ഗിരിജാ സുരേന്ദ്രനിത് ധന്യനിമിഷം
ഒരു സ്ത്രീകഥാപാത്രം മാത്രം അരങ്ങില്‍ നിറയുന്ന ഏകാംഗ നാടകമാണ് പൗലോസിച്ചായന്റെ വിശുദ്ധ മറിയാമ്മ. തിരുവനന്തപുരം നാടകവേദി അവതരിപ്പിക്കുന്ന നാടകത്തിലെ മറിയാ എന്ന ശക്തമായ കഥാപാത്രമായി അരങ്ങില്‍ നിറഞ്ഞുനില്‍ക്കുന്നത് ഗിരിജാ സുരേന്ദ്രനാണ്. കേരള നാടക ചരിത്രത്തില്‍ത്തന്നെ സ്ത്രീകള്‍ മാത്രം അവതരിപ്പിക്കുന്ന ഏകാംഗ നാടകം വിരളമാണ്. വളരെ യാദൃച്ഛികമായി നാടകത്തില്‍ അഭിനയിച്ച സാഹചര്യങ്ങളും അനുഭവങ്ങളും ഗിരിജ സുരേന്ദ്രന്‍ പങ്കുവയ്ക്കുന്നു...

നാടകം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഒരേ ഒരു കഥാപാത്രമായി അഭിനയിക്കുമ്പോള്‍ എന്തായിരുന്നു മനസില്‍?

എനിക്ക് ആദ്യം വലിയ ആശങ്ക ഉണ്ടായിരുന്നു. കാരണം ഒരു മണിക്കൂര്‍ ഞാന്‍ എന്ന ഒരു കഥാപാത്രത്തെ മാത്രം ആണ് സദസ്യര്‍ കാണുന്നത്. അവര്‍ എങ്ങനെ എന്നെപ്പോലൊരു നടിയെ സ്വീകരിക്കും എന്ന ചിന്തയും ഉണ്ടായിരുന്നു.

സാധാരണ ഇത്തരം ഏകാംഗനാടകങ്ങളില്‍ സെലിബ്രിറ്റികള്‍ ആണല്ലോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേതാക്കളുടെ താരപരിവേഷം വിജയത്തിന്റെ വലിയ ഘടകമാണ്. മറ്റ് അഭിനേതാക്കള്‍കൂടി വേദിയിലുണ്ടെങ്കില്‍ ആസ്വാദകശ്രദ്ധ സ്വാഭാവികമായി അവരിലേക്കും നീളും. ഇത് അങ്ങനെയും ഒരു സാധ്യതയും ഇല്ല. അതിനാല്‍ എന്റെ പരിശ്രമങ്ങളും അഭിനയവും വളരെ മികച്ചതായേ തീരൂ. നാടകത്തിന്റെ നിലനില്‍പ്പും വിജയവുമെല്ലാം ഒറ്റ നടിയിലാണല്ലോ. അതിനാല്‍ത്തന്നെ സമ്മര്‍ദവുമുണ്ടായിരുന്നു.

മറിയായാകാന്‍ മാതൃകയായി ആരെങ്കിലും മുന്നില്‍ ഉണ്ടായിരുന്നോ?

ഇല്ല. ജീവിതത്തില്‍ ചട്ടയും മുണ്ടും അണിഞ്ഞ് ജീവിക്കുന്ന പരമ്പരാഗത ക്രിസ്തീയ അമ്മമാരുമായി എനിക്കു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ദൂരെനിന്നു കണ്ടിട്ടുണ്ട് എന്നതല്ലാതെ എനിക്ക് ആ ജീവിതരീതികളോ സംഭാഷണശൈലിയോ ഒന്നും വശമില്ല. സ്‌ക്രിപ്റ്റ് പഠിച്ച് സ്വാഭാവികമായി വരുന്ന രീതിയില്‍ അവതരിപ്പിച്ചു. സംവിധായകന്‍ ടി.എസ്. അജിത് സാറും രാജീവ് ഗോപാലകൃഷ്ണന്‍ സാറും അഭിനയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പറഞ്ഞുതന്നു.

