ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഉൗർജ പ്രതിസന്ധി. അമിതമായ ഉപയോഗം മൂലം ഉൗർജ്ജസ്രോതസ്സുകൾ നാൾക്കുനാൾ ക്ഷയിച്ചുവരുന്നു. ഉൗർജത്തിന്റെ ഉത്പ്പാദനവും ഉപയോഗവും തമ്മിലുള്ള വിടവ് വർധിച്ചുകൊണ്ടിരിക്കുന്നു. ഇതിനു പരിഹാരമായി പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് എങ്ങനെ ഉൗർജസംരക്ഷണത്തിന്റെ ഭാഗമാകാം എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
വീട്ടിലെ കാര്യം തന്നെ എടുക്കാം. ഉദാഹരണത്തിന് ഒരു മുറിയിൽ നിന്ന് അടുത്ത് മുറിയിലേക്കു പോകുന്പോൾ ലൈറ്റും ഫാനും ഓഫാക്കുന്നതു വഴി വൈദ്യുതി നഷ്ടം ഒഴിവാക്കാം. ഇനി മറ്റൊന്ന്, ഉപയോഗശേഷം പൈപ്പുകൾ നന്നായി അടച്ച് വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പു വരുത്താം. ഇന്ത്യ സ്വാതന്ത്ര്യം നേടുന്പോൾ രാജ്യത്തെ മിക്ക വീടുകളിലും വൈദ്യുതി എത്തിയിരുന്നില്ല. ഇരുട്ടിനെ അകറ്റാൻ അന്ന് നാം ആശ്രയിച്ചിരുന്നത് എണ്ണ വിളക്കുകളെയും റാന്തൽ വിളക്കുകളെയുമായിരുന്നു.
മിക്ക വീടുകളിലും സൂര്യാസ്തമയത്തോടെ ജോലികൾ പൂർത്തിയാക്കി വളരെ നേരത്തെ വിളക്കണയ്ക്കുന്ന രീതിയായിരുന്നു അന്ന്. കാരണം വളരെ കുറച്ച് ആളുകൾക്കു മാത്രമെ റാന്തൽ വിളക്കിനു വേണ്ട മണ്ണെണ്ണ വാങ്ങാനുള്ള ശേഷി ഉണ്ടായിരുന്നുള്ളു. വഴിയാത്രക്കാർക്ക് പ്രകാശമായും രാത്രി വൈകി വീട്ടിലെത്തുന്നവർക്കുള്ള വഴികാട്ടിയായും എണ്ണവിളക്ക് വീടുകളുടെ ഉമ്മറങ്ങളിൽ തെളിഞ്ഞിരുന്നു.
വർഷങ്ങൾ ഒരുപാടു കടന്നുപോയി. ഇന്ന് തെരുവുവിളക്കിന്റെ പ്രകാശത്തിലിരുന്ന് പഠിക്കുന്ന ഒരു കുട്ടിയെ ആരെങ്കിലും കണ്ടാൽ അത് ഒരു അപൂർവ അനുഭവമായിരിക്കും. ഇന്ന് മിക്ക ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കഴിഞ്ഞു. ഉൗർജ ആവശ്യങ്ങൾക്കുവേണ്ടി സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആദ്യ പതിറ്റാണ്ടുകളിൽ ജല, താപനിലയങ്ങളാണ് സ്ഥാപിക്കപ്പെട്ടത്.
ഇന്നാകട്ടെ ഇന്ത്യ പെട്രോളിയം, പ്രകൃതി വാതകം എന്നിവ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും ലഭ്യതയും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പലപ്പോഴും ഇന്ത്യയിൽ പണപ്പെരുപ്പത്തിനും ഇത് ഇടയാക്കുന്നു. ഇതേത്തുടർന്നാണ് നയരൂപീകരണ വിദഗ്ധർ പാരന്പര്യ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചും പകരം പാരന്പര്യേതര ഉൗർജം ഉപയോഗിക്കുന്നതിനെ കുറിച്ചും ആലോചിച്ചു തുടങ്ങിയത്.
