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം

മുന്‍പൊക്കെ പല ഇനങ്ങളിലുള്ള ആടുകളുണ്ടായിരുന്നു. മലബാറി, ബോയര്‍, സിരോഹി, ജംനാപാരി, ബീറ്റല്‍ കരോലിന്‍, ഓസ്‌ട്രേലിയന്‍ ബോയര്‍, തോത്താപൂരി, പസാരി, മറ്റ് സങ്കരയിനങ്ങള്‍ എന്നിവയെല്ലാമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മലബാറി ആടുകള്‍ മാത്രമേ ഉള്ളൂ. നമ്മുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും മലബാറി ആടാണ് ഉത്തമമെന്നാണ് മിനിയുടെ പക്ഷം. മികച്ച പ്രതിരോധശേഷി, കൂടുതല്‍ പാല്‍, ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ വരെയുണ്ടാകുന്നു, ആവശ്യക്കാര്‍ കൂടുതല്‍ എന്നിവയാണ് മലബാറി ആടുകളെ പ്രിയങ്കരമാക്കുന്നത്. ഓസ്‌ട്രേലിയന്‍ ബോയര്‍ മികച്ച ഇനമായിരുന്നു. എന്നാല്‍ ഇവയെ കിട്ടാനില്ല എന്നതാണ് പ്രശ്‌നം.

കൂട് നിർമ്മാണം

അധികം ചൂടോ തണുപ്പോ ഏല്‍ക്കാത്ത വിധം വേണം കൂട് നിര്‍മ്മിക്കാന്‍. ചെലവ് കുറഞ്ഞുമിരിക്കണം. അതിനാല്‍ മിനിയുടെ കൂടുകള്‍ക്കുമുണ്ട് പ്രത്യേകത. കേടായ തെങ്ങുകളാണ് കൂടിന്റെ തൂണുകളും പലകകളുമായിരിക്കുന്നത്. മേല്‍ക്കൂര ഓടിട്ടതാണ്. ആറടിയോളം ഉയരത്തിലാണ് കൂട് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ ആട്ടിന്‍ കാഷ്ഠം വാരിയെടുക്കാന്‍ സൗകര്യപ്രദമാണ്. ആടുകള്‍ക്ക് രോഗങ്ങളും കുറവ്. ഇത്തരത്തിലുള്ള നാല് കൂടുകളാണുള്ളത്.

ചിട്ടയായ ഭക്ഷണ ക്രമം

പച്ചപ്പുല്ലും ഇലകളുമാണ് പ്രധാനമായും ആടുകളുടെ തീറ്റ. പ്ലാവ്, താന്നി, മരുത് എന്നിവയുടെ ഇലകളാണ് കൂടുതലും നല്‍കുന്നത്. പുല്ല് വളര്‍ത്തുന്നുമുണ്ട്. വരവ് തീറ്റകളൊന്നും ആടുകള്‍ക്ക് നല്‍കാറില്ല. പച്ചരി വേവിച്ചത്, പുളിമ്പൊടി, ഗോതമ്പ് തവിട്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയാണ് പ്രധാനമായും നല്‍കുന്നത്. ചക്കയുടെ കാലമായാല്‍ ചക്കക്കുരു വേവിച്ച് നല്‍കും. ഇതും ചെലവില്ലാതെ നല്‍കാന്‍ കഴിയുന്ന മികച്ച ഭക്ഷണമാണ്.


രോഗങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കണം. കുഞ്ഞുങ്ങള്‍ക്ക് വിരമരുന്ന് കൃത്യമായി നല്‍കണം. നാട്ടറിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പച്ചമരുന്നുകളാണ് മിനി ആടുകള്‍ക്ക് നല്‍കുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഡോക്ടറുടെ സേവനം തേടും. മിനിയുടെ ഫാമില്‍ രോഗങ്ങള്‍ ഉണ്ടാകാറേയില്ലെന്നു പറയാം. ജീവകം ബിയുടേയും കാല്‍സ്യത്തിന്‍േറയും മഗ്‌നീഷ്യത്തിന്‍േറയും കുറവാണ് ആടുകള്‍ക്ക് രോഗം വരുന്നതിന് കാരണം. അതിനാല്‍ ജീവകം ബി ഗുളികകളും, കാല്‍സ്യവും സ്ഥിരമായി നല്‍കുന്നു.