ഒരു മണിക്കൂര്‍ അനായാസമായി ഗിരിജ സുരേന്ദ്രന്‍ നാടക സംഭാഷണങ്ങള്‍ പറയുമ്പോള്‍ റിക്കാര്‍ഡാണ് എന്നു വിശ്വസിച്ചവരാണ് സദസ്യരില്‍ ഭൂരിഭാഗവും. എത്ര നന്നായി ഡയലോഗിനൊപ്പം ചുണ്ടനക്കി എന്നു പറയുന്ന അനേകം പേരുണ്ട്. എന്താണ് അതേക്കുറിച്ച് പറയാനുള്ളത്?

സംഭാഷണം റിക്കാര്‍ഡ് ചെയ്ത് അതനുസരിച്ച് ലിപ് മൂവ്‌മെന്റ് നടത്തുന്നത് എങ്ങനെയാണെന്നുപോലും എനിക്കറിയില്ല. സംഭാഷണം മുഴുവന്‍ ഞാന്‍ കാണാപ്പാഠം പഠിച്ചുതന്നെയാണ് പറഞ്ഞത്. അഭിനയിക്കുമ്പോള്‍ ശബ്ദവും കൂടി വന്നാല്‍ മാത്രമേ കഥാപാത്രമാകാന്‍ പൂര്‍ണമായും കഴിയൂ എന്നാണ് എന്റെ വിശ്വാസം. അങ്ങനെയല്ലാതെയും നന്നായി അഭിനയിക്കുന്നവരുണ്ടാകും. എനിക്ക് അത് ശരിയാകില്ല എന്നു മാത്രം. അതിനാല്‍ എത്ര ബുദ്ധിമുട്ടിയായാലും സംഭാഷണം കാണാതെതന്നെ പഠിക്കും.

മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബചുമതലകള്‍ക്കിടയിലാണ് മറിയാമ്മയായി രംഗത്തുവരാനുള്ള ഒരു മനസും ധൈര്യവും ഗിരിജ കാണിച്ചത്?

അതേ, രാജീവ്‌സാര്‍ മറിയാമ്മയുടെ വേഷം ചെയ്യാനായി എന്നെ ക്ഷണിക്കുമ്പോള്‍ വലിയ ചുമതലകളിലും ചില കുടുംബപ്രശ്‌നങ്ങളിലുമായിരുന്നു ഞാന്‍. നാടകത്തില്‍ അനുഭിനയിക്കാന്‍ മാത്രമല്ല, ഒരു കാര്യത്തിനും സമയമോ മനസോ അനുവദിക്കാതിരുന്ന സമയത്താണ് ഞാന്‍ മറിയാമ്മയായി എത്തുന്നത്. എന്റെ മകളുടെ മകനെ നോക്കാനായി ഇടയ്ക്കു ഞാന്‍ ചെന്നൈയില്‍ പോയി താമസിക്കാറുണ്ടായിരുന്നു. മകള്‍ മേജര്‍ അശ്വതി ഗണപത് ഇപ്പോള്‍ ഹിമാചല്‍ പ്രദേശിലാണ്. ഭര്‍ത്താവ് പ്രിന്‍സ് ബി. രമേശ് ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍തന്നെയാണ്. ചെന്നൈയില്‍ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ് ഇപ്പോള്‍ ചുമതല വഹിക്കുന്നത്. ചെന്നൈയില്‍ ഞാന്‍ നില്‍ക്കുന്ന സമയത്ത് ഭര്‍ത്താവ് സുരേന്ദ്രനു ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിലായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതായും വന്നു. അങ്ങനെ ഞാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ മടങ്ങിയെത്തി. ഭര്‍ത്താവ് ആശുപത്രി വിട്ട് വീട്ടില്‍ എത്തിയെങ്കിലും പിന്നീടും ശാരീരിക ബുദ്ധിമുട്ടുകളും വിശ്രമവും ഒക്കെയായി.

