വാര്‍ധക്യവും ഹോര്‍മോണ്‍ തകരാറുകളും
മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച്, ശരിയായതും ക്രമീകൃതമായതുമായ നടത്തിപ്പിന് സഹായിക്കുന്നതു ഹോര്‍മോണുകളാണ്. പ്രായമാകുന്തോറും ഹോര്‍മോണുകള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു. വാര്‍ധക്യത്തിലെ ഹോര്‍മോണ്‍ തകരാറുകളെക്കുറിച്ചറിയാം...

ഹോര്‍മോണുകള്‍

അന്തര്‍സ്രാവഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന പ്രത്യേകതരം രാസസ്രവങ്ങളാണു ഹോര്‍മോണുകള്‍. ഹോര്‍മോണുകള്‍ എന്ന പദത്തിന്റെ അര്‍ഥം ഉത്തേജിപ്പിക്കുന്നത് എന്നാണ്. ഹോര്‍മോണുകള്‍ മനുഷ്യശരീരത്തിലെ രാസദൂതന്മാര്‍ ആയിട്ടാണു പ്രവര്‍ത്തിക്കുക. മനുഷ്യനില്‍ കാണുന്ന ഊര്‍ജ്ജസ്വലത, ഉന്മേഷം, പൗരുഷം, സ്‌ത്രൈണസ്വഭാവം ഇവയുടെയെല്ലാം അടിസ്ഥാനം ഹോര്‍മോണുകള്‍ ആണ്. നാഡീസ്പന്ദനത്തെയും, ഹൃദയമിടിപ്പിനെയും, ഊണിനെയും ഉറക്കത്തെയുമൊക്കെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഹോര്‍മോണുകള്‍ക്കു മുഖ്യസ്ഥാനമുണ്ട്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരീരത്തിന്റെ മൊത്തമായ വളര്‍ച്ചയ്ക്കും ലൈംഗികവും വൈകാരികവും ബുദ്ധിപരവുമായ വികാസത്തിനും ആവശ്യമാണ്. മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ചു, ശരിയായതും ക്രമീകൃതമായതുമായ നടത്തിപ്പിനു സഹായിക്കുന്നതും ഹോര്‍മോണുകളാണ്.

ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങള്‍

മനുഷ്യശരീരത്തിനുള്ളിലെ കോശങ്ങളിലെ ആന്തരികവും ബാഹ്യവുമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുകയും ശരീരത്തിനുള്ളിലെ സംതുലിതാവസ്ഥ നിലനിറുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണു ഹോര്‍മോണുകളുടെ ദൗത്യം.

ഹോര്‍മോണുകള്‍ കോശങ്ങള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ വിനിമയം നടത്തുന്ന മാധ്യമമായും പ്രവര്‍ത്തിക്കുന്നുണ്ട്.

ഹോര്‍മോണ്‍ സ്വീകാര്യകോശങ്ങള്‍

ഹോര്‍മോണുകളുമായി സംഘടിച്ചു സജീവമായി പ്രവര്‍ത്തിക്കാന്‍ സജ്ജമായ കോശങ്ങളില്‍ ഹോര്‍മോണുകളെ സ്വീകരിക്കുവാന്‍ തയാറാക്കപ്പെ പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ടാകും. അത്തരം ക്രമീകരണങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ആ സ്വീകരണതലങ്ങളില്‍ നിലയുറിപ്പിച്ചുകൊണ്ടു പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുകയാണു ഹോര്‍മോണുകള്‍ ചെയ്യുന്നത്.
ഹോര്‍മോണിന്റെ അപ്രകാരമുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അവയാണ്-
1. എത്രമാത്രം ഹോര്‍മോണ്‍ ലഭ്യമാണെന്നുള്ളത്
2. എത്രവേഗം ആ ഹോര്‍മോണ്‍ നശിച്ചുപോകുന്നുവെന്നത്
3. കോശങ്ങളിലെ സ്വീകാര്യതലങ്ങളുമായി എപ്രകാരം ബന്ധപ്പെടുന്നുവെന്നുള്ളത്
4. കോശത്തിനുള്ളില്‍ നിന്നും പുറപ്പെടാവുന്ന എതിര്‍പ്പുകളുടെ ശക്തി എത്രമാത്രം ഉണ്ടാകുമെന്നത്.

ഹോര്‍മോണ്‍ സഹായികള്‍

കോശങ്ങളിലെ ഹോര്‍മോണ്‍ സ്വീകരണ തലങ്ങളുടെ സ്ഥിതിയെ നിജപ്പെടുത്തി ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന വസ്തുക്കളെ ഹോര്‍മോണ്‍ സഹായികള്‍ എന്നു വിശേഷിപ്പിക്കുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഒരു ചുറ്റുപാട് ഒരുക്കുവാനും പരിരക്ഷിക്കുവാനും ഈ വസ്തുക്കള്‍ പ്രയോജനപ്പെടുന്നു.