ആടുകളുടെ വില്‍പന

ആടുകളുടെ വില്‍പനയിലുമൊക്കെയുണ്ട് പ്രത്യേകത. ഇറച്ചിയ്ക്കായി ഇവിടെ നിന്നും ആടുകളെ വില്‍ക്കില്ല. വളര്‍ത്താന്‍ വേണ്ടി മാത്രമേ കൊടുക്കൂ. ആടിനെ കൈമാറുന്നതിനു മുന്‍പ് കൂട്, പരിപാലനം, തീറ്റ, രോഗങ്ങള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവയെക്കുറിച്ചൊക്കെ നിര്‍ദ്ദേശങ്ങള്‍ നല്‍കും. തൂക്കത്തിനനുസരിച്ചാണ് വില. ഒരു കിലോയ്ക്ക് 450 രൂപ തോതിലാണ് വില്പന നടത്തുന്നത്. ആര്‍ക്കും നഷ്ടമുണ്ടാകാതിരിക്കാനാണ് തൂക്കത്തിനു നല്‍കുന്നത്. ഇവിടെ നിന്നും വില്പന നടത്തിയ ആടുകളുടെ കുഞ്ഞുങ്ങളെ തിരിച്ചെടുക്കുകയും ചെയ്യും. ഇവിടെ നിന്നും ആടുകളെ വാങ്ങുന്നവര്‍ക്കു വിപണനം അതിനാല്‍ ഒരു പ്രശ്‌നമേയല്ല. മികച്ച മുട്ടനാടുകളെ തെരഞ്ഞെടുത്താണ് ഇണ ചേര്‍ക്കല്‍. ഇതിനായി പ്രത്യേകം മുട്ടനാടുകളെയും വളര്‍ത്തുന്നു. അതിനാല്‍ മിനിയുടെ ഫാമില്‍ ഉണ്ടാകുന്നത് ഗുണമേന്മയേറിയ ആട്ടിന്‍ കുട്ടികളാണ്.

സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളില്‍ ആടുകളെ നല്‍കുന്നത് ഇവരുടെ ഫാമില്‍ നിന്നുമാണ്. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നബാര്‍ഡ് എന്നിവരൊക്കെ ഇവിടെ നിന്നുമാണ് ആയിരക്കണക്കിന് ആടുകളെ കൊണ്ടുപോകുന്നത്. രണ്ട് വര്‍ഷംകൊണ്ട് 2200 ആടുകളെ നല്‍കാമെന്ന് നബാര്‍ഡുമായി ഇവര്‍ കരാറുണ്ടാക്കിയിരിക്കുകയാണ്. ഇതില്‍ 1800 ആടുകളെ നല്‍കിക്കഴിഞ്ഞു. 400 എണ്ണത്തിനെ ഉടന്‍ നല്‍കും. ഒരു വര്‍ഷം 2000 കുഞ്ഞുങ്ങളെ ഇവിടെ നിന്നും വില്പന നടത്തുന്നു. ഏതു സമയത്തും ആടുകളെ വാങ്ങുകയും വില്പന നടത്തുകയും ചെയ്യുന്നു.

ലോക്ക്ഡൗണ്‍ കാലം

ലോക്ക്ഡൗണ്‍ കാലത്ത് ആട് ഫാമുകളെ സഹായിച്ചു. മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് ആളുകള്‍ ആടുവളര്‍ത്തലുള്‍പ്പെടെ ആരംഭിച്ചത് വില്പന വര്‍ധിപ്പിച്ചു. മറ്റ് ആട് വളര്‍ത്തുന്നവരുമായും ഫാമുകളുമായും ബന്ധപ്പെടുകയും ആശയങ്ങളും സാധ്യതകളും ആശങ്കകളും പങ്കുവയ്ക്കുന്നതും കൂടുതല്‍ അറിവുകള്‍ നല്‍കുന്നുവെന്നാണ് മിനിയും ഭര്‍ത്താവ് ജോളിച്ചനും പറയുന്നത്. ഇവര്‍ സ്വന്തമായി ഒരു വിപണന വലയം തന്നെ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ എത്ര ആടുകളുണ്ടായാലും മാര്‍ക്കറ്റ് ഇവര്‍ക്ക് പ്രശ്‌നമല്ല. സ്ഥിരമായി ഏഴ് പേര്‍ ഇവര്‍ക്ക് ആടുകളെ കൊണ്ടുവന്നു കൊടുക്കുന്നുണ്ട്.

ആടുകള്‍ നല്‍കിയ സൗഭാഗ്യങ്ങള്‍

ആടുകളാണ് തങ്ങളുടെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും പിന്നിലെന്ന് ഇവര്‍ പറയും. അത്രമേല്‍ സാമ്പത്തിക പ്രയാസങ്ങളുടെ കാലങ്ങളിലൂടെ കടന്നു വന്നതാണിവരുടെ കുടുംബം. ആട് വളര്‍ത്തിയാണ് സ്ഥലം വാങ്ങിയതും പുതിയ വീട് വയ്ക്കുന്നതും കുട്ടികളുടെ വിദ്യാഭ്യാസം നടത്തുന്നതും. കൂടാതെ ചെറുപുഴ കന്നിക്കളത്ത് ഇവര്‍ ഡെ കെയറും, പ്ലേ സ്‌കൂളും നടത്തുന്നുണ്ട്. മരിയ, ആന്‍സ്, സെബാസ്റ്റിയന്‍ എന്നിവരാണ് മക്കള്‍. ഇവരും മിനിയ്ക്കും ജോളിച്ചനുമൊപ്പം സഹായത്തിനായുണ്ട്.

ജിനോ ഫ്രാന്‍സിസ്