ചെന്നൈയിലേക്കു പഴയതുപോലെ പോകാന്‍ എനിക്കു ബുദ്ധിമുട്ടായി. അതിനാല്‍ കൊച്ചുമകനെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. എന്റെ മകന്‍ ഡോ.അരവിന്ദ് എസ്. ഗണപതിന്റെ ഏഴുമാസം പ്രായമുള്ള മകനെയും പകല്‍സമയങ്ങളില്‍ ഞങ്ങള്‍ തന്നെയാണ് നോക്കുന്നത്. മകന്‍ യൂറോ സര്‍ജനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംസിഎച്ചിനു പഠിക്കുന്നുമുണ്ട്. മറ്റൊരു മകള്‍ ഡോ.അര്‍ച്ചന അരവിന്ദ് എംഡിക്കു പഠിക്കുന്നു.

കുടുംബചുമതലകള്‍, പാചകം ഉള്‍പ്പെടെയുള്ള വീട്ടുകാര്യങ്ങള്‍ എല്ലാം ഉണ്ട്. ഈ സമയത്താണ് രാജീവ്‌സാര്‍ മറിയാമ്മയാകാനുള്ള ക്ഷണവുമായെത്തുന്നത്. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ വിശദീകരിച്ചു. എന്റെ സമയത്തിനനുസരിച്ച് ശ്രമിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 11 മുതല്‍ 12 വരെ റിഹേഴ്‌സല്‍ തീരുമാനിച്ചു. എന്റെ ജീവിതത്തിരക്കുതന്നെയാണ് ഇതിനു കാരണം. 12ന് കൊച്ചുമകനെ സ്‌കൂളില്‍നിന്നു വിളിക്കേണ്ടതുണ്ട്. ഒരു മണിക്കൂര്‍ പറയേണ്ട സംഭാഷണം ഞാന്‍ ഒറ്റയ്ക്കിരുന്നു പഠിച്ചാല്‍ മതിയാകും. എന്നാല്‍, സംവിധായകന്‍ ടി.എസ്. അജിത് സാറിന്റെയും രാജീവ്‌സാറിന്റെയും നിര്‍ദേശങ്ങള്‍ കേള്‍ക്കാനും അതനുസരിച്ച് അഭിനയിക്കാനും സമയം മാറ്റിവയ്ക്കണമല്ലോ. രാവിലെ 11 എന്നുള്ള പരിശീലനസമയംതന്നെ പലപ്പോഴും പാലിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. പതിനൊന്നേമുക്കാലിന് എത്തി 12ന് കൊച്ചുമകനെ വിളിക്കാനായി പുറപ്പെടേണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. നാടകകൃത്തിന്റെയും സംവിധാകയന്റെയും ക്ഷമയും പിന്തുണയുംകൊണ്ടാണ് എനിക്കു മുന്നോട്ടുപോകാനായത്.

കാര്‍ഷികവകുപ്പില്‍നിന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനിയറായി വിരമിച്ച എന്റെ ഭര്‍ത്താവ് കെ.സുരേന്ദ്രന്‍ നല്‍കിയ പ്രോത്സാഹനവും മറിയാമ്മയായി മാറാന്‍ വളരെ സഹായിച്ചു.

