ഭയരഹിതമായി ജീവിക്കുന്ന അവസ്ഥയാണ് സുരക്ഷിതത്വം. വേർതിരിവുകളില്ലാതെ ഒരുമിച്ച് കഴിയാനാകണം. സ്ത്രീപുരുഷസമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനു മാത്രമേ സുരക്ഷിതത്വം നൽകുവാൻ കഴിയുകയുളളു. നിരവധി പ്രതിസന്ധികൾ നേരിടുന്ന സാമൂഹിക ചുറ്റുപാടിലാണ് സ്ത്രീകൾ ജീവിക്കുന്നത്.
ജോലിസ്ഥലങ്ങളിൽ, പൊതു ഇടങ്ങളിൽ, ആതുരാലയങ്ങളിൽ, ആത്മീയ കേന്ദ്രങ്ങളിൽ, പൊതുവാഹനങ്ങളിൽ, എന്തിന് ഏറ്റവും സുരക്ഷിതം എന്ന് വിശേഷിപ്പിക്കുന്ന സ്വന്തം വീടുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല.
കഴിഞ്ഞ പത്തു വർഷത്തെ കണക്കുകളിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമം നാല് ഇരട്ടിയായി വർദ്ധിച്ചുവെന്ന് വനിതാ കമ്മീഷൻ റിപ്പോർട്ട് ചെയ്യുന്നു. നമ്മുടെ സ്ത്രീകൾ സാക്ഷരതയിൽ മുൻപന്തിയിലാണ്. എന്നാൽ ഇന്നും ശാരീരികമായും സാന്പത്തികമായും മാനസികമായും സ്ത്രീകൾ ചൂഷണത്തിനിരയാകുന്നുണ്ട്. സ്ത്രീസുരക്ഷിതത്വമില്ലായ്മ ഒരു ആഗോള പ്രശ്നമായി മാറിക്കഴിഞ്ഞു. ഇത് നമ്മുടെ കേരളത്തിലും വർധിച്ചുകൊണ്ടിരിക്കുന്നു.
ഉയർന്ന വിദ്യാഭ്യാസം നേടുന്ന പെണ്കുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കുവാനുള്ള ശക്തിപോലും നഷ്ടപ്പെട്ടുപോകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ 14-ാം വകുപ്പ് സമത്വത്തിനുള്ള അവകാശമാണ് വിളിച്ചറിയിക്കുന്നത്. 15-ാം വകുപ്പ് സ്ത്രീസ്വാതന്ത്ര്യവും സമത്വവും ഉൗട്ടി ഉറപ്പിക്കുന്നു.
നിയമത്തിനു മുന്പിൽ സമത്വം, തുല്യജോലിക്ക് തുല്യവേതനം, അവസര സമത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയും ഭരണഘടന ഉറപ്പു നൽകുന്നു. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനു വേണ്ടി ധാരാളം പ്രത്യേക നിയമങ്ങളും ഇന്ത്യയിൽ നിലവിലുണ്ട്. സ്ത്രീധനസന്പ്രദായത്തിന് അറുതി വരുത്തുവാൻ 1961-ൽ ‘സ്ത്രീധന നിരോധന നിയമം’ നിലവിൽ വന്നു.
എന്നാൽ വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇന്ത്യയിൽ ഇപ്പോഴും സ്ത്രീധന സന്പ്രദായം അതിശക്തമാണ്.
നിയമവാഴ്ചയുടെ ദുർബലാവസ്ഥ സമൂഹത്തെ നശിപ്പിക്കും. അതിനാൽ കൂടുതൽ കാർക്കശ്യമുള്ള നിയമങ്ങൾ ഉൾപ്പെടുത്തിയും, പ്രത്യേക വനിതാകോടതികൾ സ്ഥാപിച്ചും നീതിന്യായ വ്യവസ്ഥിതി വിപുലപ്പെടുത്തണം. ശാസ്ത്രീയമായ കുറ്റാന്വേഷണവും വേഗത്തിലുള്ള വിചാരണയും നീതി നടപ്പാക്കുന്നതിനുള്ള കർത്തവ്യബോധവും സുതാര്യതയും തർക്കപരിഹാരങ്ങളിൽ ഉണ്ടാകണം. നീതിക്കുവേണ്ടി പോരാടുവാനും അവകാശങ്ങൾ സംരക്ഷിക്കുവാനും സ്ത്രീസുരക്ഷ ഉറപ്പാക്കുവാനും ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെപ്പറ്റിയും സംരക്ഷണങ്ങളെപ്പറ്റിയും സ്ത്രീകൾ ബോധവതികളാകണം.
സ്ത്രീസമൂഹം അനുഭവിക്കുന്ന വിവേചനവും പീഡനങ്ങളും കുറയ്ക്കുവാനും സമൂഹത്തിൽ സ്ത്രീകളുടെ പദവിയും സുരക്ഷയും ഉറപ്പാക്കുവാനും സ്ത്രീനീതിയെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും ബോധ്യം ഉണ്ടാക്കുവാനും സാധിക്കണം. നിലവിലുള്ള പൊതുപരാതി പരിഹാര സംവിധാനങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്പോൾ സ്ത്രീസുരക്ഷ യാഥാർത്ഥ്യമാകും.
ഉണ്ണി അമ്മയന്പലം