ഹോര്‍മോണ്‍ എതിരാളികള്‍

ഹോര്‍മോണ്‍ സഹായികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിബന്ധമുണ്ടാക്കുന്ന വസ്തുക്കളെയാണു ഹോര്‍മോണ്‍ എതിരാളികള്‍ എന്നു വിളിക്കുന്നത്. കോശങ്ങളില്‍ ഹോര്‍മോണിനെ സ്വീകരിക്കുവാനായി ഒരുക്കിയ ഇരിപ്പിടങ്ങളില്‍ കയറി സ്ഥാനം കൈക്കലാക്കിക്കൊണ്ടു ഹോര്‍മോണുകള്‍ തല്‍സ്ഥാനങ്ങളില്‍ പ്രവേശിക്കുന്നതിനെ തടയുകയെന്ന ലക്ഷ്യത്തോടുകൂടി ഇവ പ്രവര്‍ത്തിക്കുന്നു. തന്മൂലം ഹോര്‍മോണുകള്‍ക്കു കോശങ്ങളില്‍ സ്ഥാനം കണ്ടെത്തുവാനും അവയുടെ പ്രവര്‍ത്തനധര്‍ങ്ങള്‍ സുഗമമായി നടത്തുവാനും സാധിക്കാതെ വരുന്നു. അപ്പോള്‍ ഹോര്‍മോണുകള്‍ പ്രവര്‍ത്തനക്ഷമതയില്ലാതായിത്തീരുന്നു.

ഹോര്‍മോണ്‍ തകരാറുകള്‍

പ്രധാനമായി കാണപ്പെടുന്ന ഹോര്‍മോണ്‍ തകരാറുകള്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയുന്നതോ തീരെ ഇല്ലാതാകുന്ന അവസ്ഥകളോ അഭാവമോ അല്ലെങ്കില്‍ ഹോര്‍മോണുകള്‍ അമിതമായി വര്‍ധിക്കുക മൂലമുണ്ടാകുന്ന തകരാറുകളോ ആയിരിക്കും.

ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ തകരാറുകള്‍ നിമിത്തമോ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹോര്‍മോണ്‍ എതിരാളികളുടെ പ്രവര്‍ത്തനത്താലോ ഹോര്‍മോണ്‍ തകരാറുകള്‍ സംഭവിക്കും.

ഹോര്‍മോണുകളുടെ ഉറവിടം

മനുഷ്യശരീരവളര്‍ച്ചയിലെ മുകുളഘത്തില്‍ രൂപം പ്രാപിക്കുന്ന മൂന്നുതലങ്ങളില്‍ നിന്നും ഉടലെടുക്കുന്ന ഏതാനും കലകളില്‍ നിക്ഷിപ്തമാണ് ഹോര്‍മോണുകളുടെ ഉറവിടം.

ഈ കലകളില്‍ നിന്നും രൂപംകൊളളുന്ന കോശങ്ങളാണ് ഭാവിയില്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനായി രൂപം പ്രാപിക്കുന്നത്. ഇങ്ങനെയുള്ള കോശങ്ങളുടെ സമുച്ചയത്തെ ഗ്രന്ഥികള്‍ എന്നു വിളിക്കുന്നു.

എന്നാല്‍ ഇത്തരം ഗ്രന്ഥികളെ കൂടാതെ മസ്തിഷ്‌കത്തിലും ആമാശയത്തിലും കുടലുകളിലും മറ്റും വേര്‍പ്പെുനില്‍ക്കുന്ന ചില പ്രത്യേക കോശസമൂഹങ്ങളും ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിുണ്ട്. ഇങ്ങനെ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുവാന്‍ പ്രാപ്തമായ കോശങ്ങളെ സമാന്തര അന്തര്‍സ്രാവകോശങ്ങള്‍ എന്നാണു വിളിക്കുന്നത്. ഇവ കൂടാതെ ജൈവപരമായ മറ്റു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെു കാണപ്പെടുന്ന പ്രോസ്റ്റോഗ്രാന്‍ഡിന്‍സ്, കൈനിന്‍സ്, കാറ്റക്കോളമീന്‍സ്, ഹിസ്റ്റമീന്‍സ്, അസെറ്റെല്‍ കോളീന്‍സ് മുതലായവും ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഘടകങ്ങളായി കാണപ്പെടുന്നു.

ചുരുക്കത്തില്‍ ഹോര്‍മോണുകളുടെ ഉത്പാദനം, ശേഖരണം, വിതരണം, പ്രവര്‍ത്തനം മുതലായവ വളരെ സങ്കീര്‍ണമായ പ്രക്രിയകളാണ്. ആ പ്രക്രിയകളില്‍ എവിടെയെങ്കിലും തകരാറു സംഭവിച്ചാല്‍ അവ രോഗങ്ങളായിാകും പ്രത്യക്ഷപ്പെടുക.

ഹോര്‍മോണ്‍ തകരാര്‍ മൂലമുണ്ടാകുന്ന ചില രോഗങ്ങള്‍

* പ്രമേഹം പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ കുറവും പ്രവര്‍ത്തന വൈകല്യവും
* മിക്‌സിഡിമ (ഹൈപ്പോ തൈറോയ്ഡിസം) തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന രോഗം
* തൈറോയ്ഡ് അമിത പ്രവര്‍ത്തനം തൈറോയ്ഡ് ഹോര്‍മോണിന്റെ കൂടുതലാകുന്ന പ്രവര്‍ത്തനം മൂലമുണ്ടാകുന്ന രോഗം.

എസ്.എം