അഭിനയപാരമ്പര്യം

കലയിലേക്കു വളരെ വൈകി ഇറങ്ങിയ ഒരാളാണ് ഞാന്‍. എന്റെ ഇളയ സഹോദരി ശോഭാറാണി നൃത്തലോകത്തുണ്ടായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് ഇളയ സഹോദരന്‍ സന്തോഷ്‌കുമാറും നാടകത്തില്‍ അഭിനയിച്ചിരുന്നു. എന്‍ജിനിയറിംഗിനു പഠിക്കുന്ന സമയത്ത് മകള്‍ അശ്വതി ടിവി ആങ്കറായിരുന്നു, നര്‍ത്തകിയുമായിരുന്നു. ഇവര്‍ക്കൊപ്പം കലാപരിപാടികള്‍ കാണാനും പരിശീലനത്തിനുമൊക്കെ ഞാനും പോകുമായിരുന്നു. കലാകാരായ കുടുംബാംഗങ്ങളുടെ ഒപ്പം നടന്നുള്ള ഒരു പരിചയമേ എനിക്കുണ്ടായിരുന്നുള്ളൂ.

സിനിമ, നാടക ആസ്വാദകയാണല്ലോ. എപ്പോഴെങ്കിലും ഒരു നടിയായി സ്വയം ഭാവന ചെയ്തിട്ടുണ്ടോ?
=ഇല്ല. സിനിമയും നാടകവും ഏറെ ഇഷ്ടമാണ്. വര്‍ഷങ്ങളായി മിക്കവാറും റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാറുണ്ട്. എന്നാല്‍, അഭിനയം കാണുമ്പോള്‍ ഒന്നും എനിക്ക് ഇതുപോലെ അഭിനയിക്കാന്‍ കഴിയും എന്നു തോന്നിയിട്ടില്ല. നടിയായി മാറണമെന്ന് ആഗ്രഹിച്ചിട്ടുമില്ല.

നാടകലോകത്തിലേക്ക്

തിരുവനന്തപുരത്ത് ഉപ്പളം റോഡിലാണ് ഞാന്‍ താമസിക്കുന്നത്. ഉപ്പളം റോഡ് അസോസിയേഷന്റെ ആഘോഷപരിപാടിയുമായി ബന്ധപ്പെട്ടു നടത്തിയ ഒരു നാടകത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. കൗമുദി ബാലകൃഷ്ണന്‍ എന്ന് അറിയപ്പെട്ടിരുന്ന കെ. ബാലകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട് അശ്വത്ഥാമാവ് എന്ന ഒരു നാടകം അസോസിയേഷന്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു. അന്ന് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ബി.ആര്‍. രവീന്ദ്രന്‍ നായരാണ് (ഹാസ്യസമ്രാട്ട് അടൂര്‍ഭാസിയുടെ അനന്തരവന്‍) രചന നടത്തിയത്. പുരുഷ കഥാപാത്രമാകുവാനുള്ള വ്യക്തിയെ ലഭിച്ചുവെങ്കിലും സ്ത്രീ കഥാപാത്രമാകുവാന്‍ ആരെയും ഞങ്ങളുടെ പ്രദേശത്തുനിന്നും കിട്ടിയില്ല. എന്റെ അനിയത്തി ശോഭാ റാണി സ്‌കൂള്‍- കോളജ് കലോത്സവങ്ങളില്‍ കലാതിലകമായിരുന്ന നര്‍ത്തകിയാണ്. അതുകൊണ്ടാകാം രവീന്ദ്രന്‍ സാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ എന്നോട് നാടകത്തില്‍ അഭിനയിക്കുവാന്‍ സാധിക്കുമോ എന്നു ചോദിച്ചത്. ഒന്നും ആലോചിക്കാതെ, അഭിനയിക്കാം എന്നു ഞാന്‍ മറുപടി പറഞ്ഞു. അതായിരുന്നു തുടക്കം.


ഞാന്‍ അന്ന് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. ഭര്‍ത്താവ് കെ. സുരേന്ദ്രന്‍ അന്നു ജോലി സംബന്ധമായി കോഴിക്കോട്ടായിരുന്നു. അതിനാല്‍ വീട്ടുചുമതലകളും മക്കളുടെ കാര്യങ്ങളും എന്റെ ചുമലിലായിരുന്നു. ഇതിനിടയില്‍ ആയിരുന്നു ആദ്യാഭിനയം.

