കൂടുതല്‍ കൃത്യതയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ
കൂടുതല്‍ കൃത്യതയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ
Wednesday, March 27, 2019 5:03 PM IST
കംപ്യൂട്ടര്‍ യുഗത്തിന്റെ ആരംഭത്തോടെ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തിന് ദ്രുതഗതിയില്‍ വികസിക്കാനുള്ള അവസരങ്ങളുണ്ടായി. ശാസ്ത്രകഥകളില്‍ മാത്രം കണ്ടിരുന്ന രീതിയിലുള്ള രോഗനിര്‍ണയവും ചികിത്സാ നടപടികളും ഇന്ന് യാഥാര്‍ഥ്യമായി. എന്‍ഡോസ്‌കോപ്പി, വീഡിയോയുടെ സഹായത്താല്‍ ചെയ്യുന്ന ശസ്ത്രക്രിയാവിദ്യകള്‍ എന്നിവ ശസ്ത്രക്രിയരംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഉപകരണങ്ങളുടെ പരിമിതിമൂലം പ്രാഥമികമായി മുറിച്ചുനീക്കേണ്ട കാര്യങ്ങള്‍ക്കു മാത്രമായി എന്‍ഡോസ്‌കോപ്പി രീതികള്‍ പരിമിതപ്പെടുത്തേണ്ടിവന്നിരുന്നു.

1985ല്‍ ന്യൂറോസര്‍ജറി ബയോപ്‌സിക്കായാണ് ആദ്യമായി ശസ്ത്രക്രിയയില്‍ റോബോട്ടിക്‌സ് ഉപയോഗിച്ചത്. അതുവരെ വിവിധ ക്ലിനിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് ക്ലിനിഷ്യന്മാരുടെ ഭാവനകളില്‍ മാത്രം സാധ്യമായിരുന്ന സാങ്കേതികത ആയിരുന്നു ഇത്. ക്ലിനിക്കല്‍ സ്‌പെഷ്യാലിറ്റികളിലെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വിവിധതരം സര്‍ജിക്കല്‍ റോബോട്ടുകള്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിുണ്ട്.

ശസ്ത്രക്രിയാ വിദഗ്ധന്റെ കൈകള്‍ക്കും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കും മധ്യേയുള്ള ഒരു ഡിജിറ്റല്‍ ഇന്റഫേസ് ആയി പ്രവര്‍ത്തിച്ച് ശസ്ത്രക്രിയാവിദഗ്ധന്റെ പ്രകൃതിദത്തമായ ശാരീരിക പരിമിതിയ്ക്കപ്പുറം അദ്ദേഹത്തിന്റെ നൈപുണ്യം വര്‍ധിപ്പിക്കുന്നു എന്നതാണ് സര്‍ജിക്കല്‍ റോബോട്ടിക്‌സിന്റെ തത്വം. ഇത് കൂടുതല്‍ സങ്കീര്‍ണമായ എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സഹായിക്കുന്നു.

റോബോട്ടിക്‌സിന്റെ ചരിത്രം

യന്ത്രവത്ക്കരണത്തിന്റെ യഥാര്‍ഥ ആശയം അരിസ്‌റ്റോിലിന്‍േറതായിരുന്നു. നൂറ്റാണ്ടിന് അപ്പുറമാണെങ്കിലും റോബോട്ട് എന്ന വാക്ക് രൂപപ്പെട്ടത് 1920 ല്‍ റോബോ എന്ന ചെക്ക് വാക്കില്‍ നിന്നാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത റോബോട്ടിക്‌സും ശസ്ത്രക്രിയയും വൈദ്യശാസ്ത്രത്തില്‍ ആവേശകരമായ ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ചു.