രാജ്യത്തെ വൻ തോറിയം ശേഖരം ഉപയോഗിച്ച് ആണവ ഉൗർജം ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യതകളാണ് ആദ്യം ചിന്തിച്ചത്. എന്നാൽ അന്താരാഷ്ട്ര ഇടപെടലിനെയും എതിർപ്പുകളെയും തുടർന്ന് ഇന്ത്യയുടെ ആണവ ഉൗർജ പദ്ധതി വർഷങ്ങളോളം മരവിച്ച് നിൽക്കുകയുണ്ടായി.
പാരന്പര്യേതര ഉൗർജ സ്രോതസ്സുകളായ സൂര്യപ്രകാശം, കാറ്റ്, ജൈവപാഴ് വസ്തുക്കൾ എന്നിവയിൽ നിന്ന് ഉൗർജം ഉത്പാദിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇപ്പോൾ നവീന പുനഃചംക്രമണ ഉൗർജ മന്ത്രാലയം എന്ന പേരിൽ പ്രത്യേക മന്ത്രാലയം തന്നെ രൂപീകരിച്ചിരിക്കുകയാണ്. പാരന്പര്യേതരസ്രോതസ്സുകളിൽ നിന്നുള്ള ഉൗർജ ഉത്പാദന പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും ഈ മന്ത്രാലയത്തിന്റെ ചുമതലയാണ്.
കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും നാം ഉൗർജം ഉത്പാദിപ്പിക്കുന്നുണ്ട്. ഗ്രാമങ്ങളിൽ പാഴ് വസ്തുക്കളിൽ നിന്ന് ഉൗർജം ലഭ്യമാക്കുന്നു. ഈ പദ്ധതികൾ ഇനിയും വളരെ കൂടുതൽ മുന്നേറാനുണ്ട്. എങ്കിൽ മാത്രമെ നമുക്ക് ജലവൈദ്യുത പദ്ധതികളിൽ നിന്നും കൽക്കരിയിൽ നിന്നുമുള്ള ഉൗർജത്തിനു പകരം ഇത് പുനഃസ്ഥാപിക്കാൻ സാധിക്കൂ.
ഇന്ത്യയുടെ 59-ാം സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾകലാം പറഞ്ഞു, “ ഉൗർജ സുരക്ഷ എന്നാൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ജീവനോപാധിയായ ഉൗർജം മുടക്കമില്ലാതെ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ്.’’ ഇത് മുന്നോട്ടുള്ള ചുവടുവയ്പ്പിന് അനിവാര്യമാണ്. നമ്മുടെ യഥാർഥ ലക്ഷ്യം ഉൗർജ സ്വാതന്ത്ര്യമാണ്, അഥവാ എണ്ണ, പ്രകൃതി വാതകം, കൽക്കരി തുടങ്ങിയവയുടെ ഇറക്കുമതിയിൽ നിന്നു മുക്തമായ ഒരു സന്പദ് വ്യവസ്ഥയാണ്.
ഉൗർജ സുരക്ഷയും ഊർജ സ്വാതന്ത്ര്യവും കൈവരിക്കുന്നതിനായി നമ്മുടെ നയരൂപീകരണ വിദഗ്ധർ അത്യധ്വാനം ചെയ്യുന്പോൾ പൗരന്മാർ എന്ന നിലയിൽ ഈ ഉൗർജം കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് നമുക്ക് ചുമതലയുണ്ട്. അതിനായി ഉൗർജക്ഷമതയുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാകണം. ഉൗർജം പാഴാകുന്നില്ല എന്ന് ഉറപ്പാക്കണം.
ലൈറ്റുകൾക്കും എയർകണ്ടീഷണറുകൾക്കും പകരമായി സൂര്യപ്രകാശവും പ്രകൃതിയുടെ വെളിച്ചവും ശുദ്ധമായ വായുവും കൂടുതലായി ഉപയോഗിക്കാൻ നമുക്ക് കുട്ടികളെ പരിശീലിപ്പിക്കാം. നല്ല നാളേയ്ക്കായി, ഉൗർജം ലാഭിച്ചുകൊണ്ടുള്ള ഈ ചെറിയ ചുവടുവയ്പുകൾക്ക് ദീർഘദൂരം പോകാനാകും, ഒപ്പം ‘എല്ലാവർക്കും ഉൗർജം’ എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും സാധിക്കും.
ഉണ്ണി അമ്മയന്പലം