സ്‌കൂള്‍ - കോളജ് ജീവിതത്തിലൊന്നും ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടില്ല. സംഘനൃത്തത്തില്‍ നൃത്തം ചെയ്തിട്ടുണ്ട്. അതല്ലാതെ ഒരു സോളോ പെര്‍ഫോമന്‍സും ഉണ്ടായിട്ടില്ല. ഒറ്റയ്ക്കു സ്‌റ്റേജില്‍ കയറിയിട്ടുമില്ല. ഞാന്‍ ഏറ്റെടുത്ത ദൗത്യം എത്ര വലുതാണെന്നു പിന്നീടാണ് തിരിച്ചറിയുന്നത്. രണ്ടു മണിക്കൂറോളം വരുന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റും നെടുനീളന്‍ സംഭാഷണങ്ങളും പാട്ടുകളും കണ്ട് ഞാന്‍ ഞെട്ടി. എന്തായാലും സമ്മതിച്ചുപോയതല്ലേ അഭിനയിക്കാന്‍തന്നെ പിന്നീട് ഉറച്ചു.സംഭാഷണം വളരെ അധ്വാനിച്ച് മനഃപാഠമാക്കി. പുരുഷ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുണ്ട് എന്റെ കഥാപാത്രത്തിനും. സ്റ്റേജില്‍ നാടകം അരങ്ങേറിക്കഴിഞ്ഞപ്പോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ വളരെയേറെ അഭിനന്ദിച്ചു.

നാടകത്തിലെ പാട്ടുകള്‍ പാടുന്നത് ഞാനല്ല. എന്നാല്‍ പാട്ടുകള്‍ വരെ ഞാന്‍ പാടിയതാണെന്നാണ് സദസ്യര്‍ ധരിച്ചത്. റിക്കാര്‍ഡാണ് എന്നു പറഞ്ഞപ്പോള്‍ ചുണ്ടനക്കുന്നത് എങ്ങനെ ഇത്ര സ്വാഭാവികമായി എന്ന് അദ്ഭുതത്തോടെ ചോദിച്ചവരുണ്ട്. രവീന്ദ്രന്‍ സാറിന്റെ നിറഞ്ഞ അഭിനന്ദനവും എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

നാടകത്തിന്റെ വഴികാട്ടി

നാടകത്തില്‍ എന്റെ ഗുരുവായി ഞാന്‍ കാണുന്നതു രവീന്ദ്രന്‍ നായര്‍ സാറിനെത്തന്നെയാണ്. കാരണം എനിക്ക് അഭിനയിക്കുവാനുള്ള ആത്മവിശ്വാസം നല്‍കിയതുതന്നെ അദ്ദേഹത്തിന്റെ ഉറച്ച പിന്തുണയും പ്രോത്സാഹനവുമാണ്. നാടക പരിശീലന സമയത്ത് എനിക്കും സംശയമായിരുന്നു. അഭിനയിക്കുവാന്‍ കഴിയുമോയെന്ന്? സാര്‍ മറ്റ് ആരെയെങ്കിലും എടുക്കൂ എന്നൊക്കെ ഞാന്‍ ഇടയ്ക്കു പറഞ്ഞിരുന്നു. ഗിരിജയ്ക്കു കഴിയും, ശരിയാകുന്നുണ്ട് എന്നിങ്ങനെ പറഞ്ഞ് സാര്‍ പ്രോത്സാഹിപ്പിച്ചു.