സിടി സ്‌കാനിംഗ് ഉപയോഗപ്പെടുത്തി തലച്ചോറിലെ ബയോപ്‌സി ചെയ്യുന്നതിന് സൂചി ഉറപ്പിക്കുന്നതിനായി 1985ല്‍ പ്യൂമ 560 എന്ന റോബോട്ട് ആണ് ആദ്യമായി ഉപയോഗിച്ചത്. 1987ല്‍ ആദ്യമായി റോബോട്ടിക്‌സ് ഉപയോഗപ്പെടുത്തി പിത്താശയം നീക്കം ചെയ്യുന്ന കോളിസിസ്റ്റക്ടമി എന്ന ലാപ്രോ സ്‌കോപ്പിക് ശസ്ത്രക്രിയ നടത്തി. 1988ല്‍ പ്രൊസ്റ്റാറ്റിക് ശസ്ത്രക്രിയയ്ക്കുവേണ്ടി പ്രോബോട്ട് എന്നിങ്ങനെ റോബോട്ടിക്‌സ് ഉപയോഗത്തില്‍ വന്നു. ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റത്തിന്റെ ആരംഭത്തോടെ തൊണ്ണൂറുകളില്‍ അതിന് കൂടുതല്‍ മുന്നേറ്റമുണ്ടായി. ശസ്ത്രക്രിയയ്ക്ക് ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിക്കുന്ന രീതി 2000ല്‍ അമേരിക്കയിലെ എഫ്ഡിഎ അംഗീകരിച്ചു. തുടര്‍ന്ന് യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ഈ രീതി വിവിധശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി നൂതന സാങ്കേതിക മുന്നേറ്റങ്ങളും അവയുടെ പരിഷ്‌കരണങ്ങളും വഴി ശസ്ത്രക്രിയ, റോബോട്ടിക് സാങ്കേതിക വിദ്യകളില്‍ ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം പുതിയ മുന്നേറ്റം കുറിച്ചു.

ഡാവിഞ്ചി റോബോട്ടിക് സിസ്റ്റം: മേന്മകളും പരിമിതികളും

നിലവിലുള്ള സര്‍ജിക്കല്‍ റോബോട്ടിക് സംവിധാനത്തിന് നാല് പ്രധാന ഘടകങ്ങളാണുള്ളത്. സര്‍ജിക്കല്‍ ഇന്റര്‍ഫേസ് ഡിവൈസ്, കംപ്യൂട്ടര്‍ കണ്‍ട്രോളര്‍, റോബോട്ടിക് ആം ഇന്‍സ്ട്രമെന്റ്‌സ്, വിഷ്വലൈസിംഗ് സംവിധാനം എന്നിവ. ഒരു ഇന്റര്‍ഫേസ് ഉപകരണം വഴി ശസ്ത്രക്രിയാവിദഗ്ധന്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നു. പിന്നീട് അദ്ദേഹത്തിന്റെ ചലനങ്ങള്‍ കൈമാറുകയും കംപ്യൂട്ടര്‍ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും ചെയ്യും. അതിനുശേഷം ഓപ്പറേഷന്‍ ടേബിളിനടുത്ത് വച്ചിട്ടുള്ള റോബോിക് ആംസ് അഥവ കൈകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു.

ഡാവിഞ്ചി റോബോട്ടിക് ആം സിസ്റ്റം ഒേറെ രീതിയില്‍ സ്വതന്ത്രമായി തിരിയാന്‍ കഴിയുന്നവയാണ്. മനുഷ്യരുടെ കൈകള്‍, കൈമുട്ട്, കൈത്തണ്ട എന്നിവയ്ക്ക് സമാനമായി ചലനങ്ങള്‍ സാധ്യമാണ്. മൂന്നാമത്തേയും നാലാമത്തേയും റോബോട്ടിക് കൈകള്‍ സര്‍ജന്മാരുടെ നിര്‍ദേശത്തിന് അനുസരിച്ച് എന്‍ഡോസ്‌കോപ്പ് കൈകാര്യം ചെയ്യുന്നതിനും അവയവങ്ങള്‍ പുറത്തേക്ക് എടുക്കുന്നതിനും സഹായിക്കും. മനുഷ്യസഹായികളുടെ ആവശ്യം ഒഴിവാക്കുന്നതിനും അവരേക്കാള്‍ മെച്ചമായി ഉപകാരപ്പെടുന്നതിനും സഹായിക്കുന്നവയാണ് റോബോിക് കാമറ ആം.

പരമ്പരാഗത രീതിയിലുള്ളതിനേക്കാള്‍ വളരെയധികം മടങ്ങ് വലുതായി കാണുന്നതിന് സഹായിക്കുമെന്നതിനാല്‍ സര്‍ജന്റെ കാഴ്ചപ്പാടിന് വ്യക്തതയുണ്ടാവുകയും ചെറിയ വസ്തുക്കളുടെപോലും വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കുകയും ചെയ്യും. ഉയര്‍ന്ന റെസല്യൂഷനിലുള്ള 3 ഡയമന്റഷണല്‍ മോണിറ്ററുകളാണ് ഇതിന് സഹായിക്കുന്നത്.

