ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഭാരതപൗരന് ഏതു മതവിശ്വാസവും വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും ഇവിടെ അടുത്തകാലത്ത് മതത്തിന്റെ പേരിലുള്ള ഏറ്റുമുട്ടൽ കണ്ടു തുടങ്ങിയിരിക്കുന്നു.ഭാരതത്തിന്റെ യശസ്സിലെ സുവർണ മുദ്രയാണ് മതസൗഹാർദ്ദം.
ലോകചരിത്രം പരിശോധിച്ചാൽ മതവൈരം മൂലമുണ്ടായ യുദ്ധങ്ങളും കൊലപാതകങ്ങളും ഏറെയുണ്ട്. ഞങ്ങളുടെ മതം മാത്രമാണ് ശരി എന്ന് ഏവരും പ്രവൃത്തിയിൽ കൊണ്ടുവന്നാൽ ലോകത്ത് മനുഷ്യവർഗം ബാക്കിവരില്ല. മതസ്പർദ്ധയുടെ ഫലമായിരുന്നു സ്പെയിനും തുർക്കിയും തമ്മിലുണ്ടായ കുരിശുയുദ്ധം.
ഹിറ്റ്ലറുടെ ജർമ്മനിയിൽ, നാസിത്തടവുകളിൽ യഹൂദ വംശത്തെ കൂട്ടക്കൊല ചെയ്തത് ജാതിസ്പർദ്ധയുടെ ഫലമായാണ്. ഇപ്പോൾ ഐ.എസ് എന്ന ഭീകരസംഘടനയും മതത്തിന്റെ പേരിലാണ് നിരപരാധികളെ കൊന്നൊടുക്കുന്നത്.
മതസഹിഷ്ണുത ഉള്ളവരാണ് ഭാരതീയർ. ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന ബ്രിട്ടന്റെ നയമാണ് ഇന്ത്യയിലെ മതമൈത്രി തകർത്തത്. അത് ഇന്നും തുടരുന്നു. മതസാഹോദര്യം രാഷ്ട്രപുരോഗതിക്ക് കൂടിയേ തീരൂ. മതവൈരം കലാപത്തിനും കൂട്ടക്കൊലയ്ക്കും കാരണമാകുന്നു. ഗ്രാമനഗരങ്ങൾ നശിക്കുന്നു. മനുഷ്യനാശവും ദേശനാശവും ഏത് രാഷ്ട്രത്തെയും ദുർബലപ്പെടുത്തും. കാരണം, രാഷ്ട്രപുരോഗതിക്ക് മനുഷ്യശക്തി ആവശ്യമുണ്ട്.
കലാപം ഒഴിവാക്കി സമാധാനം സ്ഥാപിക്കാൻ സൈന്യശക്തിയും പണച്ചെലവും വേണ്ടിവരുന്നു. പുനരുദ്ധാരണത്തിനുംവേണം വൻതുക. ദേശീയവികസനത്തിന് ഉപയോഗിക്കാമായിരുന്ന സംഖ്യയാണ് ഇങ്ങനെ ചെലവായിപ്പോകുന്നത്.
മതസൗഹാർദ്ദം ദേശീയഭദ്രതയ്ക്ക് ആവശ്യമാണ്. ചരിത്രത്തെ പാഠമാക്കിയാൽ, ദേശീയഭദ്രതയ്ക്ക് മതസാഹോദര്യം ആവശ്യമാണെന്ന് ബോധ്യമാകും. ദേശീയോദ്ഗ്രഥനം ഇല്ലാതായാൽ രാജ്യശക്തി ക്ഷയിക്കുകയും ചെയ്യും.
മതസൗഹാർദ്ദം വിദ്യാർഥി മനസുകളിൽ വേരൂന്നേണ്ടത് ആവശ്യമാണ്. പുതിയ ദേശീയവിദ്യാഭ്യാസനയം ഒരു മതത്തെയും താഴ്ത്തിക്കെട്ടാതെ, സമഭാവത്തിൽ എല്ലാ മതങ്ങളുടെയും അന്തസ്സത്ത ഉൾക്കൊള്ളുന്ന പാഠങ്ങൾ എല്ലാ ജാതിമതസ്ഥരും വിദ്യാലയങ്ങളിൽ പഠിക്കുന്നു. അവർ വളരുന്ന കാലത്ത് മതസ്നേഹം ഇവിടെ പ്രതീക്ഷിക്കും. മതങ്ങളുടെ പേരിൽ മനുഷ്യനെ വേർതിരിച്ചു കാണാൻ ഇന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല.
‘അഭിപ്രായം’ എന്നാണ് മതം എന്ന പദത്തിന് അർത്ഥം. വിശ്വാസത്തിൽ മാത്രമാണ് വ്യത്യാസമെന്നും എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നാണെന്നും എല്ലാ മതാധികാരികളും പഠിപ്പിക്കണം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണഗുരുവിന്റെ ആപ്തവാക്യം എല്ലാവരും ജീവിതത്തിൽ പകർത്തേണ്ടത് മനുഷ്യനന്മയ്ക്ക് ആവശ്യമാണ്.
ഉണ്ണി അമ്മയന്പലം