സാര്‍ എന്നില്‍ ഇത്രയും വിശ്വാസം അര്‍പ്പിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍, അഭിനയം തുടരുമായിരുന്നില്ല. അതുപോലെ നാടക റിഹേഴ്‌സല്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഉപ്പളം റോഡില്‍ പ്രഫഷണല്‍ നാടക നടി താമസിക്കുവാനും എത്തിയിരുന്നു. സാറിനുവേണമെങ്കില്‍ ആ നടിയെ എനിക്കു പകരം കാസ്റ്റ് ചെയ്യാമായിരുന്നു. കാരണം, വളരെ ശക്തമായി അവതരിപ്പിക്കേണ്ട ഒരു നാടകമാണ്. യാതൊരു മുന്‍പരിചയവുമില്ലാത്ത എന്നെ അഭിനയിപ്പിച്ച് പരീക്ഷിക്കേണ്ട കാര്യവും ഇല്ല. എന്നിട്ടും രവീന്ദ്രന്‍സാര്‍ അഭിനയത്തിന്റെ ഓരോ ചുവടുവയ്പിലും എനിക്കൊപ്പം നിന്നു. നാടക നടിയായി ഞാന്‍ ഇന്നു വിജയിക്കുന്നുണ്ടെങ്കില്‍ അതു രവീന്ദ്രന്‍നായര്‍ സാര്‍ അന്ന് എനിക്കു നല്‍കിയ വിശ്വാസം ഒന്നുകൊണ്ടാണ്.

നാടകത്തിന്റെ സംവിധാനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. അവസാന റിഹേഴ്‌സല്‍ സമയത്തു പ്രശസ്ത നാടകസംവിധായകന്‍ ആര്‍.എസ്. മധു സാര്‍ വന്ന് അവസാന മിനിക്കുപണികള്‍ നടത്തിയിരുന്നു എന്നതൊഴിച്ചാല്‍ നാടകം പൂര്‍ണമായും രവീന്ദ്രന്‍സാറിന്‍േറതായിരുന്നു.

സദാരമ എന്ന ചരിത്ര കഥാപാത്രത്തിലേക്ക്?

അസോസിയേഷന്‍ നാടകം കഴിഞ്ഞ് വളരെയേറെ അഭിനന്ദനങ്ങള്‍ ലഭിച്ചുവെങ്കിലും നാടകരംഗത്ത് തുടരണമെന്ന ഒരാഗ്രഹംപോലും എനിക്കുണ്ടായിരുന്നില്ല. ഓഫീസും വീട്ടുകാര്യങ്ങളും ആയി പിന്നെയും മുന്നോട്ടുപോയി.

മലയാളത്തിന്റെ ആദ്യനാടകമായ സദാരമയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വിജെടി ഹാളില്‍ ഇതേ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. അതിലെ സദാരമ എന്ന ടൈറ്റില്‍ റോള്‍ ചെയ്യുവാന്‍ യോജിച്ച നടിയെ കിട്ടാതെ വന്നപ്പോള്‍ എന്റെ കാര്യം ആര്‍.എസ്. മധു സാര്‍ പറഞ്ഞു. അങ്ങനെ മധു സാര്‍ ഉള്‍പ്പെടെയുള്ള നാടക പ്രവര്‍ത്തകര്‍ വീട്ടിലേക്കുവരികയായിരുന്നു. സദാരമയായി ഞാന്‍ വേഷമിട്ടു. അതാണ് പുറത്തെ അരങ്ങില്‍ എന്റെ ആദ്യ നാടകം. നാടകം കഴിഞ്ഞപ്പോള്‍ ധാരാളം പേര്‍ വന്നു നല്ല വാക്കുകള്‍ പറഞ്ഞു. ടിവി സീരിയല്‍ രംഗത്തുനിന്നും ക്ഷണം ലഭിച്ചിരുന്നു. കുട്ടികളുടെ പഠനം തുടങ്ങിയ കുടുംബകാര്യങ്ങള്‍ കാരണം അതേക്കുറിച്ചു ചിന്തിച്ചില്ല.