പരമ്പരാഗത ശസ്ത്രക്രിയയും റോബോട്ടിക്‌സും തമ്മിലുള്ള പ്രധാന വ്യത്യാസം കംപ്യൂട്ടര്‍ ഇന്റര്‍ഫേയ്‌സാണ്. സര്‍ജിക്കല്‍ ഇന്റര്‍ഫേയ്‌സിലെ ഹാര്‍ഡ് കണ്‍ട്രോള്‍ ഉപയോഗിച്ച് സര്‍ജന്‍ നല്കുന്ന ചലനങ്ങള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍ കഴിയും. സാധാരണയായി വളരെ നീളമുള്ള തുറന്ന ഉപകരണങ്ങളോ നീളമേറിയ എന്‍ഡോസ്‌കോപ്പിക് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോള്‍ സര്‍ജന്റെ കൈകളുടെ ചെറിയൊരു വിറയല്‍പോലും ഉപകരണത്തിന്റെ അഗ്ര ഭാഗത്ത് വളരെ വലുതായി അനുഭവപ്പെടും. എന്നാല്‍ ദൈര്‍ഘ്യമേറിയ ഉപകരണങ്ങള്‍ ആണെങ്കില്‍പോലും കംപ്യൂട്ടറിന്റെ നിയന്ത്രണത്തോടെ സാധിക്കും. കൈകളുടെ ചലനങ്ങള്‍ അല്ലെങ്കില്‍ വിറയല്‍ പരമാവധി ഇല്ലാതാക്കുന്നതിനും ഇരുകൈകളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതിനും ഇതുവഴി കഴിയും.


റോബോട്ടിക് സംവിധാനത്തില്‍ സ്വാഭാവികമായി കണ്ടുകൊണ്ട് ചെയ്യുന്നതിനപ്പുറം വിപുലമായി കാഴ്ചയ്ക്ക് സൗകര്യമുണ്ട്.

പരമ്പരാഗത എന്‍ഡോസ്‌കോപ്പി ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന മിറര്‍ ഇമേജില്‍ നിന്ന് വളരെ വ്യത്യസ്തമാണിത്. ഏഴ് തലത്തില്‍ സ്വഭാവികമായ കൈകളുടെ ചലനത്തിന് അനുസരിച്ചുള്ള നീക്കങ്ങളും ചലനങ്ങളും നടത്താന്‍ റോബോട്ടിക് സംവിധാനം സഹായിക്കും. കൈക്കുഴയുടെ സന്ധിയും ഉപകരണത്തില്‍ സാധ്യമായതിനാല്‍ സ്വാഭാവികമായ രീതിയിലുള്ള കൃത്യത ലഭിക്കുന്നു.

സാധാരണ പരമ്പരാഗത ലാപ്രോസ്‌കോപിക് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഉപയോഗിക്കുന്നവര്‍ക്ക് ക്ഷീണമുണ്ടാകാത്ത രീതിയിലുള്ള ആധുനിക പ്രവര്‍ത്തന രീതിയാണിത്. സര്‍ജന്മാരുടെ കഴുത്ത്, പുറംവേദന, പേശീവലിവ് എന്നിവ ഒഴിവാക്കി ഒരു കണ്‍സോളിലെ കസേരയില്‍ ഇരുന്ന് മോണിറ്ററില്‍ നോക്കി നടത്താന്‍ കഴിയുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ.

കുറച്ച് മാത്രമേ രക്തം നഷ്ടമാകൂ. സുഖം പ്രാപിക്കുന്നതിന് കുറഞ്ഞ കാലം മാത്രമേ ആവശ്യമുള്ളൂ. അധികകാലം ആശുപത്രിയില്‍ കഴിയേണ്ടിവരില്ല എന്നീ മെച്ചങ്ങള്‍ റോബോട്ടിക് സംവിധാനത്തിന് വേണ്ട ഉയര്‍ന്ന ചെലവിനെ മറികടക്കുന്നവയാണ്. ശസ്ത്രക്രിയ നടത്തുന്ന ഭാഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത, കൂടുതല്‍ നൈപ്യുണ്യത്തോടെ ശസ്ത്രക്രിയ ചെയ്യുന്നതിന് സാധിക്കും. തിരിച്ചറിയാത്ത രീതിയിലുള്ള ഒരേപോലുള്ള തയ്യല്‍ ഇടാന്‍ സാധിക്കുന്ന മൈക്രോസ്യൂച്ചറിംഗ് നടത്താം എന്നിവയും അധിക മെച്ചങ്ങളാണ്.