പഥേര്‍ പാഞ്ചാലിയിലെ സര്‍വ്വ

സത്യജിത്ത് റേ ഫിലിം സൊസൈറ്റി അവതരിപ്പിച്ച പഥേര്‍ പാഞ്ചാലിയിലെ മുഖ്യ കഥാപാത്രമായ സര്‍വ്വ അവതരിപ്പിക്കുന്നതും യാദൃച്ഛികമായിട്ടാണ്. സൊസൈറ്റി അംഗമാണ് ഞാന്‍. എന്നാലും ഞാന്‍ അഭിനയിക്കും എന്ന കാര്യം അവിടെ ആര്‍ക്കും അറിയുമായിരുന്നില്ല.

കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ പല നടിമാരെയും നോക്കി. അക്കൂട്ടത്തില്‍ എന്നെയും പരീക്ഷിച്ചു എന്നുമാത്രം. നാടകത്തില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ നല്ല പ്രതികരണംതന്നെയാണു ലഭിച്ചത്.

പഥേര്‍ പാഞ്ചാലിയില്‍ ഞാന്‍ അഭിനയിച്ചതിനു ശേഷം രാജീവ് ഗോപാലകൃഷ്ണന്റെ രചനയില്‍ അരങ്ങേറിയ തമ്പി അത് നീയായിരുന്നു എന്ന നാടകത്തില്‍ ഒരു നഴ്‌സിന്റെ വേഷം ഞാന്‍ അഭിനയിച്ചിരുന്നു. പേരക്കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ അന്നു ചെന്നൈയില്‍ ആയിരുന്നു. രാജീവ് സാര്‍ ഫോണില്‍ വിളിച്ച് നാടകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സമ്മതിച്ചു. കാരണം ഒരാഴ്ചകൊണ്ട് നാടകം അഭിനയിക്കണം. കുറച്ചു ദിവസങ്ങള്‍ ഇതിനായി നീക്കിവച്ചാല്‍ മതിയല്ലോ എന്നതുകൊണ്ടാണു ഞാന്‍ തയാറായത്. രണ്ടു പുരുഷന്മാരും സ്ത്രീയായി ഞാനും മാത്രമേ നാടകത്തില്‍ ഉള്ളൂ. വേഷത്തിനു പ്രാധാന്യം ഉണ്ടെങ്കിലും അധികസമയം എന്റെ റോള്‍ ഇല്ല. എന്നാലും നഴ്‌സിന്റെ വേഷത്തിനു നല്ല അഭിപ്രായംതന്നെ കിട്ടി. ഈ അവസരത്തിലാണ് മറിയാമ്മയായി ഞാന്‍ വന്നാല്‍ എങ്ങനെയിരിക്കും എന്നു രാജീവ് സാര്‍ ഭാര്യയോടു ചോദിക്കുന്നതും എന്നെ തെരഞ്ഞെടുക്കുന്നതും.

ഇതുവരെ നേടിയ വിജയം തുടര്‍ അഭിനയത്തിനു കളം ഒരുക്കുന്നില്ലേ?

നാടകാഭിനയം എന്റെ വലിയ പാഷനാണ്. പക്ഷേ, അതൊരു പ്രഫഷനാക്കുന്നില്ല. കുടുംബകാര്യങ്ങള്‍ക്കിടയില്‍ മറ്റൊന്നിനും സമയം കിട്ടാറില്ല.

മറിയാമ്മയെപ്പോലെ വളരെ നല്ല റോളുകള്‍ കിട്ടുന്നെങ്കില്‍ മാത്രമേ അഭിനയിക്കുകയുള്ളു. മുഴുവന്‍ സമയവും നാടകത്തിനായി മാറ്റിവയ്ക്കുവാന്‍ ഉള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് അത്. ഭാഗ്യവശാല്‍ ഇതുവരെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചത്.

മുമ്പും സിനിമയില്‍നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ട്. അഭിനയസാധ്യതയുള്ള നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കാം എന്നു കരുതുന്നു.

എസ്. മഞ്ജുളാദേവി