വിവിധ സ്‌പെഷാലിറ്റികളില്‍ റോബോട്ടിക് ഉപയോഗം

യൂറോളജി പോലെ പരമ്പരാഗതമായി തുറന്ന ശസ്ത്രക്രിയ നടത്തിയിരുന്ന മേഖലകളില്‍ റോബോട്ടിക് സര്‍ജറി ഏറെ ഉപയോഗത്തിലായിട്ടുണ്ട്. ഡാവിഞ്ചി സംവിധാനം ഇപ്പോള്‍ കൂടുതലായി ഗൈനക്കോളജിയില്‍ ഉപയോഗിച്ചുവരുന്നു. പ്രോസ്ട്രാടെക്ടമി, നെഫ്രോടെക്ടമി, ഹിസ്റ്റീറെക്ടമി, കാര്‍ഡിയാല്‍ വാല്‍വിന്റെ കേടുപാടുകള്‍ പരിഹരിക്കുക, മറ്റ് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് ഇന്ന് സാധാരണയായി റോബോട്ടിക് രീതി ഉപയോഗിക്കുന്നു.

റോബോട്ടിക്‌സിന്റെ ഭാവി

റോബോട്ടിക് പ്ലാറ്റ് ഫോം കൂടുതല്‍ മിനിയേച്ചര്‍ രൂപത്തിലാക്കാനും കൂടുതല്‍ ചലനസാധ്യതയുള്ളതാക്കാനുമുള്ള ഗവേഷണങ്ങളാണ് ഇന്ന് നടക്കുന്നത്. കൂടുതല്‍ വഴക്കമുള്ള റോബോട്ടിക് പ്ലാറ്റ് ഫോമുകള്‍ കൂട്ടിച്ചേര്‍ക്കുക എന്നതാണ് മറ്റൊരു പ്രധാന മേഖല. കണ്‍സോളില്‍ ഇരുന്നുകൊണ്ടുതന്നെ സര്‍ജന്റെ കൈകള്‍ക്ക് തുല്യമായ രീതിയില്‍ കതീറ്റര്‍ അഗ്രങ്ങളെ നിയന്ത്രിക്കാനും ചലിപ്പിക്കാനും കഴിയുന്നവയാണ് സാസെന്‍സി റോബോട്ടിക് കതീറ്ററുകള്‍. മിനിയേച്ചറുകളുടെ ഉപയോഗവും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന രീതിയില്‍ സര്‍ജനേയും റോബോട്ടുകളെയും വേര്‍തിരിക്കുന്നതും വഴി അടുത്ത തലമുറ റോബോട്ടുകള്‍ ടെലി റോബോട്ടിക്‌സിന് വഴിതെളിച്ചേക്കാം. വിദൂരത്തുനിന്ന് ഉപയോഗിക്കാം എന്നതിനപ്പുറം ശരീരത്തിന്റെ ഉള്ളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത് സഹായകമാകും.

ഭാവിയിലെ സംവിധാനങ്ങളില്‍ സ്പര്‍ശനേന്ദ്രീയങ്ങളുടേതിനു തുല്യമായ സംവിധാനങ്ങള്‍, പ്രത്യേകിച്ച് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നഷ്ടമായ സ്പര്‍ശനം വീണ്ടെടുക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയാമുറികളിലേക്ക് കംപ്യൂട്ടറുകളെ ഉള്‍ച്ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ മെച്ചം. സിടി സ്‌കാനിംഗോടുകൂടിയ ഇന്‍ട്രാഓപ്പറേറ്റീവ് ഇമേജിംഗ്, എംആര്‍ഐ, ഇക്കോകാര്‍ഡിയോഗ്രഫി, മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവയെല്ലാം ടെലിമാനിപ്പുലേഷന്‍ സംവിധാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ കഴിയും. അതുവഴി സര്‍ജന്മാര്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ വിശദാംശങ്ങള്‍ കാണാനും തത്സമയം 3 ഡയമന്‍ഷണല്‍ അനാറ്റമിക്കല്‍ രൂപം മനസിലാക്കുന്നതിനും സാധിക്കും.

ചുരുക്കത്തില്‍ കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സര്‍ജന്മാര്‍ക്ക് തളര്‍ച്ചയുണ്ടാകാതിരിക്കുന്നതിനും പരമ്പരാഗത എന്‍ഡോസ്‌കോപിക്, തുറന്ന ശസ്ത്രക്രിയകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കൃത്യതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും റോബോട്ടിക് ശസ്ത്രക്രിയ ഉപകരിക്കും. ഇത് ക്ലിനിക്കല്‍ മൈക്രോസര്‍ജറി അവയവങ്ങള്‍ പുനര്‍നിര്‍മിക്കുന്ന സ്‌പെഷാലിറ്റി എന്നിവയില്‍ കൂടുതല്‍ വ്യാപകമായി ഉപയോഗിക്കാനാകും.

ഡോ.കിഷോര്‍ ടി.എ
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം